UAE
ദുബൈ; നോൾ യാത്രാകാർഡ് അൽ അൻസാരി എക്‌സ്‌ചേഞ്ച് വഴിയും
പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം
ദുബൈ|ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും ഇനി തിരഞ്ഞെടുക്കപ്പെട്ട അൽ അൻസാരി എക്‌സ്‌ചേഞ്ച് ശാഖകളിൽ നിന്നും നേരിട്ട് “നോൾ’ കാർഡുകൾ സ്വന്തമാക്കാം. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, അൽ അൻസാരി എക്‌സ്‌ചേഞ്ച്, എം ഡി എക്‌സ് ടെക്‌നോളജി സൊല്യൂഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനത്തിന് തുടക്കം കുറിച്ചത്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് നോൾ കാർഡ് വാങ്ങാനുള്ള കേന്ദ്രങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു. ദുബൈ മെട്രോ, ട്രാം, പൊതു ബസുകൾ, വാട്ടർ ടാക്‌സി ഉൾപ്പെടെയുള്ള ജലഗതാഗത മാർഗങ്ങൾ, പെയ്ഡ് പാർക്കിംഗ് എന്നിവയിലെല്ലാം ക്യാഷ്്ലെസ് പണമിടപാടുകൾക്കായി നോൾ കാർഡ് ഉപയോഗിക്കാം.
കൂടാതെ യു എ ഇയിലെ 14,000 ലേറെ വ്യാപാര സ്ഥാപനങ്ങളിലും നോൾ കാർഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമുണ്ട്. നോൾ പേ ആപ്ലിക്കേഷൻ വഴി ഇരുന്നൂറിലധികം മികച്ച ഓഫറുകളും ഇളവുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. കാർഡ് വിതരണ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് പൊതുഗതാഗത സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ആർ ടി എ ഓട്ടോമേറ്റഡ് കലക്ഷൻ സിസ്റ്റംസ് ഡയറക്ടർ മുസഅദ് ഇബ്്റാഹിം അൽ ഹമ്മാദി പറഞ്ഞു.
Content Highlights:
Dubai RTA has partnered with Al Ansari Exchange and MDX Technology Solutions to distribute Nol cards at selected exchange branches. Passengers can use Nol cards for Dubai metro, trams, buses, water taxis, and paid parking. The card is also accepted across over 14,000 retail outlets in the UAE.


