Connect with us

Kuwait

കുവൈത്തിൽ മലയാളികൾ കൂടുതലുള്ളിടത്ത് പരിശോധന; അനധികൃത സ്ഥാപനങ്ങൾ അടപ്പിച്ചു,147 പേർ പിടിയിൽ

ജലീബ് അൽ ശുവൈഖ് പ്രദേശത്താണ് മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശോധന നടത്തിയത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിൽ മലയാളികൾ എറ്റവും കൂടുതൽ താമസിക്കുന്ന ജലീബ് അൽ ശുവൈഖ് പ്രദേശത്ത് കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ പരിശോധന നടത്തി. പഴുതടച്ചുള്ള പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച അനവധി സ്ഥാപനങ്ങൾ പൂട്ടിക്കുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 147 പേർ പിടിയിലാവുകയും ചെയ്തു.
വീടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത ഹോട്ടലുകളും ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളും ഗോഡൗണുകളും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഉൾപ്പെടും. മനുഷ്യ ജീവന് അപകടമാം വിധം വൃത്തിഹീനമായ സാഹചര്യത്തിലാണ് ലൈസൻസ് പോലുമില്ലാത്ത ഹോട്ടലുകളും മറ്റും പ്രവർത്തിച്ചിരുന്നത്. ജലീബ് പ്രദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും വേറിട്ട് പരിശോധനകൾ നടത്തുന്നതിന് പകരം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം ഇതിനെല്ലാം മന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടാകും.

കഴിഞ്ഞ വർഷം മംഗഫിൽ ഉണ്ടായ തീപ്പിടിത്തത്തോടനുബന്ധിച്ച് പ്രദേശത്തെ മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഒരിടവേളക്ക് ശേഷം പരിശോധനയിൽ അയവ് വന്നതോടെ പല കെട്ടിടങ്ങളിലും പഴയപോലെ വീണ്ടും തീപ്പിടിത്തത്തിന് വരെ കാരണമാകുന്ന അപകടകരമായ വസ്തുക്കൾ സൂക്ഷിച്ചുവരുന്നതായി താമസക്കാരിൽ നിന്ന് പരാതിയും ഉയരുന്നുണ്ട്. ഇങ്ങനെയുള്ള കെട്ടിടങ്ങളിലെ താമസക്കാർ സംഘടിച്ചുകൊണ്ട് അധികൃതർക്ക് പരാതി നൽകുകയാണെങ്കിൽ ഉടൻ തന്നെ നടപടി ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. വേനൽക്കാലം ആസന്നമായതോടെ കെട്ടിടങ്ങളിൽ തീപ്പിടിത്തത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഓരോ കെട്ടിടങ്ങളിലെയും അനധികൃത പ്രവർത്തനങ്ങൾക്കെതിരെ താമസക്കാർ സംഘടിതമായി മുന്നിട്ടിറങ്ങുകയെന്നത് മാത്രമാണ് പരിഹാരം. നിയമവിരുദ്ധമായ ഒരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
---- facebook comment plugin here -----

Latest