Connect with us

Kerala

ഐ എന്‍ എല്‍ : സി പി എം നിലപാട് നിര്‍ണായകം

Published

|

Last Updated

കോഴിക്കോട് | ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ സി പി എം നിലപാട് നിര്‍ണായകം. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് അവകാശവാദമുന്നയിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഏത് വിഭാഗത്തെ പിന്തുണക്കണമെന്നത് സംബന്ധിച്ച് സി പി എമ്മിന് പെട്ടെന്ന് തന്നെ തീരുമാനം എടുക്കേണ്ടി വരും. വഹാബ് പക്ഷം ഇന്നലെ തിരുവനന്തപുരത്ത് എല്‍ ഡി എഫ് നേതാക്കളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അഖിലേന്ത്യാ കമ്മിറ്റി അംഗീകരിക്കുന്ന ഔദ്യോഗിക പക്ഷം തങ്ങളുടെതാണെന്നാണ് കാസിം ഇരിക്കൂറിന്റെ നിലപാട്.

മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന നേതൃ യോഗത്തിന് ശേഷം വഹാബ്-കാസിം വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുകയും രണ്ടു വിഭാഗങ്ങളും സമാന്തര കമ്മിറ്റികള്‍ രൂപവത്കരിച്ച് പരസ്പരം പിരിച്ചുവിടുകയും ചെയ്തിരുന്നു. യോജിച്ചു പോകണമെന്നും അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തു പോകേണ്ട സാഹചര്യം ഉരുത്തിരിയുമെന്നും എല്‍ ഡി എഫ് മുന്നറിയിപ്പ് നല്‍കി. വിവിധ ഘട്ടങ്ങളിലായി നടന്ന മധ്യസ്ഥ ശ്രമത്തില്‍ അവസാനം കാസിം-വഹാബ് പക്ഷങ്ങള്‍ ഒന്നിച്ചു. ഒത്തുതീര്‍പ്പ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും അഞ്ചു പേരെ വീതം ചേര്‍ത്ത് സമിതിയും രൂപവത്കരിച്ചു. ഈ സമിതിയുടെ യോഗം ഒരു തവണ മാത്രമേ ചേര്‍ന്നുള്ളൂ. പ്രത്യക്ഷത്തില്‍ ഇരു വിഭാഗവും യോജിച്ചെങ്കിലും വിഭാഗീയതയുടെ കനല്‍ അടങ്ങിയില്ല. ജില്ലാ കമ്മിറ്റികള്‍ക്കുള്ളിലും പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടി.

ഇതിനിടക്കാണ് ഒരു ചെയര്‍മാന്‍ സ്ഥാനമടക്കം ഏഴ് ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഐ എന്‍ എല്ലിന് ലഭിച്ചത്. ഈ സ്ഥാനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഏകീകൃത തീരുമാനമെടുക്കാനും കഴിഞ്ഞില്ല. ബോര്‍ഡ് -കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികളുടെ ലിസ്റ്റ് കാസിം-വഹാബ് പക്ഷങ്ങള്‍ വെവ്വേറെ സമര്‍പ്പിച്ചെങ്കിലും സി പി എം അംഗീകരിച്ചില്ല. യോജിച്ചുള്ള ലിസ്റ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്നായിരുന്നു നിലപാട്. വഹാബ് വിഭാഗത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തി പുതിയ കമ്മിറ്റി നിലവില്‍ വരുന്നതോടെ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളിലടക്കം സംസ്ഥാന കമ്മിറ്റിയില്‍ ഏകീകൃത തീരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് കാസിം പക്ഷത്തിനുള്ളത്. എന്നാല്‍, പി ടി എ റഹീമിനേയും മറ്റും യോജിപ്പിച്ച് മറ്റൊരു പ്രതിരോധ നിര സൃഷ്ടിക്കാനായിരിക്കും വഹാബ് പക്ഷത്തിന്റെ നീക്കം.

അതേസമയം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ഇന്ന് കൂടിയാലോചന നടത്തുമെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. എല്‍ ഡി എഫ് നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയ ശേഷം തിരികെ കോഴിക്കോട്ടെത്തിയ വഹാബിനേയും സംസ്ഥാന സെക്രട്ടറി സി പി നാസര്‍ കോയ തങ്ങള്‍, സെക്രട്ടേറിയറ്റംഗം എന്‍ കെ അബ്ദുല്‍ അസീസ് എന്നിവര്‍ക്കും പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

ഇന്നലെ നടന്ന അഖിലേന്ത്യാ നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് പി സി കുര്യാല്‍, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ദേവര്‍ കോവില്‍, മുസമ്മില്‍ ഹുസൈന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 41 അംഗങ്ങള്‍ സംബന്ധിച്ചു. കേരളത്തില്‍നിന്ന് കെ എസ് ഫക്രുദ്ദീന്‍, ഡോ. എ എ അമീന്‍, കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, എം എം മാഹീന്‍, എം എ ലത്തീഫ്, സി പി അന്‍വര്‍ സാദാത്ത്, എസ് എം ബഷീര്‍, കുഞ്ഞാവൂട്ടി ഖാദര്‍ (യു എ ഇ) തുടങ്ങിയവരാണ് പങ്കെടുത്തത്.

 

Latest