International
ഇന്തോനേഷ്യയിലെ കാട്ടുതീ പ്രതിസന്ധി: സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം
കാട്ടുതീയുമായി ബന്ധപ്പെട്ട് അഞ്ച് വയസ്സില്‍ താഴെയുള്ള 60,000 കുട്ടികളടക്കം 2,77,000ത്തിലധികം പേര്‍ക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
ജക്കാര്‍ത്ത | ഇന്തോനേഷ്യയിലെ കാട്ടുതീ പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകള്‍ രോഗബാധിതരാകാന്‍ കാരണമായ വിഷപ്പുകക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ജൂലൈ മുതല്‍ ബോര്‍ണിയോ, സുമാത്ര ദ്വീപുകളിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ ആഞ്ഞടിക്കുകയാണ്. കാട്ടുതീയെത്തുടര്‍ന്നുണ്ടായ പുക അയല്‍രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, തിമോര്‍ ലെസ്റ്റെ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. കാട്ടുതീയുമായി ബന്ധപ്പെട്ട് അഞ്ച് വയസ്സില്‍ താഴെയുള്ള 60,000 കുട്ടികളടക്കം 2,77,000ത്തിലധികം പേര്‍ക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ഭരണകാലത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടിയില്ലായ്മയെ ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്നും ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നു. വനനശീകരണം നിരീക്ഷിക്കുന്ന നുസന്താര അറ്റ്ലസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2026 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.9 ദശലക്ഷം ഏക്കര്‍ ഭൂമി കാട്ടുതീയില്‍ കത്തിനശിച്ചു.
അനിയന്ത്രിതമായ കാട്ടുതീ വംശനാശഭീഷണി നേരിടുന്ന ഒറാങ്ങുട്ടാനുകളുടെ ആവാസവ്യവസ്ഥക്കും ഭീഷണിയായതിനാല്‍ ഓഗസ്റ്റ് മുതല്‍ കലിമന്താനിലെ വിവിധയിടങ്ങളില്‍ നിന്ന് ഡസന്‍ കണക്കിന് ഒറാങ്ങുട്ടാനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.





