International
കിഴക്കന്‍ ഫ്രാന്‍സില്‍ യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം
ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സില്‍ നിന്നുള്ള പൈലറ്റും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
പാരീസ് | കിഴക്കന്‍ ഫ്രാന്‍സില്‍ യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി ഫ്രഞ്ച് സായുധ സേനാ മന്ത്രാലയം. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് മിറാഷ് 2000 ഡി യുദ്ധവിമാനം തകര്‍ന്നത്.
ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്പേസ് ഫോഴ്സില്‍ നിന്നുള്ള പൈലറ്റും വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തങ്കിലും രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നാന്‍സി നഗരത്തിനടുത്തെ റോഗ്വില്ലിന് സമീപമാണ് അപകടം നടന്നത്. വിമാനം തകര്‍ന്ന വനപ്രദേശത്ത് രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥനായ യെവ്സ് സെഗുയി മാധ്യമങ്ങളോട് പറഞ്ഞു.
അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസര്‍ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ഒരു യുവ പൈലറ്റിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എയര്‍ ബേസ് കമാന്‍ഡന്റ് കേണല്‍ ലുഡോവിക് ഹംബെര്‍ട്ട് അറിയിച്ചു. രാത്രികാല പരിശീലന ദൗത്യം കഴിഞ്ഞ് എയര്‍ ബേസിലേക്ക് മടങ്ങുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. പരമ്പരാഗത വ്യോമ ദൗത്യങ്ങള്‍ക്കും സൈനിക ശക്തി പ്രകടിപ്പിക്കുന്നതിനായും ഉപയോഗിക്കുന്ന കരയിലെ ആക്രമണ ദൗത്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുദ്ധവിമാനമാണ് മിറാഷ് 2000ഡി.





