International
കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു
കൊല്ലപ്പെട്ടത് ലഹരി ഇടപാടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തിയെന്ന് പോലീസ്.
ഒട്ടാവ | കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു. സറേ നഗരത്തിലെ സള്ളിവന്‍ ഹൈറ്റ്സിലുള്ള ടൗണ്‍ഹൗസ് കോംപ്ലക്‌സിലാണ് സംഭവം. പഞ്ചാബില്‍ നിന്നുള്ള ജസ്മാണ്‍ സെഖോണ്‍ എന്ന 27-കാരനാണ് മരിച്ചത്.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ് ജസ്‌മോണ്‍ സെഖോണ്‍. ആസൂത്രിത കൊലപാതകമാണെന്നാണ് കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം സൂചന നല്‍കുന്നത്.
എസ് യു വി കാറില്‍ എത്തിയ സംഘം ജസ്മാനെ പിന്തുടരുകയും ഇതിനിടെ, രണ്ടുപേര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.





