Ongoing News
ഔട്ട്സോഴ്സിംഗ് കരാര്‍ പുതിയ ഏജന്‍സിക്ക് കൈമാറുന്നു; യു എ ഇയില്‍ അഞ്ച് ദിവസം അടിയന്തര ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വീസുകള്‍ മാത്രം
താത്കാലിക ക്രമീകരണം ജൂണ്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍.
അബൂദബി | യു എ ഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ മുഖേനയുള്ള പാസ്‌പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് കരാര്‍ പുതിയ ഏജന്‍സിക്ക് കൈമാറുന്ന പശ്ചാത്തലത്തില്‍, ജൂണ്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ അടിയന്തര സര്‍വീസുകള്‍ മാത്രമായിരിക്കും ലഭ്യമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആണ് ജൂലൈ ഒന്ന് മുതല്‍ യു എ ഇയിലുടനീളമുള്ള പുതിയ ഔദ്യോഗിക സേവന ദാതാക്കളായി ചുമതലയേല്‍ക്കുന്നത്. ഇതിന്റെ ഭാഗമായാണ് താത്കാലിക ക്രമീകരണം.
നിലവില്‍ ഈ സേവനങ്ങള്‍ നല്‍കിവരുന്ന ബി എല്‍ എസ് ഇന്റര്‍നാഷണല്‍, എസ് ജി ഐ വി എസ് ഗ്ലോബല്‍ എന്നിവര്‍ ജൂണ്‍ 25 വ്യാഴാഴ്ച പ്രവൃത്തി സമയത്തിന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ഈ കാലയളവില്‍ അടിയന്തരമായി പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ കോണ്‍സുലേറ്റ് ജനറലിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
അടിയന്തര ആവശ്യങ്ങള്‍ക്കായി 800 എന്ന ടോള്‍ ഫ്രീ നമ്പറിലോ, +971 54 309 0571 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, pbsk.dubai@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ ഒന്ന് മുതലുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടന്‍ തന്നെ സജ്ജമാക്കും. ഏഴ് എമിറേറ്റുകളിലായി 16 പ്രത്യേക കേന്ദ്രങ്ങള്‍ അല്‍ ഹിന്ദ് ആരംഭിക്കും.
Content Highlights:
The Indian Embassy and Consulate in the UAE will offer only emergency consular services for five days during a service transition. The regular passport and visa applications through BLS International and SGIVS Global will stop on June 25 2026. Alhind Tours and Travels LLC will officially take over the outsourced operations starting from July 1 2026.







