Connect with us

International

ഇന്ത്യ- യു എ ഇ- ഫ്രാൻസ് ത്രിരാഷ്ട്ര വേദി പ്രതിരോധ- ആണവോർജ മേഖലയിൽ ഒന്നിക്കും

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കും

Published

|

Last Updated

ന്യൂയോർക്ക് | നിർണായക മേഖലകളിൽ ത്രിരാഷ്ട്ര സഹകരണ സംരംഭത്തിനൊരുങ്ങി ഇന്ത്യയും യു എ ഇയും ഫ്രാൻസും. സൗരോർജം, ആണവോർജം, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധാവശ്യത്തിനുള്ള ആയുധങ്ങൾ തുടങ്ങിയ മേഖലകളിലാണ് മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുക.

പ്രതിരോധ മേഖലയിലെ സഹകരണം സായുധ സേനകൾക്കിടയിൽ കൂടുതൽ പരിശീലനത്തിനുള്ള വഴി തുറക്കുമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 19ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ ഇന്ത്യ, യു എ ഇ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാരായ എസ് ജെയ്ശങ്കർ, ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ, കാതറിൻ കൊളോന എന്നിവർ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയിരുന്നു. ഇന്നലെ മൂവരും ചേർന്നുള്ള ഫോൺ സംഭാഷണത്തിലാണ് സംരംഭം നടപ്പാക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് അടുത്ത വർഷം ആതിഥ്യം വഹിക്കുന്നത് യു എ ഇയാണ്. കൂടാതെ ജി20 അധ്യക്ഷ പദവി കൂടി ഇന്ത്യക്ക് ലഭിച്ച സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്തോ- പസഫികിലും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പകർച്ചവ്യാധി ഭീഷണി ചെറുക്കുക, ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണം ദൃഢമാക്കുക, അക്കാദമിക്- ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം എന്നിവയും നടപ്പാക്കും.

---- facebook comment plugin here -----

Latest