Connect with us

Rishi Sunak

കാവ്യനീതിയില്‍ ഇന്ത്യക്ക് കൈയടിക്കാം, പക്ഷേ...

ജനാധിപത്യം, പൗരാവകാശം എന്നിവയിലുള്ള ഉന്നത മൂല്യങ്ങളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിനെക്കുറിച്ചും ഊറ്റം കൊള്ളുമെങ്കിലും വിവിധ തലങ്ങളില്‍ വംശീയതയും അതില്‍ അധിഷ്ഠിതമായ വേര്‍തിരിവും നല്ലത് പോലെ നിലനില്‍ക്കുന്ന സമൂഹമാണ് ബ്രിട്ടനിലേത്. എന്നിട്ടും ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കാന്‍ അവര്‍, പ്രത്യേകിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, തീരുമാനിച്ചുവെങ്കില്‍ അതിന് മാറ്റേറെയാണ്. അതങ്ങനെയായിരിക്കെ തന്നെ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് അതിലൊരു കാവ്യനീതി കണ്ടെത്താനാകും.

Published

|

Last Updated

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ എന്ത് തന്ത്രം പ്രയോഗിക്കണമെന്ന് നിശ്ചയമില്ലാതെ ഉഴറുന്ന യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ആ രാജ്യത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ട് വെള്ളക്കാരനല്ലാത്ത ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് നിയോഗിച്ചിരിക്കുന്നു. ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന് സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തുകയും രാജാവായ ചാള്‍സിനേക്കാള്‍ സമ്പത്തിന്റെ ഉടമസ്ഥനായിരിക്കുകയും ചെയ്യുന്ന ഋഷി സുനകിന്റെ പൂര്‍വികര്‍ അവിഭക്ത ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണ്. അതുകൊണ്ടുതന്നെ വെള്ളക്കാരനല്ലാത്ത ഒരാളെന്നതിനേക്കാള്‍, ഇന്ത്യന്‍ വംശജനെന്ന പെരുമയില്‍ ഋഷിയെ ആഘോഷിക്കാനാണ് നമ്മള്‍ ഇന്ത്യക്കാര്‍ താത്പര്യപ്പെട്ടത്. ഇന്ത്യന്‍ പാരമ്പര്യത്തേക്കാള്‍ ഹിന്ദു പാരമ്പര്യം പ്രഘോഷിക്കാന്‍ ഉത്സുകനായതിനാല്‍ ഋഷിയുടെ സ്ഥാനലബ്ധിയില്‍ ആനന്ദാതിരേകം ഇന്ത്യന്‍ യൂനിയനിലെ സംഘ്പരിവാറുകാര്‍ക്കാണുതാനും. കപട ദേശീയത ഉത്പാദിപ്പിക്കാനും അതിനെ ഹിന്ദുത്വ ദേശീയതയായി ആഘോഷിക്കാനുമുള്ള അവസരമൊന്നും പാഴാക്കാറില്ല സംഘ്പരിവാരം.

ഋഷി സുനകിന്റെ പൂര്‍വികര്‍ ജീവിച്ചിരുന്ന അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. പാരമ്പര്യത്തെ 1947 കൊണ്ട് ച്ഛേദിച്ചാല്‍ സുനകിന്റെ സ്ഥാനലബ്ധിയില്‍ ആഘോഷിക്കാനുള്ള അവസരം പാക്കിസ്ഥാനും ബംഗ്ലാദേശിനുമായി മാറും. 1947ന് മുമ്പുള്ള പാരമ്പര്യം കണക്കിലെടുത്താല്‍, ആഘോഷത്തിന് ഇന്ത്യന്‍ യൂനിയനും പാക്കിസ്ഥാനും ബംഗ്ലാദേശിനും തുല്യ അവസരമാണ്. ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ഋഷിക്ക്, വിവാഹത്തിലൂടെയാണ് ഇപ്പോള്‍ ഇന്ത്യന്‍ യൂനിയനുമായുള്ള ബന്ധം. വിവാഹം വഴിയുള്ള ബന്ധം അംഗീകരിച്ചുകൊടുക്കാന്‍ സംഘ്പരിവാരത്തിന് പ്രയാസമായിരിക്കും. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഏറെക്കാലം മുമ്പേ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച സോണിയാ ഗാന്ധി അവര്‍ക്കിപ്പോഴും ഇറ്റലിക്കാരിയാണ്, അവരുടെ മക്കള്‍ ഇറ്റാലിയന്‍ പാരമ്പര്യം പേറുന്നവരുമാണ്. കപട ദേശീയത ഉത്പാദിപ്പിക്കാന്‍ ഈ ആരോപണം നല്ലതുപോലെ ഉപയോഗിച്ചിട്ടുമുണ്ട് സംഘ്പരിവാരം.

ആ പാരമ്പര്യം കൊണ്ട് ഇന്ത്യന്‍ യൂനിയനെന്തെങ്കിലും കോട്ടമുണ്ടായോ എന്നത് കൂടി ആലോചിക്കേണ്ടതുണ്ട്. 2004ല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു പി എ അധികാരത്തിലേക്ക് വരുമ്പോള്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ വലിയ തോതില്‍ എതിര്‍ത്തിരുന്നു സംഘ്പരിവാരം. കോണ്‍ഗ്രസ്സിനുള്ളിലും അത്തരം എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും സോണിയ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അന്തസ്സിന് കളങ്കമാകുമെന്നും അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ തലമൊട്ടയടിക്കുമെന്നുമൊക്കെ പരസ്യ പ്രസ്താവന നടത്തിയത് ബി ജെ പിയുടെയും ഇതര സംഘ്പരിവാര സംഘടനകളുടെയും നേതാക്കളാണ്. പ്രധാനമന്ത്രിപദം മന്‍മോഹന്‍ സിംഗിനെ ഏല്‍പ്പിച്ച്, അധികാരത്തെ നിയന്ത്രിക്കുന്ന ശക്തിയായി ഇരിക്കാന്‍ സോണിയ നിശ്ചയിച്ചു. ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയുമായി. യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയേക്കാള്‍ വലിയ അധികാരകേന്ദ്രമായി അവര്‍ മാറി. അങ്ങനെയുള്ള വ്യക്തി, ഇന്ത്യന്‍ യൂനിയന്റെ ഭരണഘടനയെ മറികടന്ന് പ്രവര്‍ത്തിക്കാനോ ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിലെ വ്യവസ്ഥകളെ അട്ടിമറിക്കാനോ ശ്രമിച്ചില്ല. മറിച്ച് ഭരണഘടന എഴുതപ്പെട്ട കാലത്ത് സര്‍ക്കാറിനുമേല്‍ നിഷ്‌കര്‍ഷിച്ച ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യത്‌നിക്കുകയാണ് ചെയ്തത്. സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി നിയമ നിര്‍മാണം നടത്തിയത് സോണിയ അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയുടെ തീരുമാനപ്രകാരമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും അവരുടെ അധ്യക്ഷതയിലുള്ള സമിതിയുടെ സംഭാവന തന്നെ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ സമിതിയില്‍ ഉള്‍ക്കൊള്ളിക്കാനും അവരുടെ നിര്‍ദേശങ്ങളെ പരിഗണിക്കാനും അതിനെ ഭരണഘടന അനുശാസിക്കും വിധത്തില്‍ പ്രാവര്‍ത്തികമാക്കാനും മുന്‍കൈ എടുക്കുകയാണ് ആ “ഇറ്റലിക്കാരി’ ചെയ്തത്. തികഞ്ഞ ഇന്ത്യക്കാരനായ ഹിന്ദുത്വവാദി ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കിയും ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപബ്ലിക് എന്ന സങ്കല്‍പ്പത്തെ ഇല്ലാതാക്കിയും ഫെഡറല്‍ ഭരണക്രമത്തെ ഉന്മൂലനം ചെയ്തും മുന്നേറുമ്പോള്‍ “ഇറ്റലിക്കാരി’യുടെ ദേശീയതയാണോ ഇക്കാലം മുഴങ്ങുന്ന കപട ദേശീയതയാണോ മാനിക്കപ്പെടേണ്ടത് എന്ന ചോദ്യം ഉയര്‍ന്നുവരും.

വെള്ളക്കാരനല്ലാത്ത, അവിടുത്തെ ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തില്‍പ്പെടുന്ന ഒരു വ്യക്തിയെ പ്രധാനമന്ത്രിയാക്കാന്‍ ഇംഗ്ലീഷ് ചര്‍ച്ചിന്റെ ആധിപത്യത്തില്‍ തുടരുന്ന യു കെ തീരുമാനിക്കുമ്പോള്‍, അത് ഇന്ത്യന്‍ വംശജന് ലഭിക്കുന്ന അംഗീകാരത്തേക്കാള്‍ ആ രാജ്യത്തെ ജനതയുടെ വിശാലമായ ജനാധിപത്യ ബോധ്യത്തിന്റെ പ്രകടനമായി കാണേണ്ടിവരും. ജനാധിപത്യം, പൗരാവകാശം എന്നിവയിലുള്ള ഉന്നത മൂല്യങ്ങളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിനെക്കുറിച്ചും ഊറ്റം കൊള്ളുമെങ്കിലും വിവിധ തലങ്ങളില്‍ വംശീയതയും അതില്‍ അധിഷ്ഠിതമായ വേര്‍തിരിവും നല്ലത് പോലെ നിലനില്‍ക്കുന്ന സമൂഹമാണ് ബ്രിട്ടനിലേത്. എന്നിട്ടും ഋഷി സുനകിനെ പ്രധാനമന്ത്രിയാക്കാന്‍ അവര്‍, പ്രത്യേകിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, തീരുമാനിച്ചുവെങ്കില്‍ അതിന് മാറ്റേറെയാണ്.

അതങ്ങനെയായിരിക്കെ തന്നെ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് അതിലൊരു കാവ്യനീതി കണ്ടെത്താനാകും. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യം തുടര്‍ന്ന കൊടിയ ചൂഷണത്തിന്റെ ഇരകളായിരുന്ന ജനതയുടെ പ്രതിനിധിയെ ഭരണഭാരം ഏല്‍പ്പിക്കേണ്ടി വന്നിരിക്കുന്നു വെള്ളക്കാര്‍ക്ക് എന്നതില്‍. 1943ലെ കൊടിയ ക്ഷാമകാലത്ത് ബംഗാളില്‍ മാത്രം കൊല്ലപ്പെട്ടത് 40 ലക്ഷത്തോളം പേരാണ്. ക്ഷാമത്തിന്റെ അടിയന്തര കാരണമായി രണ്ടാം ലോക മഹായുദ്ധത്തെ ചൂണ്ടിക്കാട്ടാമെങ്കിലും ബ്രിട്ടീഷ് ഭരണകൂടം നടത്തിയ കൊടിയ ചൂഷണത്തിന്റെ തുടര്‍ച്ച കൂടിയായിരുന്നു ആ ദുരന്തം. സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരടിച്ച് മരിച്ചവരേക്കാള്‍, അധികാരമുറപ്പിക്കാന്‍ ബ്രിട്ടന്‍ നടത്തിയ രുധിരയജ്ഞത്തിന് ഇരകളായവരേക്കാള്‍ എത്രയോ ഇരട്ടി ജീവനുകള്‍ കൊടിയ ചൂഷണത്താല്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ഋഷി സുനകിന്റെ സമ്പത്തിന്റെ കണക്കുകള്‍ വരുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ചില കണക്കുകള്‍ കൂടിയുണ്ട്. സിറാജുദ്ദൗലയെ ചതിയില്‍ തോല്‍പ്പിച്ച് ഇന്ത്യാ അധിനിവേശത്തിന് ആക്കം കൂട്ടിയ റോബര്‍ട്ട് ക്ലൈവ് ബ്രിട്ടനിലെ അതി സമ്പന്നരില്‍ ഒരാളായി മാറിയിരുന്നു. അധിനിവേശത്തിന് ശേഷം ബംഗാളിലെ മുര്‍ശിദാബാദില്‍ നിന്ന് മോഷ്ടിച്ച് കടത്തിയത് മാത്രം മതിയായിരുന്നു ക്ലൈവിന് ധനാഢ്യനാകാന്‍!

ചൂഷണത്തിന്റെയും നരഹത്യകളുടെയും അക്കാലം ഓര്‍മിപ്പിക്കുമ്പോള്‍, അതിന് നേതൃത്വം നല്‍കിയ വെള്ളക്കാരുടെ പിന്‍മുറക്കാരെ ഭരിക്കാന്‍, അവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ വംശജന്‍ വരേണ്ടി വരുന്നുവെന്നതില്‍ കാലം കാത്തുവെച്ച ഒരു നീതിയുണ്ട്. പക്ഷേ, ആ നീതിയെ ആഘോഷിക്കാന്‍ ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കുന്ന, കപട ദേശീയതയുടെ വക്താക്കള്‍ക്ക് അര്‍ഹതയില്ലെന്നതാണ് വസ്തുത. ചൂഷണവും അടിച്ചമര്‍ത്തലും അതിന് വേണ്ടിയുള്ള നരഹത്യയും പതിവാക്കിയ ബ്രിട്ടീഷ് അധിനിവേശത്തെ ഇന്നാട്ടില്‍ നിന്ന് തുരത്താനും രാജ്യത്തെ പൗരന്‍മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസം നല്‍കാനും യത്‌നിച്ചവരുടെ കൂട്ടത്തില്‍ സംഘ്പരിവാരത്തിന്റെ പൂര്‍വികരുണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിന്റെ ഒരേടിലും അവര്‍ക്ക് പങ്കുണ്ടായിട്ടില്ല. മറിച്ച് അധികാരം സ്ഥാപിക്കാനായി ബ്രിട്ടന്‍ ഉപയോഗിച്ച, വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്ന തന്ത്രത്തിന് ആക്കം കൂട്ടുകയും സ്വാതന്ത്ര്യാനന്തരം ആ തന്ത്രം നടപ്പാക്കി അധികാരം പിടിക്കുകയും ചെയ്തതാണ് അവരുടെ ചരിത്രം. അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാന്‍ ബ്രിട്ടീഷ് രാജാധികാരത്തിന് നിരന്തരം മാപ്പപേക്ഷ എഴുതിയതിന്റെയും.

ആ ചരിത്രത്തിന്റെ ഉടമകള്‍ ഋഷി സുനകിന്റെ സ്ഥാനലബ്ധിയുടെ പേരില്‍ ആനന്ദിക്കേണ്ട കാര്യമില്ല. വെള്ളക്കാരന്റെ പരമാധികാരത്തിലും അത് നിലനിര്‍ത്താന്‍ അവരുപയോഗിച്ച ഭിന്നിപ്പിക്കലിന്റെ, വെറുപ്പിന്റെ രാഷ്ട്രീയത്തിലും അഭിരമിച്ചവര്‍, ഇപ്പോഴും അഭിരമിക്കുന്നവര്‍ ഋഷി സുനകിന്റെ ആരോഹണത്തില്‍ അനുശോചിക്കുകയാണ് വേണ്ടത്. യഥാര്‍ഥ രാഷ്ട്രീയം മറച്ചുവെച്ചോ പലഭാഷണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിച്ചോ വേരുറപ്പിച്ച സംഘ്പരിവാരം, ഹിന്ദുവാണെന്ന ഋഷിയുടെ തുറന്നുപറച്ചിലിന്റെ അടിസ്ഥാനത്തിലോ ഹിന്ദുത്വയുടെ പ്രതീകമായ ഗോപൂജ അനുഷ്ഠിക്കുന്നതുകൊണ്ടോ ആ അധികാരലബ്ധിയില്‍ ആനന്ദിക്കുകയാണെങ്കില്‍, ഇവിടെ കണ്ടതോ കാണുന്നതോ പോലുള്ള ഭരണഘടനാ അട്ടിമറിക്കോ വിഡ്ഢിത്തങ്ങള്‍ക്കോ വഴിയൊരുക്കില്ല ആ പ്രധാനമന്ത്രി സ്ഥാനം.

Latest