Connect with us

National

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്

ഇന്നലെ രാത്രിയാണ് ഡി കെ ശിവകുമാറിന് നോട്ടീസ് ലഭിച്ചത്. നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

ബെംഗളുരു|കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. മുന്‍പ്  പരിഹരിച്ച വിഷയത്തിലാണ് തനിക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് തനിക്ക് നോട്ടീസ് ലഭിച്ചത്. നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയുമുണ്ട്. എന്നിട്ടും ഉദ്യോഗസ്ഥരോട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ബിജെപി സര്‍ക്കാരാണ് നിര്‍ദേശിക്കുന്നതെന്നും ഡി കെ ശിവകുമാര്‍ ആരോപിച്ചു. കേന്ദ്രമന്ത്രിമാര്‍ക്കും കര്‍ണാടകയിലെ ഉള്‍പ്പടെ പ്രമുഖ ബിജെപി നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കൊന്നും അന്വേഷണ ഏജന്‍സികളില്‍ നിന്നും നോട്ടീസ് ലഭിക്കാത്തതെന്നും ഡി കെ ശിവകുമാര്‍ ചോദിച്ചു.

അതേസമയം കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. 2020-21 , 2021-22 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാണ് ആവശ്യം. നേരത്തെ ആദായ നികുതി വകുപ്പ് നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് അയച്ചിരുന്നു. ഇതുവരെ ലഭിച്ച നോട്ടീസുകള്‍ പ്രകാരം ഏകദേശം 1823 കോടി രൂപ കോണ്‍ഗ്രസ് അടക്കേണ്ടിവരും. പുതിയ നോട്ടീസിലെ തുക എത്രയാണെന്ന് വ്യക്തമല്ല.

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കാനിരിക്കുകയാണ് കോണ്‍ഗ്രസ്. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും അടുത്ത ആഴ്ച കോടതിയെ സമീപിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും പരമോന്നത കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്ന് നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി നിരായുധമാക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1,823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

 

 

 

 

---- facebook comment plugin here -----

Latest