Connect with us

Educational News

കലിഗ്രഫി & ആര്‍ട്‌സ് സെന്റര്‍ ഉദ്ഘാടനവും അന്താരാഷ്ട്ര എക്സ്പോയും മഅദിന്‍ അക്കാദമിയില്‍

അറബിക് കലിഗ്രഫിയിലെ മൂന്ന് ലിപികള്‍, മലയാളം കലിഗ്രഫി, ഇംഗ്ലീഷ് കലിഗ്രഫി, ഇസ് ലാമിക് ഇല്ലുമുനേഷന്‍, റസിന്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രാഫിക് ഡിസൈന്‍, ടൈപോഗ്രഫി, എംപ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയ കോഴ്സുകളാണ് കലിഗ്രഫി ആര്‍ട് സെന്ററില്‍ ആരംഭിക്കുന്നത്.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്‌പോയും കലിഗ്രഫി & ആര്‍ട്‌സ് സെന്റര്‍ ഉദ്ഘാടനവും സംഘടിപ്പിക്കും. ഈ മാസം 16ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മഅദിന്‍ കലിഗ്രഫി & ആര്‍ട്‌സ് സെന്റര്‍ നാടിന് സമര്‍പ്പിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.

കോവിഡ് മഹാമാരിക്കു ശേഷം കലിഗ്രഫി ഏറെ ജനകീയമായി മാറിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് നേരംപോക്കിനായും മറ്റും പരിശീലനം നേടിയ നൂറുകണക്കിന് പേര്‍ പിന്നീട് ഈ മേഖലയില്‍ ഗൗരവതരമായ ഇടപെടലാണ് നടത്തുന്നത്. കുട്ടികളും മുതിര്‍ന്നവരുമായ കലിഗ്രഫര്‍മാരുടെ വലിയൊരു നിരതന്നെ ഇന്ന് സജീവമാണ്. പലരും ഇതൊരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. എന്നാല്‍, ക്ലാസിക് കലിഗ്രഫിയുടെ അടിസ്ഥാന നിയമങ്ങളും രീതികളും മനസ്സിലാക്കിയുള്ള ആഴത്തിലുള്ള പഠനത്തിന് കേരളത്തില്‍ അവസരം കുറവാണ്. ഇത് തിരിച്ചറിഞ്ഞാണ് മഅ്ദിന്‍ അക്കാദമി കലിഗ്രഫി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ആരാധനാലയങ്ങള്‍, കൊട്ടാരങ്ങള്‍, പുരാതന തറവാടുകള്‍ തുടങ്ങി കേരളത്തിലെ പൈതൃക നിര്‍മിതികളിലുള്ളതും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ജീര്‍ണിച്ചു കൊണ്ടിരിക്കുന്നതുമായ കലിഗ്രഫി വര്‍ക്കുകള്‍ പുനസൃഷ്ടിക്കുന്ന വിപുലമായി പദ്ധതിയും ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കും. ജര്‍മനിയിലെ സ്റ്റുട്ട്ഗാട്ട് , കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഇസ്ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മകളുടെ സഹകരണത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈ അസോസിയേഷനില്‍ അംഗമാണ്.

അറബിക് കലിഗ്രഫിയിലെ മൂന്ന് ലിപികള്‍, മലയാളം കലിഗ്രഫി, ഇംഗ്ലീഷ് കലിഗ്രഫി, ഇസ് ലാമിക് ഇല്ലുമുനേഷന്‍, റസിന്‍ ആര്‍ട്ട്, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്രാഫിക് ഡിസൈന്‍, ടൈപോഗ്രഫി, എംപ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയ കോഴ്സുകളാണ് കലിഗ്രഫി ആര്‍ട് സെന്ററില്‍ ആരംഭിക്കുന്നത്.

ജനുവരി 20,21 തിയ്യതികളില്‍ നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്‌പോ അന്താരാഷ്ട്ര പ്രശസ്ത കാലിഗ്രഫര്‍ മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. മലയാളം കലിഗ്രഫിയുടെ പിതാവ് നാരായണ ഭട്ടതിരി മുഖ്യാതിഥിയാകും. തുര്‍ക്കി, യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഇന്ത്യ, ഇറാന്‍, ഇറാഖ്, ഇന്ത്യോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പ്രമുഖ കലിഗ്രഫര്‍മാരുടെ അറബിക്, ഇംഗ്ലീഷ്, മലയാളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര എക്‌സ്‌പോ വീക്ഷിക്കുന്നതിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സൗജന്യ അവസരമൊരുക്കും.

21 ന് കലിഗ്രഫി ആന്റ് ആര്‍ട്ട് സെന്ററില്‍ നടക്കുന്ന കലിഗ്രഫി ശില്‍പശാലക്ക് മുഖ്താര്‍ അഹ്മദ് ബാംഗ്ലൂര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ ആദ്യമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് ശില്‍പശാലയിലേക്ക് അവസരം. വിവരങ്ങള്‍ക്ക്: 6238581998.

Latest