Kerala
തൃശ്ശൂരില്‍ വീട്ടുടമയെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവര്‍ന്നു
മോഷ്ടാക്കള്‍ വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ കെട്ടഴിച്ച് സോമശേഖരന്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു
തൃശ്ശൂര്‍ | മണ്ണുത്തി മുല്ലക്കരയില്‍ വന്‍ കവര്‍ച്ച. വീട്ടുടുമയെ കെട്ടിയിട്ട് 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. വെട്ടിക്കല്‍ സ്വദേശി ചെറുവാറ വീട്ടില്‍ സോമശേഖരനെയാണ് മൂന്നംഗ സംഘം കെട്ടിയിട്ട് സ്വര്‍ണ്ണം കവര്‍ന്നത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും കവര്‍ച്ചാ സംഘം കൈക്കലാക്കി
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഈ സമയം സോമശേഖരന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്നുപേരാണ് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് സോമശേഖരന്‍ പറയുന്നു.
വീടിന് പുറത്തെ ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ. താഴത്തെ നിലയിൽ കിടന്നുറങ്ങുമ്പോൾ കയ്യിൽ എന്തോ തട്ടുന്നതുപോലെ തോന്നി. കണ്ണുതുറന്നപ്പോൾ ഉയരം കുറഞ്ഞ്, വണ്ണമുള്ള ഒരാളെ കണ്ടു. നിലവിളിച്ചപ്പോൾ തലയിണ വെച്ച് മുഖത്തേക്ക് അമർത്തി. കുതറിമാറാൻ ശ്രമിച്ചിട്ടും നടന്നില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അലമാരി തുറന്ന് വാരിവലിച്ചിടുകയായിരുന്നു. ആളുകളെ തിരിച്ചറിയാനായില്ല. ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് സംശയം.കഴുത്തിൽ രണ്ട് പവനോളം വരുന്ന മാലയും കയ്യിൽ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കൾ വലിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്തു. വായിൽ ഒരു തുണി തിരുകി തന്നെ കെട്ടിയിടുകയായിരുന്നുവെന്നും സോമശേഖരന്‍ പറഞ്ഞു
മോഷ്ടാക്കള്‍ വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ കെട്ടഴിച്ച് സോമശേഖരന്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മണ്ണുത്തി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.







