Connect with us

Prathivaram

ചിംഗാൻ മലയുടെ ചാരുതയിൽ...

സ്‌കേറ്റിംഗ് ബോർഡും ഷൂവും വാടകക്ക് കൊടുക്കുന്ന ആളുകളുണ്ടവിടെ. അവർ സ്‌കേറ്റ് ചെയ്യാനുള്ള ബോർഡും ഷൂവും രണ്ട് സപ്പോർട്ടിംഗ് സ്റ്റിക്കും നൽകും. ഇനി സ്‌കേറ്റിംഗ് അറിയാത്ത ആളുകളാണെങ്കിൽ അധിക കാശ് നൽകിയാൽ ഇൻസ്ട്രക്ടർമാരെയും സൗകര്യ പ്പെടുത്തിത്തരും.

Published

|

Last Updated

ചിംഗാനിലെ മലയടിവാരത്തിൽ നൂറ് കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേർന്നിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് അധികവും കാണുന്നത്. ടിക്കറ്റ് എടുക്കാൻ കൈയിൽ ചിപ്‌സ് പാക്കറ്റുകളും സൺ ക്രീമുകളുമൊക്കെയായി ആളുകൾ ക്യൂ നിൽക്കുന്നുണ്ട്. ഞങ്ങളുടെ ടിക്കറ്റുകൾ ആതിഥേയർ ആദ്യമേ എടുത്തുവെച്ചിരുന്നു. അഞ്ഞൂറോളം ഇന്ത്യൻ രൂപയാണെന്നാണ് ഓർമ. കേബിൾ കാറുകൾ വന്നുകൊണ്ടേയിരുന്നു. ഒരു സെക്കന്റ് പോലും സ്‌റ്റോപ്പ് ആകുന്നില്ല. കയറേണ്ട ആളുകൾ ഊഴമെത്തിയാൽ വളരെ ശ്രദ്ധിച്ചു കസേരയിലേക്ക് ഇരിക്കണം, ശേഷം അതിനെ ലോക്ക് ആക്കണം. ഇതൊരു സ്ഥിരം നടപടിക്രമം ആണ്. ഇങ്ങനെയുള്ള ചെറിയ കേബിൾ കാറുകളുടെയൊക്കെ പ്രവർത്തനം ഇത്തരത്തിലാണ്. രണ്ടാളുകൾക്കാണ് ഒരു കസേരയിൽ ഇരിക്കാൻ കഴിയുക. ഉസ്താദും കരീം ഹാജിയും ഒന്നിൽ കയറി. എനിക്ക് ഡോ. ഷാഹുൽ ഹമീദിനെയാണ് ജോഡിയായി ലഭിച്ചത്. ഞങ്ങളെ പിറകിലായി ജോഡികളായി സഹയാത്രികർ കയറുന്നുണ്ടായിരുന്നു. കുത്തനെയുള്ള മലമുകളിലേക്കാണ് തൂക്കു കസേര നീങ്ങുന്നത്. പഴക്കമേറിയ സിസ്റ്റമായതിനാൽ തന്നെ കേബിൾ കാറിന്റെ ഇരിപ്പിടവും അതിന്റെ പിടിയുമൊക്കെ തുരുന്പുപിടിച്ചിട്ടുണ്ട്. കേബിൾ നീങ്ങുമ്പോൾ ചിലയിടങ്ങളിൽ ഭയപ്പെടുത്തുന്ന ശബ്ദവും കേൾക്കാം. സേഫ്റ്റി കുറഞ്ഞ കേബിൾ കാറാണത്. ഇടക്ക് സ്റ്റോപ്പോ, മറ്റു സുരക്ഷാ പിടിത്തമൊന്നുമില്ലാത്ത ഒരു പഴഞ്ചൻ കേബിൾ കാർ. ഒരു പക്ഷെ ഈ പഴക്കം തന്നെയാകണം യാത്രയെ സാഹസപ്പെടുത്താൻ കാരണം.

ചിംഗാൻ 2000 മുതൽ 3000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന മലനിരകളാണ്. താഴെ മഞ്ഞുമലകൾക്കിടയിലൂടെ ഒഴുകിവരുന്ന അരുവികൾ, കാറ്റിനേക്കാൾ വേഗത്തിൽ മഞ്ഞുമലയിൽ സ്‌കേറ്റിംഗ് ചെയ്യുന്ന ആളുകൾ, ആയിരക്കണക്കിന് ദേവദാരു ചെടികൾ, പല വർണത്തിലും വിടർന്നു നിൽക്കുന്ന പല ജാതി പുഷ്പങ്ങൾ, മഞ്ഞുനാട്ടിൽ തണുപ്പിനെ പ്രതിരോധിക്കാൻ രോമങ്ങളാൽ മൂടി നിൽക്കുന്ന ചെന്നായക്കൂട്ടങ്ങൾ. ഇങ്ങനെ അനവധി നിരവധി കാഴ്ചകൾ… അവിസ്മരണീയമായ അനുഭൂതി പകർന്നുതന്ന ഇരുപത് മിനുട്ട് യാത്രയായിരുന്നു അത്. ഇതിനു മുന്നേ കശ്മീരിലെ ഗുൽമാർഗിലും ഹിമാചലിലെ മണാലിയിലുമൊക്കെ പോയിരുന്നുവെങ്കിലും ഇത്തരത്തിലുള്ള കേബിൾ കാർ അനുഭവം ഉണ്ടായിരുന്നില്ല. ഗുൽമാർഗിൽ കുതിരപ്പുറത്ത് കിലോമീറ്ററുകളോളം സഞ്ചരിച്ച ശേഷം മഞ്ഞുമലയിൽ എത്തുമ്പോഴുണ്ടാകുന്ന വികാരം വാക്കുകളിൽ കൊണ്ടുവരാൻ കഴിയുന്നതല്ല. മലമടക്കുകൾക്കിടയിലൂടെയും പച്ചവിരിച്ച പുൽത്തകിടികൾക്കിടയിലൂടെയുമൊക്കെ കടന്നുവേണം അവിടെയെത്താൻ. എത്തിച്ചേരുന്ന സ്ഥലംപോലെ മനോഹരമാണ് യാത്രക്കിടയിലെ സ്ഥലങ്ങളും. വെള്ള പുതച്ച ഒരു പ്രദേശം മുഴുവൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ ഭൂമിക നമ്മുടെ ഹൃദയത്തിൽ യഥാർഥത്തിൽ സന്ദേഹമാണ് സൃഷ്ടിക്കുക. ഇങ്ങനെയുള്ള ഓരോ പ്രദേശവും നമുക്ക് നൽകുന്ന പാഠം സ്രഷ്ടാവിന്റെ ഇഹലോകം ഇത്ര സൗന്ദര്യമുള്ളതാണെങ്കിൽ വിശ്വാസികൾക്ക് അവൻ ഒരുക്കിവെച്ച സ്വർഗം ഇതിനേക്കാൾ എത്ര വലിയ മനോഹരമായിരിക്കുമെന്ന ചിന്തയിൽ ഹൃദയാന്തരങ്ങളിൽ നിന്നും അല്ലാഹുവിന് തസ്ബീഹ് ധ്വനികൾ ഉയരുന്ന അവസ്ഥയാണ് യഥാർഥ വിശ്വാസിക്കുണ്ടാകുക.

ഡോ. ഷാഹുലുമായുള്ള തനിച്ചുള്ള ഈ യാത്രയിൽ നമ്മൾ മനസ്സ് തുറന്നു ഒരുപാട് സംസാരിച്ചു. പലപ്പോഴും പലർക്കും പലതും പറയാനുണ്ടാകും. അവസരങ്ങൾ ഇല്ലായ്മയും മടികളുമാണ് അവ പറയുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുന്നത്. ഡോക്ടറുടെ ആഗ്രഹങ്ങൾ, പഴയകാല ജീവിതം, അദ്ദേഹത്തെ വളർത്താനുള്ള ഉമ്മയുടെ പോരാട്ടം, മർകസ് യതീംഖാനാ ജീവിതം, അവിടുന്ന് വൈദ്യശാസ്ത്രം പഠിക്കാനുള്ള ഗുൽബർഗാ യാത്ര, ശേഷം ഒരു സംരംഭകനായി മാറിയത് വരെയുള്ള ജീവചരിത്രം അദ്ദേഹം തുറന്നു പറഞ്ഞു. പ്രചോദനം മാത്രം പകർന്നുതരുന്ന കഥയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. എന്റെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. അനാഥത്വം ആരുടെയും വളർച്ച മുരടിപ്പിക്കുന്നില്ല. അതിൽ തന്നെ താൻ നിലനിൽക്കണമെന്ന് ഉറപ്പിക്കുമ്പോൾ മാത്രമാണ് ഒരു മനുഷ്യൻ യഥാർഥത്തിൽ അനാഥനാകുന്നത്. തന്റെ വളർച്ചക്ക് പിന്നിൽ, പഠനത്തിനുള്ള പ്രചോദനം മുഴുവൻ ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദും ഹകീം അസ്ഹരി ഉസ്താദുമാണെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ചെറുതല്ലാത്ത സന്തോഷമാണ് പ്രദാനം ചെയ്തത്.

മഞ്ഞ് നല്ല നിലയിൽ തന്നെ ആ മലകളെ മൂടിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് അവിടെ കാഴ്ച കാണാനും ആസ്വദിക്കാനും വന്നിട്ടുള്ളത്. മിക്ക ആളുകളും മഞ്ഞിൽ കിടന്നുരുണ്ട് പുളകിതരാകുകയാണ്. കുറച്ചാളുകൾ മഞ്ഞുകൊണ്ട് രൂപങ്ങൾ പണിയുന്നുണ്ട്. വേറെ ചിലയാളുകൾ സ്‌കേറ്റിംഗ് ബോർഡുകൾ വാടകക്കെടുത്ത് സ്‌കേറ്റ് ചെയ്യുന്നു. മഞ്ഞുമലയിൽ നടക്കുകയെന്നത് തന്നെ സാഹസമാണ്. മരുഭൂമിയിൽ നടക്കുമ്പോൾ കാൽപ്പാദങ്ങൾ പൂണ്ടു പോകുന്നത് പോലെ മഞ്ഞുമലയിലും അത് സംഭവിക്കുന്നുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ഷൂ ധരിച്ചു കൊണ്ട് നടക്കൽ ബുദ്ധിമുട്ട് തന്നെയാണെന്ന് സാരം. കുറച്ച് നേരം ഞങ്ങൾ മഞ്ഞിൽ ഇരുന്നുകുളിര് അനുഭവിച്ചു. ജീവിതത്തിൽ വളരെ അപൂർവമായി ലഭിക്കുന്ന അവസരങ്ങൾ. ടി വിയിലൂടെയും ചിത്രങ്ങളിലൂടെയും സഞ്ചാരികളിൽ നിന്നുമൊക്കെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ അനുഭവങ്ങൾ സ്വന്തത്തിനു പകരാൻ തന്നെ എല്ലാവരും തീരുമാനിച്ചു. സ്‌കേറ്റിംഗ് ബോർഡും ഷൂവും വാടകക്ക് കൊടുക്കുന്ന ആളുകളുണ്ടവിടെ. അവർ നമുക്ക് സ്‌കേറ്റ് ചെയ്യാനുള്ള ബോർഡും ഷൂവും രണ്ട് സപ്പോർട്ടിംഗ് സ്റ്റിക്കും നൽകും. ഇനി സ്‌കേറ്റിംഗ് അറിയാത്ത ആളുകളാണെങ്കിൽ അധിക കാശ് നൽകിയാൽ ഇൻസ്ട്രക്ടർമാരെയും അവർ സൗകര്യപ്പെടുത്തിത്തരും.

കൂട്ടത്തിലാർക്കും ഹിമപാളികളിലൂടെയുള്ള തെന്നിനീങ്ങൽ പരിചയമില്ല. എല്ലാവരും സ്‌കേറ്റിംഗ് ബോർഡും ഒപ്പം ഒരു ഇൻസ്ട്രക്ടറെയും വാടകക്കെടുത്തു. ആദ്യം വലിയൊരു ഷൂ ധരിക്കും അത് സ്‌കേറ്റിംഗ് ബോർഡുമായി ബന്ധിപ്പിക്കും, ശേഷം മഞ്ഞിലൂടെ ഒരു പ്രത്യേക രീതിയിൽ നീങ്ങുകയാണ് വേണ്ടത്. ബ്രേക്ക് ചെയ്യാനും വേഗം വർധിപ്പിക്കാനുമൊക്കെ പ്രത്യേക രീതിയിൽ കാലുകൾ വെക്കേണ്ടതുണ്ട്. അതൊക്കെ നമ്മുടെ അധ്യാപകൻ കാണിച്ചു തന്നു. സപ്പോർട്ടിംഗ് സ്റ്റിക്ക് പിറകിലേക്ക് നീട്ടിവലിച്ചാണ് നമ്മളെ ഇൻസ്ട്രക്ടർ പഠിപ്പിക്കുക. ഒരു നിമിഷം നമ്മളെല്ലാവരും കൊച്ചുകുട്ടികളായി മാറി. പലതവണ പല കോലത്തിലായി എല്ലാവരും തെന്നിവീഴുന്നുണ്ടായിരുന്നു. വീഴുന്നത് വളരെ അപകടം പിടിച്ച സംഗതിയാണ്. ബ്ലേഡ് പോലുള്ള സ്‌കേറ്റിംഗ് ബോർഡെങ്ങാനും ശരീരത്തിൽ കൊള്ളുന്നത് വലിയ മുറിവുണ്ടാകും . അതുപോലെ വീഴ്ചയിൽ നടുവിനോ തലക്കോ ആഘാതം വരെയുണ്ടായേക്കാം. വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യേണ്ടതെന്ന് ചുരുക്കം. ഞാനും പല തവണ വീണു. നല്ല വേഗത്തിൽ തെന്നിനീങ്ങി വീഴുമ്പോഴുണ്ടാകുന്ന വേദന അൽപ്പം നീറ്റലുളവാക്കും. ചില ഉസ്‌ബെക്കുകാർ ഇതൊന്നും നിങ്ങൾക്ക് അറിയില്ലേയെന്ന പുച്ഛഭാവത്തിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്ക് തോന്നിയത് കേരളത്തിൽ വന്നിട്ട് ഇവരെയൊക്കെ പുളിയനുറുമ്പുള്ള മാവിൻ മുകളിൽ കയറ്റിച്ചു നോക്കിക്കാനാണ്. അതിനു അവർക്കു കഴിയില്ലായെന്നത് പോലെ തന്നെയാണ് സ്‌കേറ്റിംഗ് ഞങ്ങൾക്ക് വശമില്ലായെന്നതും. ചെറിയ കുട്ടികൾ വരെ വളരെ നൈസർഗികമായി സ്‌കേറ്റിംഗ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ലജ്ജ തോന്നാതിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിശീലനത്തിനൊടുവിൽ ഒട്ടുമിക്ക ആളുകളും തനിച്ച് ചെറിയ രീതിയിൽ സ്‌കേറ്റിംഗ് ചെയ്യാനുള്ള പ്രാപ്തി നേടിയെടുത്തു.

നേരം ഉച്ച ആയപ്പോൾ ഞങ്ങൾ ചിംഗാൻ മലമുകളിൽ നിന്നും തിരിക്കാൻ തീരുമാനിച്ചു. ഇനി റോപ്പ്‌വേയിലൂടെ മടക്കയാത്രയാണ്. ഞങ്ങൾ ഇറങ്ങുമ്പോളും വലിയൊരു സംഘം മുകളിലേക്ക് വരുന്നുണ്ടായിരുന്നു. എതിരെ വരുന്ന ചില കുട്ടികളും സ്ത്രീകളും ഞങ്ങളോട് പുഞ്ചിരിക്കുകയും കൈകൾ നീട്ടി അഭിവാദ്യമർപ്പിക്കുന്നുമുണ്ട്. സാഹസികമായ എന്നാൽ എന്നെന്നും ഓർക്കാൻ തക്കവണ്ണമുള്ള നല്ല ഓർമകൾ സമ്മാനിച്ച ചിംഗാൻ മലകളോട് അവിടുത്തെ മഞ്ഞുകണങ്ങളോട് ദേവദാരു ചെടികളോട് പേരറിയാ പുഷ്പങ്ങളോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ പതിയെ താഴേക്കിറങ്ങി.