Connect with us

Kerala

ശബരിമലയില്‍ പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍; വ്യാജ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്

കേസെടുത്തത് സെല്‍ഫി വീഡിയോ പ്രചരിപ്പിച്ച ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമ രാജേഷിനെതിരെ.

Published

|

Last Updated

പത്തനംതിട്ട | ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്ന തരത്തിലുള്ള  പ്രചാരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ സൈബര്‍ പോലീസ് എസ് എച്ച് ഒ. ജോബിന്‍ ജോര്‍ജ് ആണ് സുമോട്ടോ ആയി വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്.

രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഇത്തരത്തില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പതിനെട്ടാം പടിക്ക് സമീപം സെല്‍ഫി വീഡിയോ ചിത്രീകരിച്ച തരത്തില്‍ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളില്‍ മുറിവുണ്ടാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.

വ്യാജ വീഡിയോ നിര്‍മിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ യഥാര്‍ഥ ദൃശ്യമെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെ കുറിച്ച്
വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Latest