Uae
ഷാർജ ഭരണാധികാരിക്ക് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരമെന്ന് കുടുംബം
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി പിതാവിനായി പ്രാർഥിക്കണമെന്ന് ശൈഖ ബുദൂർ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
ഷാർജ | യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ശസ്ത്രക്രിയ. വെള്ളിയാഴ്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തെ റിക്കവറി റൂമിലേക്ക് മാറ്റിയതായി മകളും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സണുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി അറിയിച്ചു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ശൈഖ ബുദൂർ വിവരം പങ്കുവെച്ചത്. “പിതാവിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും ഇപ്പോൾ റിക്കവറി റൂമിലാണെന്നും അറിയിക്കുന്നു. അദ്ദേഹത്തിന് പൂർണ ആരോഗ്യവും സൗഖ്യവും നൽകാൻ പ്രാർഥിക്കുന്നു’ – ശൈഖ ബുദൂർ കുറിച്ചു. പിതാവിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചവർക്കും പ്രാർഥനകളിൽ ഉൾപ്പെടുത്തിയവർക്കും അവർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. നേരത്തെ, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി പിതാവിനായി പ്രാർഥിക്കണമെന്ന് ശൈഖ ബുദൂർ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
ശൈഖ് സുൽത്താൻ പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ പത്നിയും ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിൽ ചെയർപേഴ്സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയും വ്യക്തമാക്കി. “ശൈഖ് സുൽത്താൻ സുഖമായിരിക്കുന്നു. ചെറിയൊരു ആരോഗ്യപ്രശ്നം മാത്രമായിരുന്നു അത്, ഇപ്പോൾ എല്ലാം ഭേദമായി അദ്ദേഹം പൂർണ ആരോഗ്യത്തോടെയിരിക്കുന്നു’ – ശൈഖ ജവഹർ കുറിച്ചു.
Content Highlights: Sharjah Ruler Sheikh Dr Sultan bin Muhammad Al Qasimi completed surgery on Friday and moved to the recovery room. Sheikha Bodour Al Qasimi shared the update on Instagram and thanked well-wishers for prayers. Sheikha Jawaher Al Qasimi confirmed his health is fine after a minor issue.



