National
ആന്ധ്രാപ്രദേശില്‍ ഓയില്‍ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു
ഓയില്‍ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

അമരാവതി| ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ വിഷവാതകം ശ്വസിച്ച് ഏഴുപേര്‍ മരിച്ചു. ഓയില്‍ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.
ഓയില്‍ ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് കേസ്. ഓയില്‍ ഫാക്ടറിയുടെ ഭാഗത്തു നിന്ന് മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളികള്‍ക്ക് അതീവ സുരക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്.
ആദ്യഘട്ടത്തില്‍ രണ്ടോ മൂന്നോ പേരാണ് ഓയില്‍ ഫാക്ടറിയിലെ മാലിന്യ ടാങ്കില്‍ ഇറങ്ങിയത്. ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ ഇവരെ പുറത്തെത്തിക്കാന്‍ വേണ്ടിയാണ് മറ്റ് തൊഴിലാളികളും ടാങ്കില്‍ ഇറങ്ങിയത്. അങ്ങനെയാണ് എഴ് പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.