Connect with us

Editorial

വെനസ്വേലയിലെ സാമ്രാജ്യത്വ താത്പര്യങ്ങള്‍

വെനസ്വേലയുടെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന നീക്കങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല. ജനാധിപത്യ സംരക്ഷണമെന്ന അമേരിക്കയുടെ അവകാശവാദം സാമ്രാജ്യത്വ താത്പര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള മൂടുപടം മാത്രമാണ്.

Published

|

Last Updated

വെനസ്വേലയില്‍ നിന്ന് പുറപ്പെട്ട മറ്റൊരു കപ്പല്‍ കൂടി അമേരിക്ക പിടിച്ചെടുത്തു. ക്രൂഡ് ഓയില്‍ കയറ്റിപ്പോകുകയായിരുന്ന സെഞ്ചുറീസ് എന്ന എണ്ണക്കപ്പലാണ് അന്താരാഷ്ട്ര സമുദ്രാര്‍തിത്തിയില്‍ വെച്ച് യു എസ് കോസ്റ്റ് ഗാര്‍ഡും സൈന്യവും ചേര്‍ന്ന് പിടിച്ചെടുത്തത്. ഒരു മാസത്തിനിടെ കപ്പലുകള്‍ക്ക് നേരെയുള്ള അമേരിക്കയുടെ രണ്ടാമത് ആക്രമണമാണിത്. വെനസ്വേലയിലേക്കോ അവിടെ നിന്ന് പുറത്തേക്കോ ഒരു എണ്ണക്കപ്പലിനെയും പോകാന്‍ അനുവദിക്കില്ലെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. വെനസ്വേലയില്‍ നിന്ന് എണ്ണ കൊണ്ടുപോകുന്ന ആറ് കപ്പല്‍ കമ്പനികളെയും കപ്പലുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. വെനസ്വേലക്കെതിരായ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയന്‍ കടലിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയുമാണ്. ഒരു ഡസന്‍ യു എസ് യുദ്ധക്കപ്പലുകളും 15,000 സേനാംഗങ്ങളെയുമാണ് അടുത്തിടെ വിന്യസിച്ചത്. പനാമ അധിനിവേശത്തിനു ശേഷം മേഖലയില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.

ക്രൂഡ് ഓയില്‍ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം നിക്കോളാസ് മദുറോ ഭരണകൂടം ഭീകര പ്രവര്‍ത്തനത്തിനുപയോഗപ്പെടുത്തുന്നു, വെനസ്വേലന്‍ ഭരണകൂടത്തിലെ ഉന്നതര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്, രാജ്യത്ത് ജനാധിപത്യം തകര്‍ക്കപ്പെട്ടു, 2018ലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയിലൂടെയാണ് മദുറോ വീണ്ടും അധികാരത്തിലെത്തിയത് എന്നൊക്കെയാണ് വെനസ്വേലക്കെതിരായ നീക്കത്തിനുള്ള അമേരിക്കന്‍ ന്യായീകരണം. യഥാര്‍ഥത്തില്‍ എണ്ണരാഷ്ട്രീയവും ആഗോള ശാക്തിക സമവാക്യങ്ങളുമാണ് അമേരിക്കയുടെ ഈ നീക്കത്തിനു പിന്നില്‍. വെനസ്വേലയില്‍ 1999ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ വന്നതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. അമേരിക്കന്‍ നിയന്ത്രിത മുതലാളിത്ത നയങ്ങളെ തള്ളിക്കളഞ്ഞ ഷാവേസ്, സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത് അമേരിക്കക്ക് തീരെ ദഹിച്ചില്ല.

ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേല എണ്ണ വ്യവസായം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയതും അമേരിക്കന്‍ കമ്പനികള്‍ക്ക് രാജ്യത്തെ എണ്ണ മേഖലയിലുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിച്ചതും അമേരിക്കയുടെ വിരോധത്തിന് ആക്കം കൂട്ടി. വെനസ്വേലയില്‍ വന്‍തോതിലുള്ള എണ്ണ നിക്ഷേപം കണ്ടെത്തിയ 1920ല്‍ മുതല്‍ മുക്കാല്‍ നൂറ്റാണ്ടോളം അമേരിക്കന്‍ കമ്പനികള്‍ അവിടെ സജീവമായിരുന്നു. അക്കാലത്ത് എണ്ണ വരുമാനത്തിന്റെ ഏറിയ പങ്കും അമേരിക്കന്‍ കമ്പനികളായിരുന്നു കൊണ്ടുപോയിരുന്നത്. എണ്ണക്കമ്പനികള്‍ നേടുന്ന വരുമാനത്തിന്റെ പകുതി വെനസ്വേലക്ക് നല്‍കണമെന്ന് ഇടക്കാലത്ത് വെനസ്വേലന്‍ ഭരണകൂടം നിയമം പാസ്സാക്കിയെങ്കിലും കമ്പനികള്‍ അവിടെ തുടര്‍ന്നു. ഷാവേസ് എണ്ണ മേഖല പൂര്‍ണമായും സ്വദേശിവത്കരിച്ചതോടെയാണ് കമ്പനികള്‍ നാട് വിടാന്‍ നിര്‍ബന്ധിതരായത്. അമേരിക്കന്‍ വിരുദ്ധരായ റഷ്യ, ചൈന, ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായി ഷാവേസ് ഭരണകൂടം അടുത്ത ബന്ധം പുലര്‍ത്തിയതും അമേരിക്കയെ ചൊടിപ്പിച്ചു.

2013ല്‍ ഷാവേസിന്റെ മരണ ശേഷം അധികാരത്തിലേറിയ നിക്കോളാസ് മദുറോയും യു എസ് വിരുദ്ധ നിലപാട് തുടര്‍ന്നതോടെ അമേരിക്ക അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢ നീക്കങ്ങളിലാണ്. ഈ ലക്ഷ്യത്തില്‍ വെനസ്വേലയില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എയെ നിയോഗിച്ചതായി ട്രംപ് തന്നെ വെളിപ്പെടുത്തിയതാണ്. മദുറോയെ പുറത്താക്കിയാല്‍ വേനസ്വേലയിലെ എണ്ണ മേഖലയില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കാനാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. അമേരിക്കന്‍ എണ്ണക്കമ്പനികളോട്, മദുറോയില്ലാത്ത വെനസ്വേലയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടോയെന്ന് ട്രംപ് ഭരണകൂടം രഹസ്യമായി അന്വേഷണം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം, അമേരിക്കന്‍ നീക്കങ്ങളെ നേരിടാനുള്ള ഉറച്ച തീരുമാനത്തിലാണ് മദുറോ സര്‍ക്കാര്‍. വെനസ്വേലയിലെത്തുന്ന എണ്ണക്കപ്പലുകളെ പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ നേരിടാന്‍ നാവിക, വ്യോമ സേനയെ രംഗത്തിറക്കിയിട്ടുണ്ട് മദുറോ സര്‍ക്കാര്‍. റഷ്യയും ഇറാനും മദുറോ സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി. എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍, നിക്കോളാസ് മദുറോയെ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്യുകയുണ്ടായി. കപ്പല്‍ പിടിച്ചെടുത്ത അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ക്രിമിനല്‍ പ്രവര്‍ത്തനവുമാണെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഗ്ചിയും കുറ്റപ്പെടുത്തി.

ഭരണരംഗത്ത് പരാജയമാണ് മദുറോ. ഷാവേസ് വെനസ്വേലയെ പുരോഗതിയിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും നയിച്ചപ്പോള്‍ മദുറോയുടെ കീഴില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. മദുറോയുടെ സാമൂഹിക- സാമ്പത്തിക നയങ്ങള്‍ വെനസ്വേലയെ ലാറ്റിനമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്. വെനസ്വേലക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. മദുറോ ഭരണകൂടത്തിനെതിരെ ജനവികാരം ശക്തമാണ്. എങ്കിലും ഭരണകൂടത്തെ താഴെയിറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്, ബാഹ്യശക്തികളല്ല. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. വെനസ്വേലയുടെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന നീക്കങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല. ജനാധിപത്യ സംരക്ഷണമെന്ന അമേരിക്കയുടെ അവകാശവാദം സാമ്രാജ്യത്വ താത്പര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള മൂടുപടം മാത്രമാണ്. രാജ്യത്തെ രാഷ്ട്രീയ ശക്തികള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്പക്ഷ ഇടപെടലിലൂടെയുമാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.

 

Latest