editorial
അനധികൃത സ്പാകള്‍ സാമൂഹിക വിപത്ത്
ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇച്ഛാശക്തിയും നിയമത്തിന്റെ ശക്തമായ പ്രയോഗവും ഉണ്ടെങ്കില്‍ മാത്രമേ അനധികൃത സ്പാകളെന്ന സാമൂഹിക വിപത്തിനെ വേരോടെ പിഴുതെറിയാനാകുകയുള്ളൂ.
സംസ്ഥാനത്ത് സ്പാകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന പല സ്പാകളിലും പെണ്‍വാണിഭമാണ് നടന്നുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് ലൈംഗിക കച്ചവടം നടത്തുന്ന സ്പാകള്‍ വരെയുണ്ട് സംസ്ഥാനത്ത്.
സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന വേതനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്താണ് കൗമാരക്കാരായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സ്പാകളിലെത്തിക്കുന്നത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മയക്കുമരുന്ന് നല്‍കിയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. കോവളത്തെ ഒരു സ്പായില്‍ ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ സംസ്ഥാനത്തെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കം പിടിയിലായി. ഈ ഉദ്യോഗസ്ഥന്റെ ബിനാമി സ്ഥാപനമാണ് വിവാദമായ സ്പായെന്നും ഇയാളുടെ നാല് ബേങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് അസ്വാഭാവിക സാമ്പത്തിക ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നിയമവിരുദ്ധ സ്ഥാപനങ്ങളല്ല സ്പാകള്‍. ശാരീരിക ആരോഗ്യം, സൗന്ദര്യ പരിചരണം, വെല്‍നെസ്സ് എന്നീ തലങ്ങളില്‍ നല്ലൊരു തൊഴില്‍ മേഖലയാണിത്. എങ്കിലും രജിസ്റ്റര്‍ ചെയ്ത് അംഗീകാരത്തോടെയും ചട്ടങ്ങള്‍ പാലിച്ചുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളാണ് ലൈസന്‍സ് നല്‍കേണ്ടത്. ഇതിനു പക്ഷേ ഒട്ടേറെ നിബന്ധനകളുണ്ട്. തെറാപിസ്റ്റ് ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകള്‍ പാസ്സായവരും മതിയായ യോഗ്യത നേടിയവരുമായിരിക്കണം. ആയുര്‍വേദ രീതിപ്രകാരമാണ് സ്പാ കേന്ദ്രങ്ങളിലെ മസ്സാജ്. ഉഴിച്ചില്‍ നടത്തുമ്പോള്‍ മര്‍ദത്തിലും ദിശയിലുമൊക്കെ കണിശമായ കണക്കുണ്ട്. ഇല്ലെങ്കില്‍ ആരോഗ്യത്തിനു ഹാനികരമാകും. ഇത്തരത്തില്‍ ലൈസന്‍സ് സമ്പാദിച്ചും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്ത് നിരവധി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനിടയിലാണ് ലൈസന്‍സില്ലാതെ വാടക വീടുകള്‍ കേന്ദ്രീകരിച്ചും മറ്റും അനധികൃത സ്പാകള്‍ മുളച്ചുപൊന്തുന്നത്. ഇവിടെ തെറാപിസ്റ്റുകളായി വേഷം കെട്ടുന്നവര്‍ അംഗീകൃത യോഗ്യതകളൊന്നുമില്ലാത്തവരാണ്. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പലപ്പോഴും വൈദ്യുതി പോസ്റ്റുകളിലും ചുമരുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സ്ഥാപനത്തിന്റെ പേരോ മേല്‍വിലാസമോ ഉണ്ടായിരിക്കില്ല. ആരാണ് നടത്തിപ്പുകാരെന്നുമറിയില്ല. ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ മാത്രം. ഈ നമ്പറില്‍ വിളിച്ചാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്ത ശേഷം അവിടെ എത്തുന്ന ഉപഭോക്താക്കള്‍ തെറാപിസ്റ്റുകളായി നിര്‍ത്തിയ വനിതകളില്‍ നിന്നും കുട്ടികളില്‍ നിന്നും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്താണ് ഇടപാട് നടത്തുന്നത്.
ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ “ഓപറേഷന് സ്പാ’ പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്. സ്പാകളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിക്കുകയുണ്ടായി. ഓപറേഷന് സ്പായുടെ ഭാഗമായി പോലീസ് സംസ്ഥാനത്തുടനീളം മിന്നല്‍ പരിശോധന നടത്തിവരികയുമാണ്. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ സാധാരണ ഗതിയില്‍ ഇത്തരം ഓപറേഷനുകള്‍ മൂന്നോ നാലോ ദിവസത്തെ റെയ്ഡുകളിലും ഏതാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും ചിലരെ കസ്റ്റഡിയില്‍ എടുക്കുന്നതിലും അവസാനിക്കാറാണ് പതിവ്. അതുകൊണ്ടായില്ല. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാത്ത വിധം പഴുതടച്ച അന്വേഷണവും നിയമ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
സി സി ടി വിയോ രജിസ്റ്ററോ ഇല്ലാത്ത അനധികൃത സ്പാകളിലെ അടച്ചിട്ട മുറിയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനും തെളിയിക്കാനും സാധിക്കാത്തതിനാല്‍ കുറ്റകൃത്യങ്ങളില്‍ കേസെടുക്കുന്നതിലും നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിനും പോലീസിന് പരിമിതികളുണ്ട്. ഉഭയകക്ഷി പ്രകാരമാണ് ഒത്തുകൂടിയതെന്ന് തെറാപിസ്റ്റും കസ്റ്റമറും കോടതിയില്‍ പറഞ്ഞാല്‍ പോലീസ് കുഴയും. നിയമത്തിന്റെ ഇത്തരം പഴുതുകളാണ് സംസ്ഥാനത്തുടനീളം അനധികൃത സ്പാകള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കുന്നത്. ഇത്തരം പഴുതുകളടച്ചുള്ള നിയമ നിര്‍മാണമടക്കം ആവശ്യമാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ സ്പാ കേന്ദ്രങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ അന്വേഷണം തുടരുകയും വേണം. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ മാത്രമേ അനധികൃത കേന്ദ്രങ്ങള്‍ പിന്നെയും ഉയര്‍ന്നുവരുന്നില്ലെന്ന് ഉറപ്പാക്കാനാകൂ.
ഇവ്വിഷയകമായി പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വീഴ്ചകളും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. വര്‍ഷങ്ങളായി യാതൊരു അനുമതിയുമില്ലാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെയോ പ്രാദേശിക ഭരണകൂടങ്ങളുടെയോ ശ്രദ്ധയില്‍ പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? പല പ്രദേശങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയര്‍ന്നിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ചിലരുടെ അവിശുദ്ധ ബന്ധങ്ങളും ഒത്താശയുമാണ് സ്പാ മാഫിയകള്‍ക്ക് തുണയാകുന്നത്.
ഭരണ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ മാഫിയകള്‍ക്ക് കുടപിടിക്കുന്നത് പോലീസിന്റെ വിശ്വാസ്യതയെ തകര്‍ക്കും. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കണം. കുറ്റക്കാര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം. സാമ്പത്തിക സ്വാധീനമോ രാഷ്ട്രീയ ബന്ധമോ ഉപയോഗപ്പെടുത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഇച്ഛാശക്തിയും നിയമത്തിന്റെ ശക്തമായ പ്രയോഗവും ഉണ്ടെങ്കില്‍ മാത്രമേ അനധികൃത സ്പാകളെന്ന സാമൂഹിക വിപത്തിനെ വേരോടെ പിഴുതെറിയാനാകുകയുള്ളൂ.
Content Highlights: Shocking revelations show illegal spas in Kerala are operating under the guise of the Shops and Establishment Act to run human trafficking rings. A health inspector was arrested in Kovalam for exploiting a minor, prompting the home department to launch Operation Spa. Strict legal action and continuous surveillance are urged to dismantle this mafia network.






