interview
ജനാധിപത്യ പ്രക്രിയ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അസ്തമിക്കും: കെ പി ഉണ്ണികൃഷ്ണന്‍
"പാര്‍ട്ടിയില്‍ അടിമുടി ജനാധിപത്യ പ്രക്രിയ തിരികെ കൊണ്ടുവരാനുള്ള സാഹചര്യം കോണ്‍ഗ്രസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് അസ്തമിക്കും. ജനാധിപത്യ ശൈലിയില്‍ അല്ലാതെ കോണ്‍ഗ്രസ്സിനു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അതു മറ്റൊരു പ്രസ്ഥാനമായി മാറും."
കോഴിക്കോട് | കോണ്‍ഗ്രസ്സില്‍ ഭാരവാഹികളുടെ പട്ടിക ഉണ്ടാക്കി നിയമിക്കുന്ന രീതി അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്നും മെമ്പര്‍ഷിപ്പ് അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ പ്രക്രിയ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അസ്തമിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിറാജ് ലൈവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സില്‍ ഡി സി സി ഭാരവാഹികളുടെ പട്ടിക കുറച്ചു ദിവസമായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടത് ഈ വിധമാണോ?
കോണ്‍ഗ്രസ്സിന് അതിന്റേതായ ചില പാരമ്പര്യമൊക്കെയുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും അതിനു ശേഷവും കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. അനുഭാവികളും പ്രവര്‍ത്തകരും ചേര്‍ന്ന ഒരു മഹാ പ്രസ്ഥാനമാണത്. അവര്‍ക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ മെമ്പര്‍ഷിപ്പ് നല്‍കുന്ന രീതി ഉണ്ടായിരുന്നു. ഈ മെമ്പര്‍മാരാണ് കോണ്‍ഗ്രസ്സില്‍ താഴെ തട്ടുമുതല്‍ മുകളില്‍ വരെ എല്ലാവരേയും തിരഞ്ഞെടുത്തിരുന്നത്. ആ പ്രക്രിയ ഇപ്പോള്‍ എന്തോ തടസ്സപ്പെട്ടിരിക്കുകയാണ്. വളരെ ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതി വിശേഷമാണിത്.
എന്നാല്‍ കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ല. അതിനു കേഡര്‍ പാര്‍ട്ടി ആകാനും കഴിയില്ല. കോണ്‍ഗ്രസ് ജനാധിപത്യ പ്രസ്ഥാനമായി തുടരണം എന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കു നേതൃത്വത്തെ തിരഞ്ഞെടുക്കാനും സ്വയം തിരഞ്ഞെടുക്കപ്പെടാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. താഴെ വാര്‍ഡുമുതല്‍ മേലെ എ ഐ സി സി നേതൃത്വം വരെ ഇങ്ങനെ തിരഞ്ഞെടുക്കപ്പെടാവുന്നതാണ്. ദൗര്‍ഭാഗ്യകരമായി ഈ പ്രക്രിയ ഒരു സ്തംഭനാവസ്ഥയില്‍ ആണിന്ന്. നഷ്ടപ്പെട്ടുപോയ ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കുന്നതു സംബന്ധിച്ചു നേതൃത്വം ഗൗരവതരമായി ആലോചിക്കേണ്ടതാണ്.
സംഘടനാ തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയ കോണ്‍ഗ്രസ്സിനു നഷ്ടപ്പെടുകയാണോ?
പാര്‍ട്ടിയില്‍ അടിമുടി ജനാധിപത്യ പ്രക്രിയ തിരികെ കൊണ്ടുവരാനുള്ള സാഹചര്യം കോണ്‍ഗ്രസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് അസ്തമിക്കും. ജനാധിപത്യ ശൈലിയില്‍ അല്ലാതെ കോണ്‍ഗ്രസ്സിനു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അതു മറ്റൊരു പ്രസ്ഥാനമായി മാറും.
ജനാധിപത്യ പാര്‍ട്ടിയാണു പറയുകയും നോമിനേഷനിലൂടെ നേതൃത്വത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന വൈരുധ്യമല്ലേ കോണ്‍ഗ്രസ്സില്‍ നടക്കുന്നത്?
നോമിനേഷനുകളിലൂടെയുള്ള നേതൃത്വം ജനാധിപത്യ പാര്‍ട്ടിക്കു ചേര്‍ന്നതല്ല. എന്നിട്ടും ഈ നില തുടരുന്നത് എന്തുകൊണ്ടാണ് എന്നു ചോദിച്ചാല്‍ ഇപ്പോള്‍ അതിന്റെ അടിസ്ഥാന കാരണങ്ങളിലേക്കു പോകാന്‍ പറ്റില്ല.
ഗ്രൂപ്പാണ് കോണ്‍ഗ്രസ്സിന്റെ ശക്തി എന്നൊരു വാദം കുറേ കാലമായി നിലനില്‍ക്കുന്നുണ്ടല്ലോ?
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നതു നേരാണ്. എന്നാല്‍ ഗ്രൂപ്പുകളാണ് ശക്തി എന്നു പറയുന്നത് അസംബന്ധമാണ്. ഗ്രൂപ്പുകളും നേതൃത്വ മോഹവുമെല്ലാം എല്ലാ സംഘടനകളിലും ഉള്ളതാണ്. വലിയ ആഗ്രഹങ്ങളുള്ള ചില നേതാക്കള്‍ സ്വാഭാവികമായും തങ്ങളുടെ കൂടെ ആളുകളെ നിര്‍ത്താന്‍ ശ്രമിക്കും. അതാണു ഗ്രൂപ്പുകള്‍. എന്നാല്‍ അതാണു പാര്‍ട്ടിയുടെ ശക്തി എന്നു പറയുമ്പോള്‍ ശുദ്ധ അസംബന്ധമായിരിക്കും.

കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വീതം വെപ്പുകള്‍ അവസനാപ്പിക്കുമെന്നു കെ സുധാകരനും വി ഡി സതീശനും പറയുന്നുണ്ടല്ലോ?
കോണ്‍ഗ്രസ്സില്‍ ഗ്രുപ്പുകള്‍ അവസാനിക്കുമെന്നു പ്രവചിക്കാന്‍ ഞാനൊരു ജ്യോത്സ്യനല്ല (ചിരിക്കുന്നു). ഗ്രൂപ്പുകള്‍ ഇല്ലാത്ത കോണ്‍ഗ്രസ് യാഥാര്‍ഥ്യമാവുമോ എന്നും പറയാന്‍ കഴിയില്ല. എന്നാല്‍ അതിനായുള്ള ശ്രമം നടക്കട്ടെ, അതു നല്ലതാണ്.
അഭ്രിപായ വ്യത്യാസങ്ങളും പരസ്പര മത്സരങ്ങളുമൊക്കെ എല്ലാ ജനാധിപത്യ സംഘടനകളിലുമുണ്ടാവും. അതു ഗ്രൂപ്പുകളായി സംഘടിച്ചു തീരണമെന്നില്ല.
കോണ്‍ഗ്രസ്സില്‍ പഴയ പാരമ്പര്യ ഗ്രൂപ്പുകളെ തകര്‍ത്ത് പുതിയ ഗ്രൂപ്പുകള്‍ ജനിക്കുകയാണോ?
പഴയ ഗ്രൂപ്പുകളെ തകര്‍ത്തു പുതിയ ഗ്രൂപ്പുകള്‍ പിറക്കുകയാണോ എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍ പാര്‍ട്ടിക്കു മുന്നോട്ടു പോവാന്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ മാനിക്കേണ്ടതാണ്. ഗ്രൂപ്പ് നിലവാരത്തിലല്ല അവരെ പരിഗണിക്കേണ്ടത്. കേരളത്തിലെ ഒരു വലിയ രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനു മുന്നോട്ടു പോകാന്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടണം. ഗ്രൂപ്പ് നേതാക്കള്‍ എന്ന നിലക്കല്ല അവരെ കാണേണ്ടത്; മാസ് ലീഡേഴ്‌സ് എന്ന നിലക്കായിരിക്കണം.
കോണ്‍ഗ്രസ്സില്‍ ജനാധിപത്യ പുനസ്ഥാപിക്കാന്‍ കഴിയുമെന്നു തോനുന്നുണ്ടോ?
കോണ്‍ഗ്രസില്‍ ആദ്യമായി ചെയ്യേണ്ടത് മെമ്പര്‍ ഷിപ്പ് പുനസ്ഥാപിക്കലാണ്. മെമ്പര്‍മാരുടെ സംഘടനയായി പാര്‍ട്ടി മാറ്റണം. അവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടത്. ഇതിനാവശ്യമായ ടൈംടേബിളുകളും മറ്റും തയ്യാറാക്കേണ്ടതു കേന്ദ്ര നേതൃത്വമാണ്. എ ഐ സി സി യുടെ അജണ്ടയില്‍ ജനാധിപത്യപരമായ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആശയം ഇല്ലാത്തതിനു പിന്നില്‍ പല കാരണങ്ങളും ഉണ്ടാവും.
മെമ്പര്‍ഷിപ്പില്ലാത്ത പാര്‍ട്ടിയെ വളരെ ആശങ്കയോടെയാണു ഞാന്‍ വീക്ഷിക്കുന്നത്. മെമ്പര്‍ഷിപ്പില്ലാത്ത പ്രവര്‍ത്തകരുള്ള പാര്‍ട്ടി എന്നത്് അങ്ങേയറ്റം ആശങ്കാ ജനകമാണ്. ഇത്തരം കാര്യങ്ങളൊക്കെ പലപ്പോഴായി മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താറുണ്ട്.




