Connect with us

flood in kerala

മഴയൊന്നുപെയ്താല്‍ പുഴയാണ്

മുമ്പ് താഴ്ന്ന ഗ്രാമപ്രദേശങ്ങള്‍ മാത്രം വെള്ളപ്പൊക്കങ്ങളില്‍ അകപ്പെടുമ്പോള്‍ ഒരിക്കലും വെള്ളത്തിനടിയില്‍ ആകില്ലെന്നു കരുതിയ നഗരങ്ങളുടെ ഹൃദയത്തിലേക്കാണ് ഇന്ന് മഴവെള്ളം ഇരച്ചെത്തുന്നത്, അത് ഒഴുകിപ്പോകാന്‍ വഴിയില്ലാതെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്.

Published

|

Last Updated

രൊറ്റ മഴ പെയ്താല്‍ പുഴസമാനമാകുകയാണ് നമ്മുടെ പ്രധാന നഗരങ്ങള്‍. ഇന്നലെ എറണാകുളം നഗരത്തില്‍ രാവിലെ എട്ട് മുതല്‍ ഒമ്പതര വരെ പെയ്തത് 30 സെന്റീമീറ്ററില്‍ അധികം മഴയാണ്. അസ്വാഭാവികമായ മഴപ്പെയ്ത്ത് ഗ്രാമവാസികളേക്കാള്‍ നഗരവാസികളെയാണ് ഇപ്പോള്‍ വലയ്ക്കുന്നത്. മുമ്പ് താഴ്ന്ന ഗ്രാമപ്രദേശങ്ങള്‍ മാത്രം വെള്ളപ്പൊക്കങ്ങളില്‍ അകപ്പെടുമ്പോള്‍ ഒരിക്കലും വെള്ളത്തിനടിയില്‍ ആകില്ലെന്നു കരുതിയ നഗരങ്ങളുടെ ഹൃദയത്തിലേക്കാണ് ഇന്ന് മഴവെള്ളം ഇരച്ചെത്തുന്നത്, അത് ഒഴുകിപ്പോകാന്‍ വഴിയില്ലാതെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്.

കാലാവസ്ഥാവ്യതിയാനം തന്നെ

2018 മുതല്‍ ഇങ്ങോട്ട് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം പ്രകൃത്യാ ഉണ്ടായ കാലാവസ്ഥാമാറ്റമൊന്നുമല്ല. മനുഷ്യന്റെ ഇടപെടലുകള്‍ കാലാവസ്ഥയില്‍ ഉണ്ടാക്കിയ പ്രകടമായ മാറ്റങ്ങളാണ് ഇന്ന് ഒരൊറ്റമഴയില്‍ തന്നെ നഗരഹൃദയങ്ങളെ വെള്ളത്തിനടിയിലാക്കുന്നത്. കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മതിലുകളുമൊക്കെ പെയ്യുന്ന മഴയുടെ സ്വതസിദ്ധമായ ഒഴുക്കിനെ തടയുകയും ചുരുങ്ങിയ മണിക്കൂറുകള്‍ പോലും നീണ്ടുനില്‍ക്കുന്ന മഴയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരര്‍ഥത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെ പ്രതിരോധിക്കുന്നതിനുള്ള ദീര്‍ഘകാലത്തെ പരിഹാര മാര്‍ഗങ്ങള്‍ അല്ലാതെ ഇതിന് പെട്ടെന്നുള്ള പരിഹാരങ്ങള്‍ ഏറെയില്ല.

വെള്ളപ്പൊക്കങ്ങളുടെ ചരിത്രത്തിലൂടെ

കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാള നാട്ടില്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ കേട്ടുതുടങ്ങുന്നത് 1300കളിലാണ്. 1341ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ കൃത്യമായി അറിവില്ലെങ്കിലും എറണാകുളം ജില്ലയിലെ വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി, പറവൂര്‍ പ്രദേശങ്ങളില്‍ നടത്തിയ ഭൂമിശാസ്ത്ര പഠനങ്ങളില്‍ നിന്ന് അക്കൊല്ലത്തെ വെള്ളപ്പൊക്കം കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായി പഠനങ്ങളുണ്ട്. പെരിയാര്‍ രണ്ടായി പിരിഞ്ഞൊഴുകയും ചില സ്ഥലങ്ങളില്‍ ദ്വീപുകള്‍ രൂപപ്പെട്ടതായും പറയപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിന്റെ ഉദ്ഭവം ഇക്കാലത്തായാണ് വിലയിരുത്തുന്നത്. ചങ്ങനാശ്ശേരി, കോട്ടയം, ചെറായി, വൈപ്പിന്‍, വൈക്കം എന്നീ ദ്വീപുകള്‍ക്കു സമാനമായ പ്രദേശങ്ങള്‍ ഉണ്ടായത് ആ വെള്ളപ്പൊക്കത്തോടെയാണ്. വേമ്പനാട് അഴിമുഖവും കൊച്ചി തുറമുഖവുമൊക്കെ രൂപപ്പെടുന്നതും ഈ കാലയളവിലാണ്. വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന “മുസിരിസ്’ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലെ തുറമുഖം നശിച്ചുപോകാന്‍ കാരണമായതും ഇതേ വെള്ളപ്പൊക്കമാണ് എന്നും പറയപ്പെടുന്നു.
പിന്നീട് കേരളത്തിന്റെ വെള്ളപ്പൊക്ക ചരിത്രത്തില്‍ എഴുതപ്പെട്ട വര്‍ഷം 1790 ആണ്. കേരളത്തിന്റെ ചരിത്രത്തിലെ കൃത്രിമ വെള്ളപ്പൊക്കം എന്നാണ് 1790ലെ വെള്ളപ്പൊക്കത്തെ വിലയിരുത്തുന്നത്. 1789 ഡിസംബറില്‍ തിരുവിതാംകൂര്‍ പടയോട് ടിപ്പു സുല്‍ത്താന്‍ തോറ്റുപിന്മാറിയെങ്കിലും 1790ല്‍ വീണ്ടും ആക്രമിക്കാന്‍ തുനിഞ്ഞു. എന്നാല്‍ തിരുവിതാംകൂറിന്റെ പടത്തലവന്മാരായിരുന്ന വൈക്കം പദ്മനാഭ പിള്ളയും കുഞ്ഞുകുട്ടി പിള്ളയും അവരുടെ പടയാളികളും ചേര്‍ന്ന് പെരിയാറില്‍ ഉണ്ടായിരുന്ന ഭൂതത്താന്‍കെട്ട് വലിയചിറ തകര്‍ക്കുകയും പെരിയാറിലും പരിസരങ്ങളിലും കൃത്രിമമായി വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ചെയ്തു. അതിനൊപ്പം തന്നെ ദിവാനായിരുന്ന രാജാ കേശവദാസ് പെരിയാറിലെ ജലം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ കടല്‍ഭിത്തിയുടെ ഉയരവും കൂട്ടിയിരുന്നു. ഇതുമൂലം പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ടിപ്പുവിന് ആള്‍നാശവും യുദ്ധോപകരണ നാശവുമൊക്കെ ഉണ്ടാകുകയും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. പിന്നീട് വെള്ളപ്പൊക്കം ഉണ്ടായത് 1882ലായിരുന്നു. ചെങ്കല്ലുകള്‍ നനച്ചുകൊണ്ട് ചുവന്ന നിറത്തിലൊഴുകിയ ആ വെള്ളപ്പാച്ചില്‍ കേരളത്തെ മുക്കി. പഴമക്കാര്‍ ആ വെള്ളപ്പൊക്കത്തെ ചെമ്പന്‍ വെള്ളപ്പൊക്കം എന്ന് വിളിച്ചു. 1907ലെ വെള്ളപ്പൊക്കം മുല്ലപ്പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതുമൂലമാണ് ഉണ്ടായത്. ശക്തമായ മഴ ഉണ്ടായതോടെ ജലനിരപ്പ് ഉയരുകയും തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വണ്ടിപ്പെരിയാറില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായും രേഖകള്‍ ഉണ്ട്.

1924ല്‍ പിന്നീടുണ്ടായ വെള്ളപ്പൊക്കം 99ലെ വെള്ളപ്പൊക്കം എന്നാണ് അറിയപ്പെടുന്നത്. 2018ന് മുമ്പ് നൂറ്റാണ്ടുകണ്ട മഹാപ്രളയം എന്നാണ് ഈ വെള്ളപ്പൊക്കം അറിയപ്പെടുന്നത്. ആ വര്‍ഷം ജൂലൈ 17 മുതല്‍ മൂന്നാഴ്ച നീണ്ടുനിന്ന ഈ പ്രളയം കേരളത്തിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കി. ഒന്നര വര്‍ഷംകൊണ്ട് പെയ്യേണ്ട മഴയാണ് അന്ന് 21 ദിവസം കൊണ്ട് ഭൂമിയിലേക്ക് പെയ്തിറങ്ങിയത്. മഴ പെയ്തുണ്ടായ മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കേരളത്തെ ആക്രമിച്ചു. ആലപ്പുഴ ജില്ല മുഴുവനായും എറണാകുളം ജില്ലയുടെ മുക്കാല്‍ ഭാഗവും മുങ്ങി. തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരത്തോളം വീടുകളാണ് ആ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്.

മൂന്നാര്‍ പ്രദേശങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. മഴയോടൊപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴ ആറില്‍ ഉയര്‍ന്ന വെള്ളമാണ് മൂന്നാറിനെ മുക്കിയത്. ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാകാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകര്‍ന്നതോടെ ഒരു അണക്കെട്ട് തകര്‍ന്ന പ്രതീതിയാണ് അവിടെ ഉണ്ടാക്കിയത്. റോഡുകളും റെയില്‍വേ സ്റ്റേഷനുകളും പൂര്‍ണമായും ഇല്ലാതായി. മൂന്നാറിന്റെ തിലകമായ തേയില ഫാക്ടറികള്‍ നശിച്ചു.
അതിനുശേഷം 1939, 1943, 1961, 1981, 1992 എന്നീ വര്‍ഷങ്ങളിലും വലിയ വെള്ളപ്പൊക്കം ഉണ്ടായി. പിന്നീട് ഉണ്ടായ 2018ലെ വെള്ളപ്പൊക്കം ഈ തലമുറയുടെ പേടിസ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. രണ്ടാഴ്ചയോളം നിര്‍ത്താതെ പെയ്ത മഴയിലും പേമാരിയിലും സര്‍വ അണക്കെട്ടുകളും നിറഞ്ഞു കവിഞ്ഞു. തുറന്നുവിടാതെ വേറെ വഴിയില്ലാതെ വന്നതോടെ പുഴകള്‍ കരകവിഞ്ഞു. കേരളത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിക്കാത്ത പ്രദേശങ്ങളില്‍ മീറ്ററുകള്‍ കണക്കിനാണ് വെള്ളം ഉയര്‍ന്നുപൊങ്ങിയത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ അത് തകര്‍ത്തു തരിപ്പണമാക്കി. ധാരാളം മനുഷ്യര്‍ക്ക് ജീവഹാനിയുണ്ടായി. നൂറുകണക്കിന് വീടുകള്‍ നശിച്ചു. ആ പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കേരളീയര്‍ ഇപ്പോഴും കരകയറിയിട്ടില്ല.

തുടര്‍ക്കഥയാകുന്ന വെള്ളപ്പൊക്കം

ഇതുവരെ പറഞ്ഞ വെള്ളപ്പൊക്കത്തിന്റെ കഥകള്‍ക്ക് നീണ്ട വര്‍ഷങ്ങളുടെ ഇടവേളകള്‍ ഉണ്ടെങ്കിലും ഇക്കഴിഞ്ഞ നാല് വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങള്‍ക്കും ഉരുള്‍ പൊട്ടലുകള്‍ക്കും ഇടവേളകള്‍ ഇല്ലായിരുന്നു. ഇനിയും ഇടവേളകളില്ലാതെ തന്നെ വരും വര്‍ഷങ്ങളിലും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ തുടരാന്‍ പോകുകയുമാണ്. മലയാള നാടിന് ഓണക്കാലം സമൃദ്ധിയുടെ കാലമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷത്തെ ഓണം പോലും മഴക്കെടുതികളുടെ നടുവിലാണ്. അത്തം പുലര്‍ന്ന ദിവസത്തിലാണ് എറണാകുളത്ത് മഴ വെള്ളപ്പൊക്കത്തിന്റെ പ്രതീതി നിറച്ചത്. ഇനിയും കുറച്ചുദിവസങ്ങള്‍ കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വരുമ്പോള്‍ ചിന്തിക്കേണ്ടത് ഏത് കാലമാണ് ഇനി സമൃദ്ധിയുടേതായി നമുക്ക് ബാക്കിയുള്ളത് എന്നാണ്. പ്രകൃതിയില്‍ നിന്നകലുന്തോറും നല്ല ദിനങ്ങള്‍ അന്യമാകുമെന്ന സത്യം മനസ്സിലാക്കിയില്ലെങ്കില്‍ നാളെകള്‍ എങ്ങനെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ കണക്കുകൂട്ടാനാകില്ല.

വെള്ളപ്പൊക്കം ഉണ്ടാകുന്നത്

വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ പലകാലത്തും പലതാണ്. മുമ്പുള്ള പ്രളയങ്ങളൊക്കെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടോ അക്കാലങ്ങളില്‍ അപൂര്‍വമായുണ്ടായ കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടോ ഉണ്ടായതായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ പരിഹാരങ്ങള്‍ കൂടുതലായൊന്നും നമുക്ക് ചെയ്യാനുണ്ടായിരുന്നില്ല. കാലാവസ്ഥാ പഠനങ്ങള്‍ അത്രമാത്രം പുരോഗമിക്കാതിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ പഠനങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്നത്തെ തീവ്രമഴയുടെ കാരണങ്ങള്‍ ഏതാണ്ട് മുഴുവനായും നാം വിലയിരുത്തിയിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ച പോലെ കാലാവസ്ഥാ വ്യതിയാനം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹേതുവാണ്. കേരളത്തെ സംബന്ധിച്ച് അറബിക്കടലില്‍ ഉണ്ടാകുന്ന ചൂടിന്റെ വ്യതിയാനം കേരളത്തിന്റെ മഴസാധ്യതകളെ വലിയ നിലയില്‍ സ്വാധീനിക്കുന്നുണ്ട്. ചൂടിന്റെ കാഠിന്യം മൂലം കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളുടെ ഫലമായി കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട്. എന്നാല്‍ ചൂടുകാലമല്ലാത്ത സമയങ്ങളില്‍ പോലും ഇത്തരത്തില്‍ ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുന്നത് ആഗോളതാപനത്തിന്റെ ഫലമായാണ്.

വെള്ളപ്പൊക്കത്തിന്റെ മാത്രം കാര്യമെടുത്താല്‍ നമ്മുടെ ഭൂവിനിയോഗത്തിലെ പാളിച്ചകള്‍ തന്നെയാണ് പ്രധാനവില്ലന്‍ എന്ന് മനസ്സിലാകും. പാടങ്ങളും പുഴകളും നികത്തി അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്വതസ്സിദ്ധമായ ഒഴുക്ക് നിലക്കപ്പെടുന്ന ജലം അവിടെത്തന്നെ കെട്ടിക്കിടക്കുന്നതില്‍ അത്ഭുതമില്ല. 2018 ഒരു മുന്നറിയിപ്പായിരുന്നു. എന്നാല്‍ അതിനു ശേഷവും നാം യാതൊരുപാഠവും പഠിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ആവര്‍ത്തിക്കുന്ന പ്രളയങ്ങള്‍.

പരിഹാരങ്ങള്‍

പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കത്തിന്റെയും മറ്റും പരിഹാരങ്ങള്‍ ഒന്ന്, രണ്ട് എന്ന ക്രമത്തില്‍ തീരുമാനിക്കാനാകുന്നതല്ല. പകരം ദീര്‍ഘ നാളത്തെ ശ്രമങ്ങള്‍ അതിനായി വേണ്ടിവരും. കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങളില്‍ ഉണ്ടായ മനുഷ്യന്റെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെന്ന് പഠനങ്ങളുണ്ട്. അത് പരിഹരിക്കാന്‍ അത്രതന്നെ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും എന്നര്‍ഥം. എന്നാല്‍ അതിനൊരു തുടക്കമിടാന്‍ നമുക്ക് കഴിയും. ഭൂവിനിയോഗങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നതാണ് ആദ്യപടി. ഭരണകൂടം അതിനായി ശക്തമായ നിലപാടുകള്‍ തന്നെ എടുക്കണം. ശേഷിക്കുന്ന പുഴയും പാടങ്ങളും സംരക്ഷിക്കാന്‍ മുന്നോട്ടുവരണം. ഹരിതഗൃഹ വാതകങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളോട് നാം പൂര്‍ണമായും അകലം പാലിക്കേണ്ടിയിരിക്കുന്നു.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest