Connect with us

Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

സുകാന്തിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയുടെ ആണ്‍സുഹൃത്ത് സുകാന്തിനെ കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഐബി ഉദ്യോഗസ്ഥന്‍ കൂടിയായ സുകാന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യവും പേട്ട പോലീസ് കോടതിയെ അറിയിക്കും.

സുകാന്തിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ അറിയിക്കും. അതേസമയം, സുകാന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം ഐബിയെ അറിയിച്ചിട്ടുണ്ട്. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ സുകാന്തിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.

മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്നാണ് ഐബി ഉദ്യോഗസ്ഥയുടെ പിതാവിന്റെ ആരോപണം. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

 

 

---- facebook comment plugin here -----

Latest