Connect with us

Articles

ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ

വിവിധ അന്താരാഷ്ട്ര ഗ്രൂപ്പുകൾ ഇക്കാലയളവിൽ ഇന്ത്യയിലെ വർധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ സംബന്ധിച്ച ആശങ്കകളുയർത്തിയിട്ടുണ്ട്. 2021 മാർച്ചിൽ സ്വീഡൻ ആസ്ഥാനമായുള്ള വറൈറ്റീസ് ഓഫ് ഡമോക്രസി (V Dem) ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ജനാധിപത്യം ഇലക്ടറൽ സ്വേച്ഛാധിപത്യത്തിലേക്ക് മാറി എന്നാണ് വിലയിരുത്തിയത്.

Published

|

Last Updated

ഇന്ത്യയിലെ പൗര സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകൾ കാരണം അന്താരാഷ്ട്രതലത്തിൽ രാജ്യം ഏറെ വിമർശങ്ങൾ നേരിടുന്നതിനിടെയാണ് ഇത്തവണത്തെ മനുഷ്യാവകാശ ദിനം (ഡിസംബർ 10) കടന്നുപോകുന്നത്. ആഗോള മനുഷ്യാവകാശ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞുകഴിഞ്ഞു. അന്തർദേശീയ മനുഷ്യാവകാശ സംഘടനകൾ രാജ്യത്തെ വലിയ രീതിയിൽ കുറ്റപ്പെടുത്തി. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ നിരവധി മാധ്യമങ്ങൾ ഇന്ത്യയിലെ മനുഷ്യാവകാശ സംബന്ധിയായ സാഹചര്യങ്ങളെ അപലപിച്ചുകൊണ്ട് രംഗത്തുവന്നു. യുഎന്നിന്റെ ആഗോള മനുഷ്യാവകാശ കൂട്ടായ്മയിൽ അംഗങ്ങളായ രാജ്യങ്ങൾ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മുൻകാല വിശേഷണങ്ങളിൽ നിന്ന് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണ്.
യുഎന്നിന്റെ അംഗീകാരമുള്ള ആഗോള മനുഷ്യാവകാശ കൂട്ടായ്മയായ “ഗ്ലോബൽ അലയൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഇൻസ്റ്റിറ്റ്യൂഷൻസ്’ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന് നേരത്തേ നൽകിവന്നിരുന്നത് “എ’ പദവിയായിരുന്നു. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ കമ്മീഷനുകളുടെയും ഇതര പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി അക്രഡിറ്റേഷൻ നൽകുന്നത് ഈ ഏജൻസിയാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള 110 മനുഷ്യാവകാശ സംഘങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ കൂട്ടായ്മ, യു എൻ അംഗീകരിച്ച പാരീസ് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. 1999ൽ യു എൻ അംഗീകൃത അക്രഡിറ്റേഷൻ സമ്പ്രദായം തുടങ്ങിയത് മുതൽ മുടങ്ങാതെ “എ’ പദവി നേടിക്കൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. അഞ്ച് വർഷം കൂടുമ്പോൾ നടത്തുന്ന വിലയിരുത്തലിൽ എപ്പോഴും “എ’ ഗ്രേഡ് നേടി വന്നിരുന്ന ഇന്ത്യക്ക് 2016ൽ ആ പദവി നഷ്ടമാകുകയായിരുന്നു.

2022 നവംബർ ആദ്യവാരത്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ ആനുകാലിക അവലോകന യോഗത്തിൽ ഇന്ത്യയുടെ റിപോർട്ട് അവതരിപ്പിക്കപ്പെട്ട വേളയിലും ലോകത്തിന് മുന്നിൽ ഇന്ത്യ തല കുനിക്കുകയായിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി 47 രാജ്യങ്ങളാണ് യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിലിലുള്ളത്. ഇത്തവണത്തെ അവലോകന യോഗത്തിൽ ഇന്ത്യയിൽ തുടർച്ചയായി വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങൾ, ദളിത് പീഡനങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ഹിജാബ് നിരോധനം, ഇന്റർനെറ്റ് നിരോധനം തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങളെ സംബന്ധിച്ച് മറ്റ് അംഗരാജ്യങ്ങൾ ഗൗരവമേറിയ ആശങ്കകളുന്നയിക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത, സോളിസിറ്റർ ജനറൽ തുഷാർ മേത്ത രാജ്യത്തിന്റെ അവകാശവാദങ്ങൾ വിശദീകരിച്ചെങ്കിലും അതിനെ നിരസിച്ചുകൊണ്ടായിരുന്നു മറ്റ് അംഗരാജ്യങ്ങളുടെ പ്രതികരണങ്ങൾ.
ഇത് മാത്രമല്ല, 2022 ഒക്ടോബറിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഐക്യരാഷ്ട്ര സഭാ മേധാവി, അന്റോണിയോ ഗുട്ടെറസ് ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് അങ്ങേയറ്റത്തെ ഖേദത്തോടെയാണ് പ്രതികരിച്ചത്. മുംബൈയിൽ വെച്ച് ഐ ഐ ടി വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാകണം എന്നാണ് യുഎൻ മേധാവി ഓർമിപ്പിച്ചത്.

2023 ജൂൺ മാസത്തിൽ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കൻ മാധ്യമങ്ങൾ ഒന്നടങ്കം ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ദ ന്യൂയോർക് ടൈംസ്, ദ ന്യൂയോർകർ, ലോസ് ആഞ്ചലസ്, ടൈംസ്, ഫോറിൻ അഫയേഴ്‌സ്, ദ അറ്റ്‌ലാന്റിക്, പൊളിറ്റിക്കോ തുടങ്ങിയ അമേരിക്കൻ മാധ്യമങ്ങൾ സമീപകാല ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ എതിർത്തത്.
വിവിധ അന്താരാഷ്ട്ര ഗ്രൂപ്പുകൾ ഇക്കാലയളവിൽ ഇന്ത്യയിലെ വർധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ സംബന്ധിച്ച ആശങ്കകളുയർത്തിയിട്ടുണ്ട്. 2021 മാർച്ചിൽ സ്വീഡൻ ആസ്ഥാനമായുള്ള വറൈറ്റീസ് ഓഫ് ഡമോക്രസി (V Dem) ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ജനാധിപത്യം ഇലക്ടറൽ സ്വേച്ഛാധിപത്യത്തിലേക്ക് മാറി എന്നാണ് വിലയിരുത്തിയത്. 2020ൽ ദ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് പ്രസിദ്ധീകരിച്ച ജനാധിപത്യ സൂചികയിൽ ഇന്ത്യയിലെ സാഹചര്യങ്ങളെ വിശേഷിപ്പിച്ചത് വികലമായ ജനാധിപത്യമെന്നാണ്.

2023 സെപ്തംബർ 29ന്, ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ, റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ്, ഫ്രണ്ട് ലൈൻ ഡിഫൻഡേഴ്‌സ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്‌സ്, ഇന്റർനാഷനൽ സർവീസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, ഏഷ്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡെവലപ്‌മെന്റ് തുടങ്ങി പത്തോളം അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയിലെ മനുഷ്യാവകാശ നിഷേധങ്ങൾ കൃത്യമായി ക്രോഡീകരിക്കുകയും അപകടകരമായ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര സർക്കാറിന്റെ വിമർശകരായ മാധ്യമപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും നിശബ്ദമാക്കുന്നതിനായി തീവ്രവാദ വിരുദ്ധ നിയമങ്ങളെയും സാമ്പത്തിക നിയമങ്ങളെയും രാജ്യം ദുരുപയോഗം ചെയ്യുകയാണെന്നാണ് അന്താരാഷ്ട്ര സംഘടനകൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇരകൾക്ക് വേണ്ടി നിയമപോരാട്ടങ്ങൾക്ക് സഹായങ്ങൾ നൽകിയ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ കേസുകളിൽ കുടുക്കി ജയിലിലടച്ചത്, കശ്മീരി മാധ്യമപ്രവർത്തകരായ ഫഹദ് ഷാ, സജാദ് ഗുൽ, കശ്മീരിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസ് എന്നിവരെ തടവിലിട്ടത്, ഭീമ കൊറേഗാവ് കേസിൽ സാമൂഹിക പ്രവർത്തകരെയും അക്കാദമിക്കുകളെയും ജയിലിലടച്ചത്, ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങൾ ഉയർത്തിയാണ് അന്താരാഷ്ട്ര ഗ്രൂപ്പുകൾ പ്രസ്താവനയിറക്കിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യയിലെ യു എ പി എ നിയമം ഭേദഗതി ചെയ്യണമെന്നും റിപോർട്ടിലുണ്ടായിരുന്നു.
മുസ്്ലിംകളും ക്രൈസ്തവരും ദളിതരും ആദിവാസികളുമടങ്ങുന്ന ന്യൂനപക്ഷങ്ങൾക്കെതിരെ കഴിഞ്ഞ ഒരു ശതകത്തിനിടെ വലിയ തോതിലുള്ള അക്രമമാണുണ്ടായിരിക്കുന്നത്. ഉത്തരേന്ത്യൻ ജാതിഗ്രാമങ്ങളിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കെല്ലപ്പെടുന്നത് നിത്യസംഭവമായി മാറി. ജാതിവെറിയുടെ പേരിൽ ദളിത് യുവാക്കളെ അടിച്ചുകൊല്ലുന്നതും പശുക്കടത്താരോപിച്ച് മുസ്്ലിംകളെ സംഘം ചേർന്ന് മർദിച്ച് കൊല്ലുന്നതുമെല്ലാം സർവസാധാരണ വാർത്തകളായി മാറി. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെയെല്ലാം വെറുടെ വിട്ടത്, ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് നടപ്പാക്കിയ മതംമാറ്റം തടയൽ നിയമം, ദളിതുകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ വർധന, കസ്റ്റഡി മരണങ്ങൾ, മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തടവിലിട്ടത്, പൊതുപ്രവർത്തകർക്കെതിരെ ചാരപ്പണി നടത്താൻ പെഗാസസ് എന്ന ചാര സോഫ്‌റ്റ്്വെയർ ഉപയോഗിച്ചത്, നൂറിലേറെ മുസ്്ലിം യുവതികളെ ആപ്പിലൂടെ വിൽപ്പനക്ക് വെച്ചത്, ന്യൂനപക്ഷങ്ങളുടെ കിടപ്പാടങ്ങളെ ബുൾഡോസർ കൊണ്ട് ഇടിച്ചുതകർത്തത് തുടങ്ങി സമീപകാലത്ത് ഇന്ത്യയിൽ അരങ്ങേറിയ പല മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ 2023ലെ റിപോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.

ഏറ്റുമുട്ടൽ കൊലകളും ബുൾഡോസർ രാജും ആൾക്കൂട്ട മർദനങ്ങളും പെരുകുന്നതിൽ ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്റെ ഉദാസീനത വലിയ രീതിയിൽ കാരണമാകുന്നുമുണ്ട്. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്ന വിധത്തിൽ ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ, വംശീയവും വർഗീയവും ജാതീയവുമായ അതിക്രമങ്ങൾ അനുദിനം വർധിക്കുമ്പോൾ നിഷ്‌ക്രിയമായി നോക്കിനിൽക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയ്യുന്നത്.

മാധ്യമപ്രവർത്തകൻ

Latest