Connect with us

National

കോടതി ഉത്തരവ് മറികടന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകാൻ പതഞ്ജലിക്ക് എങ്ങിനെ ധൈര്യം വന്നു? - സുപ്രീം കോടതി

കേന്ദ്ര സർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | സുപ്രീം കോടതിയുടെ വിലക്ക് മറികടന്ന്, അലോപ്പതി മരുന്നുകൾക്കും വാക്സിനേഷനുമെതിരെ പത്രപരസ്യം നൽകിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിക്സിനെയും ഇതിനെതിരെ നടപടി എടുക്കാത്ത കേന്ദ്ര സർക്കാറിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല പതഞ്ജലിയുടെ അഭിഭാഷകനോട് ചോദിച്ചു. കേന്ദ്ര സർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും സുപ്രീം കോടതി വിമർശിച്ചു.

പതഞ്ജലി ഉൽപ്പന്നങ്ങൾ കെമിക്കൽ അധിഷ്ഠിത മരുന്നുകളേക്കാൾ മികച്ചതാണെന്ന് എങ്ങനെ പറയുമെന്ന് സുപ്രീം കോടതി പതഞ്ജലിയോട് ചോദിച്ചു. പതഞ്ജലയുടെ പരസ്യം പ്രസിദ്ധീകരിച്ച പത്രവുമായാണ് ജസ്റ്റിസ് അഹ്സനുദ്ദീൻ കോടതിയിലെത്തിയത്. പതഞ്ജലി കോടതിയെ പ്രകോപിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

‘ഞങ്ങൾ വളരെ കർശനമായ ഉത്തരവാണ് പുറപ്പെടുവിക്കാൻ പോകുന്നത്. രോഗം ഭേദമാക്കുമെന്ന് എങ്ങനെ പറയും? കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച്, രാസവസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളേക്കാൾ മികച്ചതാണ് പതഞ്ജലിയെന്ന് നിങ്ങൾ പറയുന്നു. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും ജസ്റ്റിസ് അഹ്സനുദ്ധീൻ വ്യക്തമാക്കി. ഇതിന് പിന്നാലെ പതഞ്ജലിയുടെ അഭിഭാഷകരോട് പരസ്യം കാണാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്ന് നേരത്തെയുള്ള ഹിയറിംഗിൽ പതഞ്ജലിക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു പ്രത്യേക രോഗം ഭേദമാക്കാൻ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ചാൽ ഓരോ ഉൽപ്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുന്ന കാര്യം ബെഞ്ചിന് പരിഗണിക്കാമെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്.

പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

Latest