Connect with us

International

സഊദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; ഇന്ത്യക്കാരനുള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

Published

|

Last Updated

അബഹ | സഊദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ വ്യോമാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇവര്‍ക്ക് പരുക്കേറ്റത്. സഊദി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വെളിപ്പെടുത്തിയതാണ് ഈ വിവരം.

ഇന്നലെ ഉച്ചക്ക് 12:05 ഓടെയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെയും വിമാനത്താവള ജീവക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. പരുക്കേറ്റവരില്‍ രണ്ട് പേര്‍ സഊദി പൗരന്മാരാണ്. നാലുപേര്‍ ബംഗ്ലാദേശികളും മൂന്നുപേര്‍ നേപ്പാളികളുമാണ്. ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തുള്ള ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് കേണല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു.

Latest