Connect with us

International

ചരിത്ര വിജയം; ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസിന് അധികാരത്തുടർച്ച

21 വർഷത്തിനിടെ ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി തുടർച്ചയായ രണ്ടാം തവണയും മൂന്ന് വർഷത്തെ കാലാവധിയിൽ വിജയിക്കുന്നത് ഇതാദ്യമാണ്.

Published

|

Last Updated

കാൻബെറ | പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അധികാരത്തുടർച്ച. 21 വർഷത്തിനിടെ ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി തുടർച്ചയായ രണ്ടാം തവണയും മൂന്ന് വർഷത്തെ കാലാവധിയിൽ വിജയിക്കുന്നത് ഇതാദ്യമാണ്. ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ആൽബനീസിന്റെ സെന്റർ-ലെഫ്റ്റ് ലേബർ പാർട്ടി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിൽ ഭൂരിപക്ഷം നേടി. ലേബർ പാർട്ടിക്ക് 70 സീറ്റുകൾ ലഭിച്ചുവെന്നാണ് പ്രവചനം.

പീറ്റർ ഡട്ടൺ നയിക്കുന്ന യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. അവർക്ക് 24 സീറ്റുകൾ മാത്രമാണ് നേടാനായത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാർട്ടി നേതാവ് പീറ്റർ ഡട്ടൺ പറഞ്ഞു. ചരിത്രപരമായ വിജയത്തിൽ ആൽബനീസിനെ അദ്ദേഹം അഭിനന്ദിച്ചു.

ഇതിനു പിന്നാലെ പ്രധാനമന്ത്രി മോദി ആൽബനീസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ആൽബനീസിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയൻ ജനങ്ങളുടെ ശാശ്വതമായ വിശ്വാസമാണ് ഈ ഉജ്ജ്വലമായ വിജയം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ഇൻഡോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

പാർലമെന്റിന്റെ അധോസഭയിലെ 150 സീറ്റുകളിൽ ഭൂരിപക്ഷ സർക്കാറോ ന്യൂനപക്ഷ സർക്കാറോ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലേബർ പാർട്ടിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്തിമ സീറ്റ് വിഹിതങ്ങൾക്കനുസരിച്ചായിരിക്കും ഇത് കണക്കാക്കാനാകുക. ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിലെ അനലിസ്റ്റ് ആന്റണി ഗ്രീനിന്റെ പ്രവചനം അനുസരിച്ച് ലേബർ പാർട്ടി 76 സീറ്റുകളും സഖ്യം 36 സീറ്റുകളും സ്വതന്ത്ര പാർട്ടികൾ 13 സീറ്റുകളും നേടും.

ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പിൽ ഇത്തവണ ഊർജ്ജ നയവും പണപ്പെരുപ്പവുമാണ് പ്രധാനമായും പ്രചാരണവിഷയമായത്.

Latest