Connect with us

interview

"ഹിജാബ് എന്റെ ഐഡന്റിറ്റിയാണ്; നീതി കിട്ടും വരെ പോരാടും"; ഹിജാബ് സമരത്തിന്റെ മുഖമായ ആലിയ അസദിയുമായി അഭിമുഖം

"ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങള്‍ക്ക് നേരെ വളരെ മോശമായ കമന്റുകള്‍ പറയാറുണ്ട്. ഹിജാബ് ധരിച്ച് വന്ന ഞങ്ങളുടെ സീനിയര്‍ പെണ്‍കുട്ടികളോട്, ഹിജാബ് നിങ്ങള്‍ക്ക് അത്ര പ്രധാനമാണോ? നിങ്ങള്‍ കുളിക്കുമ്പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം. അവര്‍ എന്തിന് ഞങ്ങളുടെ കുളിമുറിയില്‍ വരണം എന്നതാണ് എന്റെ ചോദ്യം. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങള്‍ കുളിക്കുമ്പോള്‍ ഹിജാബ് ധരിക്കുമോ ഇല്ലയോ എന്നത് അവരുടെ വിഷയമല്ല."

Published

|

Last Updated

  • “ഒരു പെണ്‍കുട്ടി സ്വയം തുറന്നുകാട്ടുമ്പോള്‍, ആരും അവളെ തടസ്സപ്പെടുത്താന്‍ വരുന്നില്ല. എങ്കില്‍ ഒരു പെണ്‍കുട്ടി സ്വയം മറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആളുകള്‍ എന്തിനാണ് ബുദ്ധിമുട്ടുന്നത്?. സിഖ് വിദ്യാര്‍ത്ഥികള്‍ തലപ്പാവ് ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്. അതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടോ? അധിൃതരുടെ നിർബന്ധത്തെ തുടര്‍ന്ന് ഹിജാബ് ധരിക്കാതെ കുറച്ച് ദിവസം ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകേണ്ടിവന്നു. ഇപ്പോള്‍ ഞങ്ങളുടെ ആ ചിത്രങ്ങള്‍ വൈറലാകുകയാണ്. ഈ പെണ്‍കുട്ടികള്‍ ഒരിക്കലും ഹിജാബ് ധരിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങള്‍ ചൂണ്ടി പറയുന്നു. ഞങ്ങളുടെ അധ്യാപകര്‍ മോശമായാണ് ഞങ്ങളോട് സംസാരിക്കുന്നത്. പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ അവര്‍ ആവശ്യപ്പെടുന്നു. എന്താണ് ഇതെല്ലാം?”

ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന എട്ട് പെണ്‍കുട്ടികളില്‍ ഒരാളായ ആലിയ അസദി പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിൻെറ പ്രതിനിധി പൂനം കൗശലിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിത്. ഹിജാബിന് വേണ്ടിയുള്ള നിയമപോരാട്ടത്തിന്റെ മുഖമായി ആലിയ മാറിക്കഴിഞ്ഞു. ആലിയയുടെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

  • എത്ര കാലമായി ഹിജാബ് ധരിച്ച് തുടങ്ങിയിട്ട്?

കുട്ടിക്കാലം മുതല്‍, ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ ഹിജാബ് ധരിക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ എന്റെ കൂടെ പഠിച്ച മറ്റ് മൂന്ന് പെണ്‍കുട്ടികളും എപ്പോഴും ഹിജാബ് ധരിക്കുന്നു. അവരും ഈ പോരാട്ടത്തില്‍ പങ്കാളികളാണ്.

  • എപ്പോഴാണ് കോളേജ് ഹിജാബ് നിരോധിച്ചത്? രേഖാമൂലമുള്ള ഉത്തരവ് ഉണ്ടായിരുന്നോ?

രേഖാമൂലമുള്ള ഉത്തരവ് ഉണ്ടായിരുന്നില്ല. പ്ലസ് വണില്‍ പഠിക്കുമ്പോള്‍ ഹിജാബ് ധരിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അക്കാലത്ത് ഞങ്ങളുടെ സീനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടായിരുന്നു. പക്ഷേ അധികൃതരുടെ സമ്മര്‍ദത്തിന് വഴങ്ങി ഞങ്ങള്‍ക്ക് അന്ന് ഹിജാബ് ഒഴിവാക്കേണ്ടിവന്നു.

  • ഈ വിഷയം നിങ്ങള്‍ ക്യാമ്പസ് ഫ്രണ്ടിനെ അറിയിച്ചതായി പറയപ്പെടുന്നു. ക്യാമ്പസ് ഫ്രണ്ട് ആണോ ഇതിനു പിന്നില്‍?

ഞങ്ങള്‍ പൊടുന്നനെ ഈ വിഷയം ക്യാമ്പസ് ഫ്രണ്ടിന് മുന്നില്‍ ഉന്നയിച്ചെന്നാണ് ആളുകള്‍ പറയുന്നത്. ഞാനിപ്പോള്‍ പ്ലസ്ടുവിലാണ് പഠിക്കുന്നത്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഹിജാബ് ഊരിമാറ്റാന്‍ നിര്‍ബന്ധിതനായി.

അപ്പോള്‍ ഞങ്ങളുടെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വരുന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളെ അനുവദിച്ചില്ല. എന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. പിന്നീട് കൊവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ പ്രശ്‌നം തത്കാലം അവിടെ നിന്നു. പക്ഷേ ക്ലാസ് വീണ്ടും ആരംഭിച്ചപ്പോള്‍ ഹിജാബിന് അനുമതി നല്‍കാന്‍ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ പ്രിന്‍സിപ്പലുമായി പലതവണ സംസാരിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

ഞങ്ങളുടെ കുടുംബാംഗങ്ങളെ രണ്ടും മൂന്നും മണിക്കൂര്‍ ഓഫീസിന് പുറത്ത് നിര്‍ത്തി അദ്ദേഹം. ഇതെല്ലാം വളരെ നിരാശാജനകമായിരുന്നു. ഇതോടെ ഞങ്ങള്‍ ഒരു പ്രതിഷേധം ആരംഭിക്കാന്‍ നിര്‍ബന്ധിതരായി. അങ്ങിനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം സ്വീകരിക്കേണ്ടിവന്നത്.

  • എന്തുകൊണ്ടാണ് ഹിജാബ് നിങ്ങള്‍ ഇത്ര പ്രധാനമായികരുതുന്നത്. അതിന് വേണ്ടി പ്രതിഷേധിക്കാന്‍ പോലും നിങ്ങള്‍ തയ്യാറാകുന്നു.

ഹിജാബ് ഇല്ലാതെ ഒരു ദിവസം ജീവിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാരണം അത് ഇപ്പോള്‍ എന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. കുട്ടിക്കാലം മുതല്‍ ഞാന്‍ ഹിജാബ് ധരിക്കുന്നു. അത് എന്റെ അഭിമാനവും വികാരവുമാണ്.

  • ഹിജാബ് കാരണം നിങ്ങളുടെ പഠനം മുടങ്ങുന്നത് നഷ്ടമുണ്ടാക്കില്ലേ?

ഹിജാബ് കാരണം എന്റെ പഠനം എന്തിന് നിര്‍ത്തണം? ഹിജാബ് ധരിക്കുക എന്നത് എന്റെ അവകാശമാണ്. വിദ്യാഭ്യാസം നേടുക എന്നതും എന്റെ അവകാശമാണ്. ഞാന്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്.

  • ഹിജാബ് അല്ലെങ്കില്‍ വിദ്യാഭ്യാസം – ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?

ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്ന് പോലുമില്ല. രണ്ടും എന്റെ അവകാശങ്ങളാണ്. എനിക്ക് രണ്ടും വേണം. ഒന്ന് മാത്രം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല.

  • ഈ പ്രശ്‌നം ഇത്ര വലുതാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ?

ഈ പ്രശ്‌നം ഇത്ര വലുതാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ഞങ്ങളെ മനസ്സിലാക്കുമെന്നാണ് കരുതിയത്. ഇതാദ്യമായല്ല ഒരാള്‍ ഹിജാബ് ധരിച്ച് ഇവിടെ വരുന്നത്. ഇതൊരു വലിയ വര്‍ഗീയ പ്രശ്‌നമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

  • നിങ്ങളുടെ കുടുംബത്തിന് ഇതേക്കുറിച്ച് ആശങ്കയുണ്ടോ?

ഇപ്പോള്‍ ഞങ്ങളുടെ ബന്ധുക്കള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ധാരാളം ഭീഷണികള്‍ വരുന്നതിനാല്‍ അവര്‍ വളരെ ആശങ്കാകുലരാണ്.

  • ഈ പ്രതിഷേധത്തെക്കുറിച്ച് നിങ്ങളുടെ ഹിന്ദു സുഹൃത്തുക്കളുടെ പ്രതികരണം എന്താണ്?

തുടക്കത്തില്‍ ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇത് ഞങ്ങളുടെ അവകാശമാണെന്നും അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങളാണ് ചോദിക്കുന്നതെന്നും ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുമെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞതെന്ന് മനസ്സിലാകുന്നില്ല.

  • ഹിജാബ് ഒരു തരത്തില്‍ തടസ്സമാണെന്ന് പലരും പറയുന്നു. ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

ഹിജാബ് എനിക്ക് ഒരു തടസ്സമല്ല. തടസ്സം എന്ന് പറയുന്നവരോട് എന്താണ് ആ തടസ്സമെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  • ഹിജാബ് ഒരു പഴയ ആചാരമാണെന്നും അത് കാലത്തിനനുസരിച്ച് മാറ്റണമെന്നും ചിലര്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്ത് പറയുന്നു?

ഒരു പെണ്‍കുട്ടി അവളെ തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുമ്പോള്‍, അവള്‍ പുതിയ തലമുറയില്‍ പെട്ടവളാണെന്ന് പറയപ്പെടുന്നു. ജനങ്ങളും അവര്‍ക്ക് പിന്തുണ നല്‍കുന്നു. ഞങ്ങള്‍ ശരീരം മറയ്ക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്തുകൊണ്ട് ഞങ്ങളെ പിന്തുണയ്ക്കുന്നില്ല?

  • ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ പഴയ ചിന്താഗതിക്കാരാണെന്നും പിന്നോക്കക്കാരാണെന്നും ഒരു കാഴ്ചപ്പാടുണ്ട്. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്ത് പറയും?

അങ്ങനെ പറയുന്നവരുടെ ചിന്ത പഴയതാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ഇഷ്ടപ്പെട്ടും സ്വതന്ത്രമായുമാണ് ഞങ്ങള്‍ ഹിജാബ് ധരിക്കുന്നത്. ഇതൊന്നും മനസ്സിലാവാത്തവരുടെ ചിന്ത പഴയതാണ്. എന്റെ മതം എന്നോട് ഹിജാബ് ധരിക്കാന്‍ പറയുന്നു. പക്ഷേ ആരും എന്നെ അതിന് നിര്‍ബന്ധിക്കുന്നില്ല. ഇത് എന്റെ സ്വതന്ത്ര തിരഞ്ഞെടുപ്പാണ്. അതില്‍ എനിക്ക് സുഖമുണ്ട്. ഹിജാബ് ഇല്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാണ്. ഹിജാബ് എന്റെ ഐഡന്റിറ്റിയാണ്. എന്തുകൊണ്ടാണ് ആളുകള്‍ ഇത് മനസ്സിലാക്കാത്തത്?

  • ഹിജാബ് മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പലരും വിശ്വസിക്കുന്നു. അവര്‍ കുട്ടിക്കാലം മുതല്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അങ്ങനെയാണോ?

ഹിജാബ് ധരിക്കാന്‍ ഞാന്‍ ഇത്രയധികം സമ്മര്‍ദ്ദം നേരിടുന്നുവെങ്കില്‍ എന്റെ ഹിജാബ് സംരക്ഷിക്കാന്‍ ഞാന്‍ പോരാടുമോ? എന്റെ മേല്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ല.

ഹിജാബ് എന്റെ ജീവിതത്തിന്റെയും എന്റെ സ്വത്വത്തിന്റെയും ഭാഗമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഹിജാബ് ധരിക്കാന്‍ പെണ്‍കുട്ടികളെ ആരും നിര്‍ബന്ധിക്കുന്നില്ല. അവള്‍ അത് അവളുടെ ഇഷ്ടപ്രകാരമാണ് ധരിക്കുന്നത്. നമ്മളെപ്പോലുള്ള പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് എന്തെങ്കിലുമൊക്കെ സമ്മര്‍ദ്ദത്തിലാണെന്ന് കരുതുന്നവരാണ് പഴയ ചിന്താഗതിക്കാര്‍.

  • ഈ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണ്. ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. അത് ശരിയാണോ?

അങ്ങനെ പറയുന്നവരാണ് രാഷ്ട്രീയം കളിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കാര്യം എനിക്കറിയില്ല. സ്‌കോളര്‍ഷിപ്പിന്റെ പ്രശ്‌നമായാലും മറ്റേത് പ്രശ്‌നമായാലും എല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഞങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ എന്റെ കുടുംബാംഗങ്ങളും ക്യാമ്പസ് ഫ്രണ്ടും മുസ്ലീം സമുദായവും എന്നോടൊപ്പമുണ്ട്.

  • ഈ പ്രതിഷേധം ആസൂത്രിതണെന്നും ആക്ഷേപമുണ്ട്.?

ഇതിന് പണം കിട്ടിയെന്ന് പലരും പറയുന്നുണ്ട്. അവര്‍ക്ക് എന്ത് വേണമെങ്കിലും പറയാന്‍ കഴിയും. പക്ഷേ ഞാന്‍ എന്തിനാണ് പോരാടുന്നതെന്ന് എനിക്കറിയാം.

ഞാന്‍ എന്തിനാണ് പോരടിക്കുന്നതെന്ന് ആരോടും പറയേണ്ടതില്ല. എനിക്ക് നീതി കിട്ടും വരെ ഞാന്‍ പോരാടും. ഇത് എന്റെ മാത്രമല്ല, എന്റെ മുഴുവന്‍ തലമുറയുടെയും പോരാട്ടമാണ്. ഇത് വരും തലമുറയുടെയും എന്റെ സഹോദരിമാരുടെയും പോരാട്ടമാണ്.

  • നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്താണ്?

എനിക്ക് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമില്ല. ഒരു പാര്‍ട്ടിയെയും ഞാന്‍ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ നടക്കുന്ന രാഷ്ട്രീയം, രാഷ്ട്രീയം എത്ര വൃത്തികെട്ടതാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.

  • മുന്നോട്ടുള്ള പ്രയാണത്തെ നിങ്ങള്‍ എത്ര പ്രയാസകരമായി കാണുന്നു?

മുന്നോട്ടുള്ള പോരാട്ടം വളരെ ബുദ്ധിമുട്ടേറിയതാണ്. പക്ഷേ കോടതി ഞങ്ങള്‍ക്ക് അനുകൂലമായ വിധി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. എന്നിരുന്നാലും, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ചിലര്‍ മറ്റു കലാലയങ്ങളിലും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അദ്ധ്യാപകരും അതിനെ പിന്തുണയ്ക്കുന്നത് സങ്കടകരമാണ്.

  • സ്‌കൂളുകളിലും കോളജുകളിലും തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും യൂണിഫോം ധരിക്കണമെന്നും അഭിപ്രായമുണ്ട്. ഇത് സമത്വം കൊണ്ടുവരുകയും വിവേചനം അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്താണ് അഭിപ്രായം?

യൂണിഫോം ആവശ്യമാണ്. കാരണം അത് സമത്വം കൊണ്ടുവരുന്നു, എന്നാല്‍ സമത്വം കാഴ്ചയില്‍ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം. നിങ്ങളുടെ ഹൃദയത്തില്‍ സമത്വമുണ്ടെങ്കില്‍, നിങ്ങള്‍ യൂണിഫോമിലല്ലെങ്കിലും നിങ്ങള്‍ തുല്യരായിരിക്കും. യൂണിഫോം ധരിക്കില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബും ഞങ്ങള്‍ ധരിക്കും. ഇതാദ്യമായല്ല ഒരാള്‍ ഹിജാബ് ധരിച്ച് ഞങ്ങളുടെ കോളേജില്‍ വരുന്നത്.

  • ഈ വിവാദം ഇത്രയധികം വലുതായതിന് ശേഷം എന്ത് തരത്തിലുള്ള പ്രതികരണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?

വളരെ മോശമായ കമന്റുകളാണ് ഞങ്ങള്‍ക്കെതിരെ വരുന്നത്. ഞാന്‍ എന്റെ ഭരണഘടനാപരമായ അവകാശം ആവശ്യപ്പെടുന്നു. എന്നാല്‍ ആളുകള്‍ എന്നോട് പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ ആവശ്യപ്പെടുന്നു. ഇത് എന്താണ്?. ഒരു പെണ്‍കുട്ടി അവളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ അവള്‍ പാകിസ്ഥാനിലേക്ക് പോകണമോ?. ഒരു മുസ്ലീം തന്റെ അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ അയാള്‍ പാകിസ്ഥാനിലേക്ക് പോകണോ? അയാള്‍ക്ക് ഈ നാട്ടില്‍ നീതിയില്ലേ?

ഇതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. ഇത്തരം അഭിപ്രായങ്ങള്‍ എനിക്ക് ഒരു മാറ്റവും വരുത്തിയില്ല, കാരണം ഇങ്ങനെ സംസാരിക്കുന്ന ആളുകള്‍ നിരക്ഷരരാണ്. അവര്‍ക്ക് ഭരണഘടന മനസ്സിലാകുന്നില്ല. അവര്‍ എന്നോട് പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നു, പാകിസ്ഥാന്‍ അവരുടെ രാജ്യമാണോ, അവര്‍ എന്നോട് അവിടെ പോകാന്‍ ആവശ്യപ്പെടുന്നു.

  • നിങ്ങളുടെ സ്‌കൂളില്‍ നിന്ന് എന്തെങ്കിലും പിന്തുണ ലഭിച്ചിരുന്നോ?

എന്റെ സ്‌കൂള്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കില്‍ ഈ വിഷയം ഇവിടം വരെ എത്തില്ലായിരുന്നു. ഇത് ഇത്രവലിയ പ്രശ്‌നമായി മാറുമായിരുന്നില്ല. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ പലതവണ സ്‌കൂളില്‍ വന്ന് പ്രിന്‍സിപ്പലിനെ കണ്ടു ഹിജാബ് ധരിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.

മീറ്റിംഗ് കഴിയുന്നതുവരെ ഹിജാബ് ധരിക്കേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്നു. കോളേജ് മീറ്റിംഗ് കഴിഞ്ഞ് ഹിജാബ് ധരിക്കാന്‍ അനുവദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ അത് നടന്നില്ല. ഹിജാബ് ധരിക്കാതെ ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന സമയത്തെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ പെണ്‍കുട്ടികള്‍ ഒരിക്കലും ഹിജാബ് ധരിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

  • കോളേജിലെ അന്തരീക്ഷം നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?

ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങള്‍ക്ക് നേരെ വളരെ മോശമായ കമന്റുകള്‍ പറയാറുണ്ട്. ഹിജാബ് ധരിച്ച് വന്ന ഞങ്ങളുടെ സീനിയര്‍ പെണ്‍കുട്ടികളോട്, ഹിജാബ് നിങ്ങള്‍ക്ക് അത്ര പ്രധാനമാണോ? നിങ്ങള്‍ കുളിക്കുമ്പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം. അവര്‍ എന്തിന് ഞങ്ങളുടെ കുളിമുറിയില്‍ വരണം എന്നതാണ് എന്റെ ചോദ്യം. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങള്‍ കുളിക്കുമ്പോള്‍ ഹിജാബ് ധരിക്കുമോ ഇല്ലയോ എന്നത് അവരുടെ വിഷയമല്ല.

  • ഇപ്പോള്‍ ഈ വിവാദം വളരെ വലുതായിത്തീര്‍ന്നിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഹിന്ദുക്കള്‍ക്കും മറ്റ് മതസ്ഥര്‍ക്കും അവരുടെ മതചിഹ്നങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെടാം. ഇത് മത സ്വത്വം ആധിപത്യം സ്ഥാപിക്കാനിടയാക്കില്ലേ?

ഉത്തരേന്ത്യയിലെ സിഖുകാര്‍ തലപ്പാവ് ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്. അതിന് ഒരു തടസ്സവുമില്ല. തലപ്പാവ് ധരിക്കുന്നത് യൂണിഫോം ലംഘിക്കുന്നില്ലേ? അവിടെ സമത്വമുണ്ടോ? അവര്‍ നന്നായി സ്‌കൂളില്‍ പോകുന്നു, അല്ലേ?

അതുപോലെ നമ്മുടെ ഹിജാബ് കൊണ്ട് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകരുത്. നിങ്ങളും ഹിജാബ് ധരിച്ച് വരണമെന്ന് ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാവര്‍ക്കും മതവിശ്വാസമുണ്ട്. തലപ്പാവ് അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് ഹിജാബ് അനുവദിച്ചുകൂടാ.

  • നിങ്ങള്‍ എങ്ങനെയാണ് ഇന്ത്യയെ സങ്കല്‍പ്പിക്കുന്നത്?

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. നമ്മള്‍ ഒരുമിച്ചാല്‍ അവരുടെ കസേര നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാവുന്നതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. പേരില്‍ മാത്രമല്ല, ഇന്ത്യ യഥാര്‍ത്ഥത്തില്‍ മതേതരമാകണമെന്ന് ഞാന്‍ കരുതുന്നു.

  • ഈ വിഷയത്തില്‍ പാകിസ്ഥാനും അഭിപ്രായം രേഖപ്പേടുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?

ഈ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രതികരിച്ചതായി എനിക്കറിയില്ല. ഈ വിഷയത്തില്‍ രാജ്യത്തിന് പുറത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് കൂടുതല്‍ അറിയില്ല. എന്നെ എതിര്‍ക്കുന്ന എന്റെ സുഹൃത്തുക്കള്‍ കണ്ണുതുറന്ന് കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ രാജ്യം മഹത്തരമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

 

മൊഴിമാറ്റം: സയ്യിദ് അലി ശിഹാബ്

കടപ്പാട്: ദെെനിക് ഭാസ്കർ