Kerala
ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; കാണാതായ പീഠം കണ്ടെത്തിയതായി ദേവസ്വം കോടതിയെ അറിയിക്കും
സ്വര്‍ണ്ണപാളികളുടെ ഭാരം കുറഞ്ഞതില്‍ വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.
കൊച്ചി | ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ തൂക്കക്കുറവ് വന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വം ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. കാണാതായ പീഠം കണ്ടെത്തിയ കാര്യവും ദേവസ്വം കോടതിയെ അറിയിക്കും.
സ്വര്‍ണ്ണപാളികളുടെ ഭാരം കുറഞ്ഞതില്‍ വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. 2019ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും ക്ഷേത്ര സമതിക്ക് വലിയ വീഴ്ച സംഭവിച്ചതായും കോടതി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തിയ വിവരവും ദേവസ്വം വിജിലന്‍സ് കോടതിയെ അറിയിക്കും. പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധു വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്.



