Kerala
കള്ളക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി
താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
കണ്ണൂര്‍| പോലിസ് കള്ളക്കേസില്‍ കുടുക്കിയ പ്രവാസിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പോലിസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും ഹൈക്കോടതി എടുത്തുപറഞ്ഞു.
താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ല്‍ ഈ കേസില്‍ 54 ദിവസം താജുദ്ദീന്‍ ജയിലില്‍ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീന്‍ കുറ്റവിമുക്തനാവുകയും ചെയ്തു. കുറ്റവിമുക്തനായ ശേഷം താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.




