experiance
കാലാക്കുണ്ടിലെ പൈതൃകത്തീവണ്ടി
ഇന്ത്യൻ ഭൂപടത്തിൽ നാഡീഞരമ്പുകൾ പോലെ പിണഞ്ഞുകിടക്കുന്ന തീവണ്ടിപ്പാളങ്ങൾക്കിടയിൽ നേർത്ത് നീളംകുറഞ്ഞ ചില കുഞ്ഞു മീറ്റർ ഗേജ് പാതകളുമുണ്ട്. ഇവയിലൂടെ ചില കുഞ്ഞൻ വണ്ടികൾ കിതച്ചു കിതച്ചു പുക തുപ്പി പമ്മിപ്പമ്മി പോകുന്നുണ്ട്. അവയുടെ ഊഞ്ഞാൽ ചാഞ്ചാട്ടവും ഇടക്കിടെ യാത്രക്കാരെ ഞെട്ടിപ്പിക്കുന്ന ബ്രേക്കിടലുകൾ സഹിതമുള്ള സഞ്ചാരവും പഴയകാലത്തെ യാത്രാലോകത്തിൽ നമ്മളെ കൊണ്ടെത്തിക്കും. വേഗത്തിന്റെ ഇക്കാലത്ത് അലസമട്ടിൽ ഉലഞ്ഞുലഞ്ഞുള്ളയീ യാത്രകൾ പഴമയിൽ ചാലിച്ച ആസ്വാദ്യത സമ്മാനിക്കുന്നു.
ഇന്ത്യൻ ഭൂപടത്തിൽ നാഡീഞരമ്പുകൾ പോലെ പിണഞ്ഞുകിടക്കുന്ന തീവണ്ടിപ്പാളങ്ങൾക്കിടയിൽ നേർത്ത് നീളംകുറഞ്ഞ ചില കുഞ്ഞു മീറ്റർ ഗേജ് പാതകളുമുണ്ട്. ഇവയിലൂടെ ചില കുഞ്ഞൻ വണ്ടികൾ കിതച്ചു കിതച്ചു പുക തുപ്പി പമ്മിപ്പമ്മി പോകുന്നുണ്ട്. അവയുടെ ഊഞ്ഞാൽ ചാഞ്ചാട്ടവും ഇടക്കിടെ യാത്രക്കാരെ ഞെട്ടിപ്പിക്കുന്ന ബ്രേക്കിടലുകൾ സഹിതമുള്ള സഞ്ചാരവും പഴയകാലത്തെ യാത്രാലോകത്തിൽ നമ്മളെ കൊണ്ടെത്തിക്കും. വേഗത്തിന്റെ ഇക്കാലത്ത് അലസമട്ടിൽ ഉലഞ്ഞുലഞ്ഞുള്ളയീ യാത്രകൾ പഴമയിൽ ചാലിച്ച ആസ്വാദ്യത സമ്മാനിക്കുന്നു. അധികം ദീർഘമല്ലാത്ത, ഒരു വെപ്രാളരഹിത യാത്ര കൊതിക്കുന്നവർക്കുവേണ്ടി ഒരു ടൂറിസ്റ്റ് തീവണ്ടി മധ്യപ്രദേശിലോടുന്നുണ്ട്. കയറി വരിക! ഞാനിതൊക്കെയാണ് നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത്. അങ്ങനെ പറയാതെ പറയാൻ വേണ്ടിയാണ് സുന്ദരനായ 52965/ 52966 വണ്ടി തന്റെ പുറത്ത് ആ ഗാട്ടുറൂട്ടിലെ വഴിയോരക്കാഴ്ച ചിത്രപ്പണിയുടെ അലങ്കാരമണിഞ്ഞിരിക്കുന്നത്. അതീവ സമാധാനത്തിന്റെയൊരു മുഴുദിനയാത്ര ഈ വണ്ടിയിൽ തരപ്പെടുത്താൻ ഇൻഡോ റിൽ നിന്നും ഇരുപത് കിലോമീറ്ററുകൾ അകലെയുള്ള മോവ് എന്ന സ്റ്റേഷനിലെത്തണം. മോവ് (മിലിറ്ററി ഹെഡ്ക്വർട്ടേഴ്‌സ് ഓഫ് വാർ) ബ്രിട്ടീഷുകാർ വളർത്തിയ സൈനിക കേന്ദ്രമായിരുന്നു. ഇപ്പോളത് അറിയപ്പെടുന്നത് അംബേദ്കർ നഗർ എന്നാണ്.
ബാബേസാഹേബിന്റെ ജനനവും ബാല്യവും മോയിലായിരുന്നു. മോയിലെ ഡി എ ഡി എൻ (ഡോ. അംബേദ്കർ നഗർ) സ്റ്റേഷനിൽ നിന്ന് രാവിലെ പതിനൊന്ന് അഞ്ചിന് പുറപ്പെടുന്ന ഈ പൈതൃകവണ്ടിക്ക് ആറ് ബോഗികൾ മാത്രമേയുള്ളൂ. കുഞ്ഞനെ വലിക്കുന്നത് ഒരു ഡീസൽ എൻജിനും. സ്റ്റേഷന്റെ ഔട്ടർ കടക്കുന്നതിനു മുമ്പ് അത് ഇളകിയാട്ടം തുടങ്ങി. ഉരുളക്കിഴങ്ങ് പാടങ്ങളെ പകുത്തുകൊണ്ട് തീവണ്ടിവഴി നീങ്ങി. വയലുകളിലെ നീല പ്ലാസ്റ്റിക് വിരികളിൽ ഫെബ്രുവരിയിലെ പകൽച്ചൂടിൽ ഉരുളക്കിഴങ്ങ് ചിപ്‌സ് ഉണങ്ങിക്കൊണ്ടിരിക്കുന്നു. പൊട്ടറ്റോ ചിപ്‌സിന്റെ കൂനകളും കൗതുകമാണ്.
ഇരുപത് മിനുട്ടുകൾ കഴിഞ്ഞു തീവണ്ടി മുറിക്കുള്ളിലെ സ്പീക്കർ ഒന്നു ഞെട്ടി. ആദ്യത്തെ അറിയിപ്പ്. പാതാൾ പാനി സ്റ്റേഷൻ. പത്ത് മിനുട്ട് ഹാൾട്ട്. പാതാൾ പാനി സൗകര്യങ്ങളില്ലാത്ത സാധു സ്റ്റേഷനാണ്. കാട്ടുമുക്കിൽ ആരും കയറാനുമിറങ്ങാനുമില്ല. പഴയ മട്ടിലെ സിഗ്നൽ കൈനാട്ടികളും ട്രാക്ക് മാറ്റുന്ന ബാർ പോയിന്റുകളും ഇവിടെ കാഴ്ചയാകുന്നു. അതിനിടയിൽ ഓങ്കാരേശ്വർ റോഡിൽ നിന്നും മോവയ്ക്കു വരുന്ന മീറ്റർഗേജു പാസഞ്ചർ ആടിക്കുഴഞ്ഞ് ക്രോസിംഗിനെത്തുകയും ചെയ്തു. അനുവദനീയ ബ്രേക്ക് കഴിഞ്ഞെല്ലാവരും തിരിച്ചു കയറിയാലേ വണ്ടി അനങ്ങുകയുള്ളു. തീവണ്ടികൾ പാതാൾപാനിയിൽ ഒന്നു നിൽക്കണം. ബ്രിട്ടണ് തലവേദനായിരുന്ന താന്തിയ ഭീൽ(1840-1889) എന്ന താന്തിയ മാമയുടെ ശവകുടീരമുള്ളതിവടെയാണത്രേ! അതിശയ കഥകളിലെ നായകനായ ഈ ഭീൽ ഗോത്രനായകനെ മാനിച്ചു വണ്ടിയിവിടെ നിർത്തുകയെന്നത് ഒരു അനുഷ്ഠാനമാണത്രേ! പതാൾപാനിയിലെ വെറുതെ നിൽപ്പിനു പിന്നിലുള്ള വിശ്വാസം അങ്ങനെ പോകുന്നു. മുന്നോട്ട് നീങ്ങുന്നതോടെ ഭൂപ്രകൃതി മാറി. യാത്രാപഥം വിന്ധ്യപർവത ചെരിവുകളിലാണ്. ഇരുവശത്തും മലനിരകൾ.
പാതാൾക്കുണ്ട്
പുകവണ്ടിയുടെ അടുത്ത നിൽപ്പ് പാതാൾക്കുണ്ട് വെള്ളച്ചാട്ടത്തിലാണ്. പന്ത്രണ്ടിനെത്തിയ കുഞ്ഞൻ വണ്ടി ഒരു മണിക്കൂറാണ് സഞ്ചാരികളെയും കാത്തുകിടന്നത്. പാവത്താൻ വണ്ടി. മറ്റേതാണ് ഇങ്ങനെ? ചോറാൾ നദിയിലെ 150 അടി താഴേക്കുള്ള വെള്ളച്ചാട്ടമാണ് പാതാളക്കുണ്ടിൽ കാഴ്ചപ്പെരുമയാകുന്നത്. പേരുപോലെ പ്രവാഹം പാതാള ദേശത്തിലേയ്ക്ക് താഴ്ന്നിറങ്ങുന്നതായി തോന്നും.
വെള്ളച്ചാട്ടത്തിലെ കമ്പിവേലിയോട് ചേർന്നുള്ള നിരവധി വ്യൂപോയിന്റുകളിൽ നിന്നും ജലപാതം ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഫാൽഗുന മാസത്തിലെ ചൂടിൽ നീർവള്ളികൾ നൂൽവണ്ണമായി ശോഷിച്ചിരിക്കുന്നു. തീർച്ചയായും മഴക്കാലത്ത് വേണമായിരുന്നു യാത്ര.
പതാൾക്കുണ്ടിൽ പാർക്കുണ്ട്. ഒരു മസാല ആസ്വദിച്ച് കുടിക്കാൻ അവസരമുണ്ട്. കുട്ടിയും കുറുമാലുമായി കുരങ്ങു കൂട്ടമാണവിടത്തെ ബഹളക്കാർ. തീവണ്ടി ഇവിടത്തെ കുരങ്ങു ശല്യത്തെ കുറിച്ച് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു.
യാത്രക്കാരെ ഉപേക്ഷിക്കാത്ത തീവണ്ടിക്ക് വേറെയും സൗമനസ്യങ്ങളുണ്ട്. കയറിവരൂ. ഒരു സെൽഫിയാകാം. അതെ. എൻജിൻ നമ്മളെ തന്നെയാണ് ക്ഷണിക്കുന്നത്. കാന്താര നടുവിൽ തീവണ്ടിയെഞ്ചിനെയും ഒപ്പം നിർത്തിയുള്ള സെൽഫി ആരാണ് കൊതിക്കാത്തത്? ആ സെൽഫിത്തിരക്ക്, ഇതെന്താ തീവണ്ടി തടയൽ സമരമാണോ? ഒരു നിമിഷം ആലോചിച്ചുപോയി.
മാനം മുട്ടിയ മലകളും ചെരിവുകളിലെ ഇലപൊഴിയും കാടുകളും വീണ്ടും ക്ഷണിച്ചു. തേക്കും താന്നിമരവും പരിചിതമായ മരജാതിയിൽ ഉൾപ്പെട്ടു. മുന്നിൽ കാത്തിരിക്കുന്നത് ബ്രിട്ടീഷ് കാലത്തെ നാല് ടണലുകളും ഇരുപത്തിനാല് ഉശിരൻ വളവുകളും നാൽപ്പത്തിയൊന്നു പാലങ്ങളുമാണ്.
വിന്ധ്യൻ മലമടക്കുകളിൽ മഞ്ഞുപുതപ്പിന്റെ കുറവുണ്ടായിരുന്നു. അതുകൂടിയായാൽ കാശ്മീരിയൻ കാഴ്ചകളായി ദൃശ്യങ്ങൾ പരിണമിക്കുന്നതാണ്. ഇരുവശത്തും ഉത്തുംഗ ശൃംഗങ്ങൾ. മൺമലകളുടെ മാറത്ത് മഴപ്പാടുകൾ. തീവണ്ടിക്ക് സമാന്തരമായി പുഴയും ഓടിവരുന്നുണ്ട്. ഉഷ്ണമൊഴിച്ചാൽ നമ്മളിപ്പോൾ സഞ്ചരിക്കുന്നത് ഉത്തരേന്ത്യയിലൂടെയല്ല എന്നൊരു തോന്നൽ.
വിരൽക്കണക്കു പാകത്തിൽ തെറ്റിയും തെറിച്ചും ഒന്നോ രണ്ടോ വീടുകൾ മാത്രം. പുഴയുടെ ദാക്ഷിണ്യത്തിൽ പച്ചപ്പിട്ടവയാണ് കൃഷിയിടങ്ങൾ. കുടിലും കാലികളും പാടവുമെല്ലാം ഭീലുകളുടെ ഗോത്രജീവിതത്തെയാണ് ചൂണ്ടിത്തരുന്നത്.
വണ്ടി ഗുഹകളിൽ കയറും. മുറിയിൽ ഗുഹയിരുട്ടു പരന്നാൽ മധ്യപ്രദ്രേശിലെ കുട്ടികളും കൂവിയാർക്കുന്നതാണ്. രണ്ടാം ടണലിലേക്ക് ഇഴയുന്നതിനു മുമ്പ് വണ്ടിയൊന്നു നിന്നുതന്നു. ഗുഹയിലേക്ക് നൂഴ്ന്നു കയറുന്നത് യാത്രികർക്ക് ഫോട്ടോയിൽ പതിപ്പിക്കാൻ സൗകര്യം നൽകണമല്ലോ. ബ്രിഡ്ജ് നമ്പർ അറുന്നൂറ്റി നാൽപ്പത്തിയേഴിനു തൊട്ടു മുമ്പ് പന്ത്രണ്ട് മിനുട്ട് വണ്ടി നിർത്തിയിടും. പാലത്തിലൂടെ ഒരൽപ്പം മുന്നിലേക്ക് നടന്നോളു. കാട്ടിനുള്ളിലെ പാല നിർമിതിയിലെ എൻജിനീയറിംഗ് പെരുമ കാണാം.
കാലാക്കുണ്ട്
മുപ്പത് കിലോമീറ്റർ ഓടാൻ രണ്ടരമണിക്കൂർ നേരമെടുത്ത് അവസാന സ്റ്റേഷനായ കാലാകുണ്ടിൽ നട്ടുച്ച ഒന്നരമണിക്ക് എത്തിച്ചേർന്നു.
രണ്ട് മലകൾക്കിടയിലെ സൗകര്യ ശൂന്യമായ ഒരിടമാണ് കാലാക്കുണ്ട് സ്റ്റേഷൻ. നദി മുറിച്ച് വളവിലൂടെ തീവണ്ടിപ്പാളം ഓങ്കാരേശ്വർ റോഡിലേക്ക് പിന്നെയും അതിമനോഹര കാഴ്ച പ്രതീക്ഷകൾ നൽകി നീണ്ടുപോയി. രത്‌ലം ഡിവിഷനിലെ ഈ പുരാതനവും തീരെ ചെറിയതുമായ സ്റ്റേഷന് ഒരൊറ്റ പ്ലാറ്റുഫോമേയുള്ളു.
പരിമിത വിഭവങ്ങൾ മാത്രമുള്ള രണ്ട് കച്ചവടക്കാരെ ആളുകൾ വളഞ്ഞു. ചായപോലുമില്ല. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പലഹാരം കിട്ടി. അത് േകാലാകാണ്ട് ആണ്. കാലാ (കറുത്തത്) യല്ല. നേർത്ത മഞ്ഞനിറത്തിലേത്. രൂപത്തിൽ മൈസൂർ പാക്ക്. രുചിയേതാണ്ട് റബ്ഡിയുടേത്. ചെറിയ കപ്പിൽ ഇരുപത് രൂപക്ക് പായസ രൂപത്തിലും കാലാകാണ്ട ലഭ്യമാണ്.
കാലാകുണ്ടിലെത്തിയാൽ കാലാക്കാണ്ട മറക്കണ്ട അപൂർവരുചി അലിഞ്ഞു തീരുന്നതു വരെ അങ്ങനെ മുളാൻ തോന്നി.
കാലാക്കുണ്ട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ അതി മനോഹാരമാണ്. ധൃതി ബഹളങ്ങളില്ല. ഒന്നു രണ്ടു കൽനിർമിതികൾ പ്രകൃതിദൃശ്യങ്ങളുമായി അലിഞ്ഞുനിൽക്കുന്നു. തൊട്ടടുത്ത് നർമദയിലേക്ക് ചേരാൻ നീങ്ങുന്ന ചോറാൽ നദി. ഒന്നു കുളിക്കാൻ കൊതിപ്പിക്കുന്ന ശാന്തപ്രവാഹമാണതിന്. അക്കരെ തീരം ചെങ്കുത്തായ മല കയറുന്നു. പാർക്ക് ഇവിടെയുമുണ്ട്. കണ്ണുകൾ ദുരെപ്പോയാൽ മറുകരച്ചെരിവിൽ രണ്ട് ചെങ്കൽ കെട്ടിടങ്ങൾ ഇക്കരയിലൊരു മന്ദിരത്തിന്റെ ഗോപുരം. കണ്ണുകൾ നിറയാൻ അത്രയൊക്കെ മാത്രമേയുള്ളു. റെയിൽ മുറിച്ച് ചെല്ലാം. ബാരക്ക് മാതിരിയുള്ള കൽക്കെട്ടിടത്തിൽ ഖാന വാങ്ങുന്നതിനു വേണ്ടിയുള്ള വരി രണ്ടര മണിയായിട്ടും ഒഴിഞ്ഞില്ല. വണ്ടിയിൽ പാൻട്രിയില്ല. പ്ലാറ്റ്‌ഫോമിൽ ഭക്ഷണമില്ല. അതിനാൽ ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവ ഈ യാത്രയിൽ കരുതുന്നത് നന്ന്.
ഷണ്ടിംഗ് കഴിഞ്ഞു. എൻജിൻ മുന്നിലെത്തി. എന്നിട്ടും എന്തിനാണ് പുറകിൽ മറ്റൊന്ന്? രണ്ടു മണിക്കൂർ നീണ്ട നിശ്ചലത അവസാനിപ്പിച്ച് മൂന്നരക്ക് എല്ലാവരും കേറിയെന്നു കൂവി ഉറപ്പാക്കി മോയിലേയ്ക്ക് മടക്കയാത്ര തുടങ്ങി. നേരത്തേ മലയിറക്ക യാത്രയായിരുന്നു. മടക്കവഴിയിൽ കയറ്റത്തിൽ പുറകിലെ എൻജിൻ പുകതുപ്പി. ഒരു മണിക്കൂർ മാത്രമെടുത്ത് നാലരക്ക് അത് അംബേദ്കർ നഗറിലെത്തി.
രണ്ടായിരത്തി പത്തൊൻപതിൽ സർവീസ് തുടങ്ങിയ പൈതൃകവണ്ടിയിൽ ടിക്കറ്റു സംഖ്യ തീരെ കുറവാണ്. ഇരുപത് രൂപ മാത്രം. രണ്ട് എ സി മുറികളുണ്ട്. അവക്ക് ഇരുന്നൂറ് രൂപയും. വിശാലമായ ജനാലകളുള്ള അത് പൂർണദൃശ്യങ്ങൾ സമ്മാനിക്കുന്നതാണ്.
വിജനത ചിത്രം വരയ്ക്കുന്ന ഈ ദിക്കിലൂടെ മഴക്കാലത്ത്, മഞ്ഞുകാലത്ത്, പ്രഭാതത്തിൽ, സായാഹ്നത്തിൽ, പാൽനിലാവ് ചൊരിഞ്ഞ രാവിൽ. അങ്ങനെ പലകാലങ്ങളിൽ സമയങ്ങളിൽ സഞ്ചരിക്കുന്നതായി സങ്കൽപ്പിക്കുക. കാലാകുണ്ട് യാത്രയെ കുറിച്ചുള്ള ഇത്തരം മനോസഞ്ചാരവും ഉള്ള് നിറയ്ക്കുന്നതാണ്.