Connect with us

Ongoing News

ഇവിടെ വാഴകളെ എണ്ണിക്കുഴങ്ങും നിങ്ങൾ

250ൽ പരം വാഴയിനങ്ങൾ പരിചയപ്പെടുത്തി നിശാന്ത്

Published

|

Last Updated

കല്‍പ്പറ്റ | വാഴകള്‍ എത്രതരമുണ്ടെന്നു ചോദിച്ചാല്‍ നേന്ത്രന്‍, പൂവന്‍, ഞാലി എന്നിങ്ങനെ പത്തോ പതിനഞ്ചോ എന്നായിരിക്കും സാധാരണ മറുപടി. എന്നാല്‍, ചോദ്യം മാനന്തവാടി കൃഷ്ണ നിവാസില്‍ എം കെ  നിശാന്തിനോടാണെങ്കില്‍ 250ല്‍പരമെന്നാകും ഉത്തരം. വായിച്ചോ കേട്ടോ ഉള്ള അറിവുവെച്ച് നിശാന്ത് തട്ടിവിടുന്നതല്ല വാഴത്തരങ്ങളുടെ ഈ എണ്ണം. സ്വന്തം കൃഷിയിടത്തില്‍ നട്ടുപരിപാലിക്കുന്ന വാഴ ഇനങ്ങളുടെ കാര്യമാണ് അദ്ദേഹം പറയുന്നത്. ഇതു ശരിയോ എന്നറിയാന്‍ നിശാന്തിന്റെ കൃഷിയിടത്തിലെത്തി വാഴ ഇനങ്ങള്‍ എണ്ണാന്‍ തുടങ്ങിയാല്‍ വശംകെടും.

ഡോ. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയത്തില്‍ നടന്ന ദ്വിദിന വയനാട് വിത്തുത്സവത്തിലെ താരമായിരുന്നു നിശാന്ത്. വിത്തുത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയ പ്രദര്‍ശന നഗരിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു നിശാന്തിന്റെ സ്റ്റാള്‍. നട്ടുവളര്‍ത്തുന്ന വിവിധയിനം വാഴകളുടെ കുലകളും പടലകളുമാണ് അദ്ദേഹം പ്രദര്‍ശനത്തിനുവച്ചത്. ഉത്സവനഗരിയില്‍ ചോദ്യങ്ങളുമായി കാഴ്ചക്കാര്‍ തിക്കിത്തിരക്കിയ സ്റ്റാളുകളില്‍ ഒന്നുമായിരുന്നു നിശാന്തിന്റേത്.

കോറോം മാധവീ മന്ദിരത്തില്‍ പരേതനായ ബാലകൃഷ്ണന്‍- ദേവകി ദമ്പതികളുടെ മകനാണ് നിശാന്ത്. മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഒദ്യോഗിക ജോലി സമയത്തിനു മുമ്പും ശേശവും അവധി ദിവസങ്ങളിലുമാണ് കൃഷിയിടത്തില്‍ സജീവം.

മാനന്തവാടി പെരുവകയില്‍ വീടിനടുത്ത് 25 സെന്റിലും തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോത്ത് ഒന്നര ഏക്കറിലുമാണ് നിശാന്തിന്റെ വാഴകൃഷി. വാണിജ്യ താത്പര്യത്തോടെ നേന്ത്രന്‍, പൂവന്‍, ഞാലിപ്പൂവന്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്ന ഇദ്ദേഹം ലാഭേച്ഛയില്ലാതെയാണ് മറ്റിനങ്ങള്‍ നട്ടുവളര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ചതാണ് വാഴ ഇനങ്ങളില്‍ അധികവും. രണ്ടു വര്‍ഷം മുമ്പ് 200 ഇനം വാഴകളാണ് കൃഷിയിടത്തില്‍ ഉണ്ടായിരുന്നത്. ഇതാണിപ്പോള്‍ 250 കവിഞ്ഞത്. വാഴവിത്ത് ശേഖരണത്തില്‍ നിശാന്ത് സമൂഹമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഭാര്യ രതികലയും മകന്‍ സുജ്യോതും അടങ്ങുന്നതാണ് കുടുംബം. കൃഷിയില്‍ കുടുംബാംഗങ്ങള്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് നിശാന്ത് പറയുന്നു. ബന്ധുവീടുകളില്‍നിന്നു വാഴക്കന്ന് ഖേഖരിച്ച് നട്ടുപരിപാലിക്കുന്ന സ്വഭാവം ബാല്യത്തില്‍ നിശാന്തിനുണ്ടായിരുന്നു. ഇതര ദേശങ്ങളിലെ വാഴ ഇനങ്ങളും നട്ടുവളര്‍ത്തണമെന്ന മോഹം മുതിര്‍ന്നപ്പോഴാണ് യാഥാര്‍ഥ്യമാക്കിയത്.

വാണിജ്യതാത്പര്യത്തോടെ നടുന്നതു ഒഴികെ വാഴകളുടെ കന്നുകളും കുലകളും നിശാന്ത് വില്‍ക്കാറില്ല. പഴയകാലത്തേതുപോലുള്ള വിത്തുകൈമാറ്റമാണ് അദ്ദേഹം നടത്തുന്നത്. മിക്കയിനം വാഴകളുടെയും കുലയും പഴവും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും സമ്മാനിക്കുകയാണ് നിശാന്തിന്റെ രീതി.

Latest