Connect with us

National

ആരോഗ്യ പ്രശ്‌നം ; ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ റാഞ്ചിയിലെ റാലിയില്‍ പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് ജയറാം രമേശ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കുന്ന സത്നയിലും റാഞ്ചിയിലും രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. എന്നാല്‍, പെട്ടെന്നുള്ള അസുഖം കാരണം ഡല്‍ഹിയില്‍ നിന്ന് വരാന്‍ കഴിയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സത്നയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം റാഞ്ചി റാലിയില്‍ പങ്കെടുക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ റാഞ്ചിയിലെ റാലിയില്‍ പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാള്‍ , ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും.

ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയില്‍ ഇന്ന് നടക്കുന്നത്. അരവിന്ദ് കെജ് രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ജെ.എം.എം ആണ് റാഞ്ചിയിലെ റാലിയുടെ സംഘാടകരാകുന്നത്.

 

Latest