editorial
അസമില്‍ വിദ്വേഷം തന്നെ ആയുധം
വിദ്വേഷത്തിലും വര്‍ഗീയതയിലുമൂന്നി പ്രചാരണം മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തെ അടിസ്ഥാന ജീവിത പ്രശ്നങ്ങളും പ്രകൃതിക്ഷോഭം മൂലമുള്ള കെടുതികളും വികസന വിഷയങ്ങളുമെല്ലാം തമസ്‌കരിക്കപ്പെടുകയാണ്.
ലോകത്തെ ഏറ്റവും ഉത്കൃഷ്ടമായ ഭരണ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥിതിയെയാണ്. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനാഭിലാഷമാണ് പുലരുന്നതെന്ന അനുമാനത്തിന് പുറത്താണ് ഈ വിശേഷണം.
സ്വേച്ഛാധിപത്യത്തെയും ഫ്യൂഡല്‍ വാഴ്ചയെയും ഫാസിസത്തെയും മതാന്ധതയെയും വര്‍ണവെറിയെയുമെല്ലാം ചെറുത്ത് തോല്‍പ്പിക്കാനും എല്ലാ തരം അതിക്രമങ്ങളെയും ഭരണവ്യവസ്ഥയില്‍ നിന്ന് അകറ്റി നിര്‍ത്താനും തിരഞ്ഞെടുപ്പ് പ്രക്രിയ പൗരന്മാര്‍ക്ക് അവസരമൊരുക്കുന്നുവെന്നാണ് സിദ്ധാന്തം. എന്നാല്‍ യാഥാര്‍ഥ്യം പലപ്പോഴും ഇങ്ങനെയായിരിക്കണമെന്നില്ല. യഥാര്‍ഥ ജീവിത പ്രശ്‌നങ്ങള്‍ മറയ്ക്കാന്‍ പോന്ന ആയുധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തെടുക്കും. വര്‍ഗീയമായി വിഭജിച്ചും വംശീയ വികാരം ആളിക്കത്തിച്ചും തിരഞ്ഞെടുപ്പിന്റെ അജന്‍ഡയെയാകെ അട്ടിമറിക്കും. ഇവ്വിധം സാധ്യമാകുന്ന ഭൂരിപക്ഷം ജനാധിപത്യപരമാണെന്ന് എങ്ങനെ പറയാനാകും?
ഈ ചോദ്യം ഏറ്റവും ഉച്ചത്തില്‍ ഉന്നയിക്കേണ്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് അസമില്‍ നടക്കുന്നത്. അടുത്ത മാസം ഒമ്പതിനാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി ജെ പിയും കോണ്‍ഗ്രസ്സ് നയിക്കുന്ന പ്രതിപക്ഷ സഖ്യവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയിയാണ് പ്രതിപക്ഷ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. ബി ജെ പിയാകട്ടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ്. കുടിയേറ്റം, നുഴഞ്ഞുകയറ്റം, ഭൂമിക്കൊള്ള തുടങ്ങിയ വിഷയങ്ങള്‍ വലിച്ചിട്ട് വിഭജന തന്ത്രങ്ങളുടെ വിളവെടുപ്പ് ഭൂമിയായി അസമിനെ മാറ്റുകയാണ് ഹിമന്ത ബിശ്വ ശര്‍മ ചെയ്യുന്നത്.
മുസ്‌ലിംകളോട് സാമ്യമുള്ള വ്യക്തിക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന തരത്തില്‍ ഹിമന്ത ബിശ്വ ശര്‍മയെ ചിത്രീകരിച്ച വിവാദ വീഡിയോയുടെ അടിക്കുറിപ്പുകള്‍ നോക്കിയാല്‍ എന്താണ് അസമില്‍ ബി ജെ പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്ന് വ്യക്തമാകും. ബംഗ്ലാദേശികളോട് ഒരു ദയയുമില്ല, ഒരുത്തനെയും വെറുതെവിടില്ല തുടങ്ങിയ ആക്രോശങ്ങളാണ് അടിക്കുറിപ്പായി വന്നത്. വന്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആ മനോഭാവത്തില്‍ നിന്ന് ഭരണകക്ഷി പുറത്ത് കടന്നിട്ടേയില്ല. ഈ വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി ഗൗരവത്തിലെടുത്തില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
‘മിയാ മുസ്‌ലിംകളെ ഒറ്റപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്’ എന്ന് പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് ഹിമന്ത ബിശ്വ ശര്‍മ. മുസ്്ലിംകളുടെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചിന് പകരം നാല് രൂപ കൊടുത്താല്‍ മതിയെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കൈയേറ്റം ആരോപിച്ച് മുസ്‌ലിംകളെയും ദളിതരെയും കുടിയൊഴിപ്പിക്കല്‍ തീവ്രമായി തുടരുകയാണ് സംസ്ഥാനത്ത്. ഇതുസംബന്ധിച്ച് എ ഐ യു ഡി എഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ വിമര്‍ശമുന്നയിച്ചപ്പോള്‍ ഹിമന്ത നല്‍കിയ മറുപടി വിദ്വേഷ രാഷ്ട്രീയത്തിന്റെ പാരമ്യമാണ്: ‘ഇത്തവണ കൈകളും തലയും കാലുകളും ഒടിഞ്ഞു. അടുത്തതായി, ഞങ്ങള്‍ രാഷ്ട്രീയ നട്ടെല്ല് തകര്‍ക്കും. അത് ഗൗരവ് ഗോഗോയി (കോണ്‍ഗ്രസ്സ് അധ്യക്ഷന്‍) ആയാലും ബദ്‌റുദ്ദീന്‍ അജ്മലായാലും. അവര്‍ക്ക് അസമീസ് ജനതയെ നേരിടാന്‍ കഴിയില്ല. അവരുടെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു’. “99 ശതമാനം ഹിന്ദുക്കളും കോണ്‍ഗ്രസ്സ് വിടാനാഗ്രഹിക്കുന്നു. അത് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാകുകയാണ്’ എന്ന് പറഞ്ഞതും ഹിമന്തയാണ്.
അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരണകക്ഷി ഉയര്‍ത്തുന്ന പ്രധാന വിഷയമാണ് നിയമവിരുദ്ധ കുടിയേറ്റം. അസം പ്രക്ഷോഭത്തിനും തുടര്‍ന്ന് അസം അക്കോര്‍ഡ് ഒപ്പിടുന്നതിനും പിന്നിലെ പ്രധാന ഘടകമായിരുന്നു കുടിയേറ്റം. അസം കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ മതപരമായ വിദ്വേഷം നടപ്പാക്കാനുള്ള ഉപാധിയായി സർക്കാർ ഇതിനെ കാണുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്‍ ആര്‍ സിയും സി എ എയും പ്രചാരണ രംഗത്തെ ചൂടേറിയ വിഷയങ്ങളാണ്. സി എ എയോടുള്ള പ്രാദേശിക എതിര്‍പ്പ് വോട്ടാക്കാനാണ് പ്രതിപക്ഷ ശ്രമം. എന്നാല്‍ സി എ എയെച്ചൊല്ലിയുള്ള ആശങ്ക അസ്ഥാനത്താണെന്ന് ബി ജെ പി വാദിക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള പരിമിതമായ എണ്ണം ഹിന്ദുക്കള്‍ മാത്രമേ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ബി ജെ പിയുടെ പ്രതിരോധം.
വിദ്വേഷത്തിലും വര്‍ഗീയതയിലുമൂന്നി പ്രചാരണം മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തെ അടിസ്ഥാന ജീവിത പ്രശ്നങ്ങളും പ്രകൃതിക്ഷോഭം മൂലമുള്ള കെടുതികളും വികസന വിഷയങ്ങളുമെല്ലാം തമസ്‌കരിക്കപ്പെടുകയാണ്. വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ഭരണപക്ഷം. അതിന് മറുപടി പറയാന്‍ ഊര്‍ജം മുഴുവന്‍ ചെലവാക്കുന്ന പ്രതിപക്ഷം. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടെ ചോദിക്കേണ്ട ചോദ്യങ്ങള്‍ പലതും മുങ്ങിപ്പോകുന്നു. ഭാര്യയുടെ പേരിലുള്ള ഭൂമി കുംഭകോണമുള്‍പ്പെടെ ഹിമന്ത ശര്‍മ നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴും ഹിമന്ത ബിശ്വ ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ്, അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ലൂയിസ് ബര്‍ഗര്‍ ഇന്റര്‍നാഷനല്‍ ഇന്‍കോര്‍പറേറ്ററുമായുള്ള ഇടപാടിലെ അഴിമതി, ഭീകര സംഘടനയായ ഉള്‍ഫയുടെ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങി ആരോപണങ്ങള്‍ പലതാണ്. കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്ന ശര്‍മ നടത്തിയ അഴിമതികളെക്കുറിച്ച് ഏറെ സംസാരിച്ചത് ബി ജെ പിയുടെ അന്നത്തെ സംസ്ഥാന നേതാക്കളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതോടെ ശര്‍മയുടെ അഴിമതിക്കഥകള്‍ മുഴുവന്‍ ആവിയായിപ്പോയി. ഈ തിരഞ്ഞെടുപ്പ് കാലത്ത് അവയെല്ലാം ഓര്‍മയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സും സഖ്യ കക്ഷികളും ശ്രമിക്കുമ്പോഴാണ് വിഭജന രാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങള്‍ പയറ്റുന്നത്.


