Connect with us

Uae

പ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി യൂസഫലി

ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റിവിലൂടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കാണ് പ്രതീക്ഷയും പ്രചോദനവുമേകിയത്.

Published

|

Last Updated

അബൂദബി | പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി, ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം എ യൂസഫലി. മകളുടെ ഭര്‍ത്താവ് ഡോ. ഷംഷീര്‍ വയലില്‍ നടപ്പാക്കിയ ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്.

രാവിലെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും സന്ദര്‍ശിച്ച് അദ്ദേഹവും കുടുംബാംഗങ്ങളും ഈദ് ആശംസകള്‍ നേര്‍ന്നിരുന്നു. പിന്നാലെ ഭക്ഷണം പോലും മാറ്റിവച്ചാണ് ഗുരുതര രോഗാവസ്ഥയില്‍ നിന്ന് പുതു ജീവിതത്തിലേക്ക് കരകയറുന്ന കുട്ടികളെ കണ്ട് യൂസഫലി പ്രതീക്ഷയും പ്രചോദനവുമേകിയത്. സാമ്പത്തിക പ്രയാസങ്ങളും സംഘര്‍ഷ സാഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ അമ്പത് കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റിവ് ആശ്വാസമായിരുന്നത്. ഇതില്‍ 25ഓളം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കൂടിക്കാഴ്ചയുടെ ഭാഗമായി.

കുട്ടികളുടെ ചികിത്സാ പുരോഗതി അദ്ദേഹം ചോദിച്ചറിഞ്ഞു. ‘വേഗത്തില്‍ ആരോഗ്യ നില വീണ്ടെടുക്കാന്‍ പ്രാര്‍ഥിക്കാം. ഇത്തരം സംരംഭങ്ങള്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നതാണ്. മൂത്ത മകളുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ തനിക്ക് സ്വന്തം മകനെ പോലെയാണ്. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പകരം നന്മ ലഭിക്കുമെന്നാണ് വിശ്വാസം. തിരിച്ചു പ്രാര്‍ഥനകള്‍ മാത്രമാണ് ഞങ്ങളുടെ ആഗ്രഹം. ഈ കുട്ടികള്‍ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടവരായി വളരട്ടെ.’ യൂസഫലി പറഞ്ഞു.പത്‌നി ഷബീറ യൂസഫലി, ഡോ. ഷംഷീര്‍, ഡോ. ഷബീന യൂസഫലി, പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് യൂസഫലി കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

കോഴിക്കോട് സ്വദേശി റിഷാദിന്റെ കുടുംബവും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് അപ്രതീക്ഷിത നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടേണ്ടിവന്ന റിഷാദിന്റെ ആഗ്രഹം ഫുട്‌ബോള്‍ താരമാവുകയെന്നതാണ്. മത്സ്യത്തൊഴിലാളിയായ റിഷാദിന്റെ പിതാവിന് സുഹൃത്ത് അയച്ചു നല്‍കിയ സംരംഭത്തെ പറ്റിയുള്ള വിവരമാണ് ചികിത്സയ്ക്ക് വഴിതുറന്നത്. ബുദ്ധിമുട്ടികള്‍ മറികടക്കുന്ന റിഷാദ് വീണ്ടും ഫുട്‌ബോള്‍ മൈതാനത്തിറങ്ങട്ടെയെന്നും ഭാവിയിലെ മെസ്സിയായി മാറട്ടെയെന്നും യൂസഫലി ആശംസിച്ചു.

തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തു നിന്നുള്ള അഡ്രിയനും അമ്മയും നിര്‍ണായക ചികിത്സയ്ക്ക് യൂസഫലിയോടും ഡോ. ഷംഷീറിനോടും നന്ദി പറഞ്ഞു. ചായക്കട നടത്തി ലഭിക്കുന്ന ചെലവ് കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുക കുടുംബത്തിന് അസാധ്യമായിരുന്നു. അതിനിടെയാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് പദ്ധതി വഴി സഹായം ലഭിച്ചത്. കുട്ടികള്‍ എത്രയും വേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ഡോ. ഷംഷീറും ആശംസിച്ചു.

യു എ ഇയിലെ യൂസഫലിയുടെ 50-ാം വാര്‍ഷികത്തിന് ആദരവായി ജനുവരിയില്‍ ഡോ. ഷംഷീര്‍ പ്രഖ്യാപിച്ച സംരംഭം ഇന്ത്യ, സെനഗല്‍, ലിബിയ, ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയകള്‍ ലഭ്യമാക്കിയത്.

 

---- facebook comment plugin here -----

Latest