Connect with us

From the print

ഹജ്ജ്: വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്ക് അവസരം

ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 2,399 മുതല്‍ 2,483 വരെയുള്ളവര്‍ക്ക് അവസരം.

Published

|

Last Updated

കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 2,399 മുതല്‍ 2,483 വരെയുള്ളവര്‍ക്ക് അവസരം. അവസരം ലഭിച്ചവര്‍ പുറപ്പെടല്‍ കേന്ദ്രം അടിസ്ഥാനത്തിലുള്ള തുക അടച്ച് പാസ്സ്‌പോര്‍ട്ടും നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോറം എന്നിവ എത്രയും വേഗം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ നമ്പര്‍ 24ല്‍ ലഭ്യമാണ്.

4,043 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി
കേരളത്തില്‍ നിന്ന് ഇതുവരെയായി 4,043 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി. കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് തീര്‍ഥാടകര്‍ യാത്രയായത്. കോഴിക്കോട് വഴി 3,486 ഹാജിമാരാണ് 21 വിമാനങ്ങളിലായി വിശുദ്ധ ഭൂമിയില്‍ എത്തിയത്. ഇവരില്‍ 849 പുരുഷന്മാരും 2,637 സ്ത്രീകളുമാണ്. മൊത്തം 21 ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് യാത്രയായി.

ഇന്നലെ പുറപ്പെട്ട വിമാനങ്ങളില്‍ മഹ്‌റമില്ലാത്ത വിഭാഗത്തിലെ സ്ത്രീ തീര്‍ഥാടകരും ഒന്നില്‍ ജനറല്‍ വിഭാഗത്തിലെ ഹാജിമാരുമായിരുന്നു. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി ക്യാമ്പ് സന്ദര്‍ശിച്ചു. ഇന്ന് മഹ്‌റമില്ലാത്ത സ്ത്രീകള്‍ക്കായുള്ള വിമാനങ്ങളില്‍ ഒന്നില്‍ ജനറല്‍ വിഭാഗത്തിലെ ഹാജിമാരും ആയിരിക്കും യാത്രയാകുന്നത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് 568 പേര്‍ യാത്ര തിരിച്ചു
സിയാല്‍ ഹജ്ജ് ക്യാമ്പില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്കും രാത്രിയുമുള്ള രണ്ട് വിമാനങ്ങളിലായി 568 പേര്‍ ഹജ്ജ് കര്‍മത്തിനായി യാത്ര തിരിച്ചു. ഉച്ചക്ക് 12.10നുള്ള സഊദി എയര്‍ലൈന്‍സിന്റെ എസ് വി 3783ാം നമ്പര്‍ വിമാനത്തില്‍ 140 സ്ത്രീകളും 138 പുരുഷന്‍മാരുമാണ് യാത്ര തിരിച്ചത്. ഇതില്‍ കോതമംഗലം പല്ലാരിമംഗലത്തുള്ള മറ്റപ്പിള്ളി വീട്ടില്‍ നാസര്‍- നസീറ ദന്പതികളുടെ മകന്‍ നാലു വയസ്സുകാരന്‍ അബ്ദുല്ല ബിന്‍ നാസറും മാതാപിതാക്കളോടൊപ്പം യാത്ര തിരിച്ചിട്ടുണ്ട്.

രാത്രി 8.35ന് പുറപ്പെട്ട സഊദി എയര്‍ലൈന്‍സിന്റെ എസ് വി 3775ാം നമ്പര്‍ വിമാനത്തില്‍ 289 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 155 പുരുഷന്മാരും 134 സ്ത്രീകളും ഉള്‍പ്പെടുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് ആകെ 16 സര്‍വീസുകളാണുള്ളത്. 4,461 തീര്‍ഥാടകരാണ് ആകെ യാത്ര തിരിക്കുന്നത്.

 

Latest