Connect with us

ആരോഗ്യം

ഗട്ട്‌ മൈക്രോബയോം: ആരോഗ്യത്തിന്റെയും പോഷണത്തിന്റെയും പുതിയ ലോകം

ഗട്ട് മൈക്രോബയോം (Gut Microbiome) എന്നത് നമ്മുടെ ദഹനനാളത്തിൽ സ്വാഭാവികമായി ജീവിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികളുടെ സമൂഹമാണ്.

Published

|

Last Updated

നുഷ്യശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണയായി ഹൃദയം, തലച്ചോർ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈദ്യശാസ്ത്രലോകത്ത് ശ്രദ്ധേയമായി ഉയർന്നുവരുന്ന ഒരു മേഖലയാണ് “ഗട്ട് മൈക്രോബയോം’. ശരീരത്തിന്റെ സമഗ്ര ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ അദൃശ്യ ലോകം ഇന്ന് ഗവേഷകരുടെയും ആരോഗ്യവിദഗ്ധരുടെയും പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

എന്താണ് ഗട്ട് മൈക്രോബയോം ?

ഗട്ട് മൈക്രോബയോം (Gut Microbiome) എന്നത് നമ്മുടെ ദഹനനാളത്തിൽ സ്വാഭാവികമായി ജീവിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികളുടെ സമൂഹമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ ജീവികൾ ഇതിൽ ഉൾപ്പെടുന്നു. ഇവ ഭക്ഷണം ദഹിപ്പിക്കുന്നതിൽ മാത്രമല്ല, ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളിലും പങ്കാളികളാണ്.

ഗട്ട് മൈക്രോബയോമിന്റെ പ്രധാന പ്രവർത്തനങ്ങൾ

1.ദഹനപ്രക്രിയ സുഗമമാക്കുന്നു
2. പ്രതിരോധശേഷി വർധിപ്പിക്കുന്നു
3. വിറ്റാമിൻ B, വിറ്റാമിൻ K എന്നിവയുടെ നിർമാണത്തിൽ പങ്ക് വഹിക്കുന്നു.
4. ശരീരത്തിലെ നിരവധി എൻസൈമുകളുടെയും ഹോർമോണുകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കുന്നു (സെറോട്ടോണിൻ, ഇൻസുലിൻ, ഈസ്ട്രജൻ)
5. ശരീരത്തിലെ അണുബാധ നിയന്ത്രിക്കുന്നു
6. മാനസികാരോഗ്യത്തെയും മസ്തിഷ്‌ക പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു
7. ശരീരത്തിന്റെ ആകെ ആരോഗ്യസന്തുലിതാവസ്ഥ നിലനിർത്തുന്നു
മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.

പോഷകാഹാരത്തിന്റെ നിർണായക പങ്ക്

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണമാണ് ഗട്ട് മൈക്രോബയോമിന്റെ ഗുണനിലവാരത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. “ജേർണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ’ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്, ഫൈബർ ധാരാളമുള്ള ഭക്ഷണങ്ങളും പ്രോബയോട്ടിക് സമ്പുഷ്ടമായ വിഭവങ്ങളും ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നാണ്.

ഗുണകരമായ ഭക്ഷണങ്ങൾ

തൈര്, യോഗർട്ട്, പഴങ്കഞ്ഞി, കിംചി, ഇഡ്‌ലി, ദോശ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ, പഴങ്ങൾ,
പച്ചക്കറികൾ, മുഴുധാന്യങ്ങൾ

ഫൈബറുകളുടെ പ്രാധാന്യം

ഡയറ്ററി ഫൈബർ ( Dietary Fibre) സസ്യാഹാരങ്ങളിൽ കാണപ്പെടുന്ന, ശരീരത്തിന് പൂർണമായി ദഹിപ്പിക്കാനാകാത്ത ഘടകമാണ്. ഇത് ഗട്ട് ആരോഗ്യത്തിനും മൈക്രോബയോമിന്റെ സന്തുലിതാവസ്ഥക്കും നിർണായകമാണ്.

ഫൈബറുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

1. സോള്യൂബിൾ ഫൈബർ (Soluble Fibre)

വെള്ളത്തിൽ ലയിക്കുന്ന ഈ ഫൈബർ, ജെൽ പോലെയുള്ള രൂപത്തിലേക്ക് മാറി മലത്തെ മൃദുവാക്കാൻ സഹായിക്കുന്നു. കൂടാതെ, ഗട്ടിലെ നല്ല ബാക്ടീരിയകൾക്ക് ഭക്ഷണമായി പ്രവർത്തിക്കുന്നു.

ഉറവിടങ്ങൾ

ഓട്‌സ്, ഓട് ബ്രാൻ, പയർവർഗങ്ങൾ, മധുരക്കിഴങ്ങ്, ആപ്പിൾ, പിയർ, പ്ലം, ബെറികൾ.

2. ഇൻസോള്യൂബിൾ ഫൈബർ (Insoluble Fibre)

വെള്ളത്തിൽ ലയിക്കാത്ത ഈ ഫൈബർ മലത്തിന്റെ അളവ് വർധിപ്പിച്ച് കുടലിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുന്നു. മലബന്ധം തടയാനും ദഹനപ്രവർത്തനം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുന്നു.

ഉറവിടങ്ങൾ

മുഴുവൻ ധാന്യങ്ങൾ, ഗ്രീൻ ബീൻസ്, ഉരുളക്കിഴങ്ങിന്റെ തോൽ, ക്യാരറ്റ്, കക്കിരി, സെലറി, തക്കാളി, നട്ട്സ്, വിത്തുകൾ.

3. പ്രീബയോട്ടിക് ഫൈബർ (Prebiotic Fibre)
ഗട്ടിലെ ഗുണകരമായ ബാക്ടീരിയകൾക്ക് ഭക്ഷണമായി പ്രവർത്തിക്കുന്ന പ്രത്യേക തരം ഫൈബറുകളാണ് ഇവ. മൈക്രോബയോമിന്റെ വൈവിധ്യവും സമതുലിതാവസ്ഥയും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഉദാഹരണങ്ങൾ:
വെളുത്തുള്ളി, സവാള, വാഴപ്പഴം, ഓട്‌സ്.

ഗട്ട് മൈക്രോബയോമിലെ അസന്തുലിതാവസ്ഥ
ഗട്ട് മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ തകരുമ്പോൾ അതിനെ ഡിസ്ബയോസിസ് (Dysbiosis) എന്ന് വിളിക്കുന്നു. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം.

പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ, ദഹന പ്രശ്‌നങ്ങൾ, വയറുവീക്കം (Bloating), വയറിളക്കം / മലബന്ധംIrritable Bowel Syndrome (IBS), പ്രതിരോധശേഷി കുറവ്, അണുബാധാ സാധ്യത വർധിക്കൽ

ഗട്ട് – ബ്രെയിൻ ആക്‌സിസ്: കുടലും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധം
ഇന്ന് ഏറെ പ്രാധാന്യമാർജിച്ചിരിക്കുന്ന ആശയമാണ് “ഗട്ട് – ബ്രെയിൻ ആക്‌സിസ്’. ഇത് കുടലും മസ്തിഷ്‌കവും തമ്മിലുള്ള ആശയവിനിമയ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്.
മസ്തിഷ്‌കം കുടലിലേക്ക് സന്ദേശങ്ങൾ അയക്കുകയും, കുടൽ തിരിച്ച് മസ്തിഷ്‌കത്തിലേക്ക് പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നു. നാഡീവ്യവസ്ഥ, ഹോർമോണുകൾ, ഗട്ട് മൈക്രോബയോം എന്നിവയുടെ സഹായത്തോടെയാണ് ഈ ബന്ധം പ്രവർത്തിക്കുന്നത്.

ഇതിലൂടെ നിയന്ത്രിക്കപ്പെടുന്ന ഘടകങ്ങൾ:

ദഹനപ്രവർത്തനം, മാനസികാവസ്ഥ, പ്രതിരോധശേഷി, സമ്മർദ നിയന്ത്രണം,

ഉറക്കത്തിന്റെ ഗുണമേന്മ

കുടലിന്റെ ആരോഗ്യം മാനസികാരോഗ്യത്തോടും മസ്തിഷ്‌ക പ്രവർത്തനത്തോടും അടുത്ത ബന്ധമുള്ളതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കുടലിലെ നല്ല ബാക്ടീരിയകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഗട്ട് മൈക്രോബയോമിന്റെ ഗുണനിലവാരം പല ജീവിതശൈലി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.

1. ഭക്ഷണരീതി: ഫൈബർ സമ്പുഷ്ടവും പ്രോബയോട്ടിക് അടങ്ങിയതുമായ ഭക്ഷണം ഉൾപ്പെടുത്തുക, ജങ്ക് ഫുഡ്, അമിത പഞ്ചസാര എന്നിവ കുറയ്ക്കുക
2. ആന്റിബയോട്ടിക് മരുന്നുകൾ: അമിതമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ശരീരത്തിലെ ഗുണകരമായ ബാക്ടീരിയകളെ നശിപ്പിക്കും.
3. മാനസിക സമ്മർദം (Stress): അമിത സമ്മർദം ഗട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
4. ഉറക്കം: ഉറക്കക്കുറവ് മൈക്രോബയോമിന്റെ സമതുലിതാവസ്ഥ തകർക്കാം.
5. വ്യായാമം: സ്ഥിരമായ വ്യായാമം ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
6. പ്രായം: കുഞ്ഞുങ്ങളിൽ നിന്ന് മുതിർന്നവരിലേക്കുള്ള പ്രായമാറ്റം മൈക്രോബയോമിന്റെ വൈവിധ്യത്തെയും അളവിനെയും ബാധിക്കുന്നു.
7. പരിസ്ഥിതി: ശുചിത്വം, മലിനീകരണം, ജീവിതശൈലി തുടങ്ങിയവ ഗട്ട് ആരോഗ്യത്തെ സ്വാധീനിക്കുന്നു.

ആരോഗ്യകരമായ ഗട്ടിന് വേണ്ട ജീവിതശൈലി മാറ്റങ്ങൾ

ഗട്ട് മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ചില ലളിതമായ ജീവിതശൈലി മാറ്റങ്ങൾ സഹായിക്കും:

ഫൈബർ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, പ്രോബയോട്ടിക്, പ്രീബയോട്ടിക് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, മതിയായ ഉറക്കം ഉറപ്പാക്കുക,  സമ്മർദം നിയന്ത്രിക്കുക, അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുക.

ഗട്ട് മൈക്രോബയോം നമ്മുടെ ശരീരത്തിന്റെ നിശബ്ദ രക്ഷകൻ എന്നുതന്നെ വിശേഷിപ്പിക്കാം. ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി ജീവിതത്തിന്റെ പല അടിസ്ഥാന ഘടകങ്ങളിലും ഇത് നിർണായക സ്വാധീനം ചെലുത്തുന്നു. ഫൈബർ സമ്പുഷ്ടമായ ഭക്ഷണക്രമം, മതിയായ വെള്ളം, വ്യായാമം, നല്ല ഉറക്കം, സമ്മർദനിയന്ത്രണം എന്നിവയിലൂടെ ഗട്ട് ആരോഗ്യത്തെ സംരക്ഷിക്കാം. കാരണം നല്ല ഗട്ട് ആരോഗ്യം നല്ല ജീവിതത്തിന്റെ തുടക്കമാണ്. ഗട്ട് മൈക്രോബയോമിനെ ചെറുതായി കാണരുത്. കാരണം ഈ സൂക്ഷ്മജീവികളുടെ ലോകത്തിന് നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.

Content Highlights:
The gut microbiome consists of trillions of microbes that regulate digestion, immunity, and mental health. Consuming dietary fibers and fermented foods balances these good bacteria to prevent chronic metabolic issues. Maintaining a healthy gut through proper sleep and managing stress fundamentally improves overall life quality.

 

Latest