Connect with us

Kerala

ജി എസ് ടി കുടിശ്ശിക: കേന്ദ്ര മന്ത്രിയുടെ വാദം തള്ളി ബാലഗോപാല്‍

ജി എസ് ടി കുടിശ്ശികയുടെ പ്രശ്‌നമല്ല കേരളം ഉന്നയിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നതാണ് പ്രശ്‌നം.

Published

|

Last Updated

തിരുവനന്തപുരം | ജി എസ് ടി കുടിശ്ശിക വിഷയത്തില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ വാദം തള്ളി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജി എസ് ടിയില്‍ കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കൃത്യമായി നല്‍കിയതെന്നും ബാലഗോപാല്‍ പറഞ്ഞു.

ലോക്‌സഭയിലെ എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണ്. ജി എസ് ടി കുടിശ്ശികയുടെ പ്രശ്‌നമല്ല കേരളം ഉന്നയിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നതാണ് പ്രശ്‌നം. 18,000 കോടിയുടെ നഷ്ടമാണ് കേരളത്തിന് ഇതിലൂടെ ഉണ്ടായത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ജി എസ് ടി നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരളം 2017 മുതല്‍ എ ജി സാക്ഷ്യപ്പെടുത്തിയ രേഖകകള്‍ സമര്‍പ്പിക്കാറില്ലെന്നായിരുന്നു നിര്‍മല സീതാരാമന്റെ ആരോപണം. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കുമെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്. അതിന്റെ വിഹിതം കേരളത്തിനും ലഭിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കൊല്ലം എം പി. എന്‍ കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ഇതു സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതു സംബന്ധിച്ച് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും നിര്‍മലസീതാരാമന്‍ എന്‍ കെ പ്രേമചന്ദ്രനോട് പറഞ്ഞു.