Connect with us

Articles

വളര്‍ച്ച സമ്പദ്ഘടനക്കോ വര്‍ഗീയതക്കോ?

ജി ഡി പി വളര്‍ച്ചാ നിരക്ക് 2015-16ല്‍ 8.2 ശതമാനം ആയിരുന്നത് 2016-17ല്‍ 7.1 ശതമാനമായി. 2017-18ല്‍ 6.6 ശതമാനമായി താഴോട്ടുപോയി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ പഠനങ്ങളനുസരിച്ച് യഥാര്‍ഥ വളര്‍ച്ചാ നിരക്ക് 4.5 ശതമാനം മാത്രമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ഗണ്യമായി കുറഞ്ഞത് ഉള്‍പ്പെടെ സമ്പദ്ഘടനയുടെ വളര്‍ച്ചക്കനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യന്‍ സമ്പദ്ഘടന പിന്നോട്ട് അടിയുകയാണുണ്ടായത്.

Published

|

Last Updated

മോദി ഭരണത്തിനു കീഴില്‍ സമ്പദ്ഘടന അഭൂതപൂര്‍വമായ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് എല്ലാവിധ സര്‍വേകളും പറയുന്നത്. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ മൂന്നാം സ്ഥാനത്തെ കുറിച്ചുള്ള അവകാശവാദങ്ങളും വ്യാജ പ്രചാരണങ്ങളുമാണ് ബി ജെ പി സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം സമ്പദ്ഘടനയുടെ തകര്‍ച്ചയുടെയും വര്‍ഗീയവത്കരണത്തിന്റേതും മാത്രമായിരുന്നു.

ജി ഡി പി വളര്‍ച്ചാ നിരക്ക് 2015-16ല്‍ 8.2 ശതമാനം ആയിരുന്നത് 2016-17ല്‍ 7.1 ശതമാനമായി. 2017-18ല്‍ 6.6 ശതമാനമായി താഴോട്ടുപോയി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെ പഠനങ്ങളനുസരിച്ച് യഥാര്‍ഥ വളര്‍ച്ചാ നിരക്ക് 4.5 ശതമാനം മാത്രമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ഗണ്യമായി കുറഞ്ഞത് ഉള്‍പ്പെടെ സമ്പദ്ഘടനയുടെ വളര്‍ച്ചക്കനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യന്‍ സമ്പദ്ഘടന പിന്നോട്ട് അടിയുകയാണുണ്ടായത്. കൊവിഡ്പൂര്‍വ വര്‍ഷമായ 2019 മുതലുള്ള ദേശീയ വളര്‍ച്ചാ നിരക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ ശരിയായ ചിത്രം ലഭിക്കുക. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അതിവേഗം വര്‍ധിക്കുമ്പോഴും ഐ എം എഫിന്റെ കണക്കുകളനുസരിച്ച് വന്‍കിട സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും താഴ്ന്ന പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തെ മറ്റ് രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മളെത്ര താഴെയുള്ള സമ്പദ്ഘടനയാണെന്ന് മനസ്സിലാകുക.

പ്രതിശീര്‍ഷ വരുമാനത്തില്‍ അമേരിക്കയുടേത് ഇന്ത്യയേക്കാള്‍ 30 മടങ്ങ് അധികമാണ്. ചൈനയുടെ പ്രതിശീര്‍ഷവരുമാനം ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ്. ബ്രസീലിന്റേത് നാല് മടങ്ങ് ഇന്ത്യയേക്കാള്‍ കൂടുതലാണ്. ബ്രിട്ടന്റേത് ഇന്ത്യയേക്കാള്‍ 18 മടങ്ങും ജര്‍മനിയുടേത് 20 മടങ്ങും അധികമാണ്. ഏറ്റവും ഒടുവിലത്തെ മോദി സര്‍ക്കാറിന്റെ അവകാശവാദം ജി ഡി പി വളര്‍ച്ചയുടെ ആഗോള റാങ്കിംഗില്‍ ഇന്ത്യ 2029 ആകുമ്പോഴേക്കും അമേരിക്കക്കും ചൈനക്കും പിന്നാലെ മൂന്നാം സ്ഥാനത്തെത്തുമെന്നാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ തന്നെ ഒരിക്കല്‍കൂടി അധികാരത്തിലെത്തിക്കണമെന്നാണ് മോദി വ്യാജ കണക്കുകളും വിവരങ്ങളും അവതരിപ്പിച്ച് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇന്ത്യക്കാരായ 140 കോടി ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

അമേരിക്കക്കാരുടെ ആളോഹരി വരുമാനം 83,000 ഡോളറും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ശരാശരി 56,000 ഡോളറും ആയിരിക്കുമ്പോള്‍ ഇന്ത്യക്കാരുടേത് വെറും 2,600 ഡോളര്‍ മാത്രമാണ്. മാത്രമല്ല ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ ഇന്ത്യ 111ാം സ്ഥാനത്താണ്. സോമാലിയ തുടങ്ങിയ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും അയല്‍ രാജ്യങ്ങളായ പാകിസ്താനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിക്കാരുടെ എണ്ണം കൂടിയ രാജ്യമാണ് ഇന്ത്യയെന്നാണ് ആഗോള പട്ടിണി സൂചിക വ്യക്തമാക്കുന്നത്. ലോകത്തിലേറ്റവും കൂടിയ തൊഴിലില്ലായ്മാ നിരക്കുള്ള രാജ്യമാണ് ഇന്ത്യ.

വികസനത്തെക്കുറിച്ചുള്ള വാചകമടികളല്ലാതെ കാര്‍ഷിക വ്യവസായ മേഖലകളില്‍ ഉത്പാദനപരമായ നിക്ഷേപങ്ങളോ വളര്‍ച്ചയോ ഈ 10 വര്‍ഷക്കാലത്തിനിടയില്‍ ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.

കൃഷിയെ കോര്‍പറേറ്റ്്വത്്കരിക്കാനും ഭക്ഷണത്തെ അഗ്രിബിസിനസ്സ് ആക്കി മാറ്റാനുമുള്ള ഫാം നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ആസിയാന്‍ കരാര്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതി നയങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികോത്പന്നങ്ങളുടെ വിപണി തകര്‍ക്കുകയും കൃഷി അസാധ്യമാകുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയുമാണ്. വിത്തിനും വളത്തിനുമുള്ള സബ്‌സിഡികള്‍ എടുത്തകളഞ്ഞതും നാമമാത്രമാക്കിയതും വൈദ്യുതി വിലക്കയറ്റവുമെല്ലാം കൃഷിക്കാരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വിപണി സംരക്ഷണവും താങ്ങുവിലയും സബ്‌സിഡികളും നിഷേധിക്കപ്പെട്ട ഇന്ത്യന്‍ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുകയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളെ ഉദ്ധരിച്ച് പല ഗവേഷണ സ്ഥാപനങ്ങളും അരമണിക്കൂറില്‍ ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വര്‍ഷംതോറും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോദി പത്ത്വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമ്പോഴേക്കും എത്ര തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന ചോദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍രാഹിത്യത്തിന്റെ നാളുകളില്‍ ഉന്നയിക്കുന്നത് വളരെ പ്രസക്തമാണ്. ആദ്യ സര്‍ക്കാര്‍ ആകെ സൃഷ്ടിച്ചത് 15 ലക്ഷം തൊഴിലുകള്‍ മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2019ലെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനമാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ട് പ്രകാരം 1.25 കോടി വീടുകളില്‍ ഒരാള്‍ക്ക് പോലും സ്ഥിരവരുമാനമില്ല. അസീം പ്രേംജി യൂനിവേഴ്‌സിറ്റിയുടെ പഠനം സൂചിപ്പിക്കുന്നത് യുവാക്കളില്‍ തൊഴിലില്ലായ്മാ നിരക്ക് 16 ശതമാനം ആണെന്നാണ്. ബിരുദധാരികളില്‍ 58.3 ശതമാനവും ബിരുദാനന്തര ബിരുദധാരികളില്‍ 62.4 ശതമാനവും തൊഴില്‍ രഹിതരാണെന്നാണ് ലേബര്‍ ബ്യൂറോ തന്നെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

അധ്യാപകര്‍, പോലീസ് സേന, അംഗന്‍വാടി, തപാല്‍വകുപ്പ്, ആരോഗ്യം, പ്രതിരോധ സേന തുടങ്ങിയ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി 24 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വ്യവസായം, ബേങ്ക്, ഇന്‍ഷ്വറന്‍സ്, സ്‌കൂള്‍, കോളജ് തുടങ്ങിയ എല്ലാ മേഖലകളിലും കരാര്‍വത്കരണം തീവ്രമാക്കിയിരിക്കുന്നു. റെയില്‍വേയിലും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലും സ്വകാര്യവത്കരണം വ്യാപകമായതോടെ ദളിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും തൊഴില്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ്. സംവരണ തത്ത്വങ്ങളും സാമൂഹിക നീതിയും തകര്‍ത്തുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ സ്വകാര്യവത്കരണ നയങ്ങളുടെ ഗതിവേഗം കൂട്ടിയിരിക്കുന്നത്.

ഓരോ വര്‍ഷവും 130 ലക്ഷം പേര്‍ തൊഴില്‍ വിപണിയിലേക്ക് വരുമ്പോള്‍ തൊഴില്‍ ലഭ്യമാകുന്നത് 18 ശതമാനത്തിന് മാത്രമാണ്. ഓരോ വര്‍ഷം കഴിയുന്തോറും തൊഴില്‍ ശക്തിയുടെ പങ്കാളിത്ത നിരക്ക് താഴോട്ട് പോകുകയാണ്. ഐ ടി മേഖലയില്‍ വേതനം വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമായിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്‍ഷികമേഖല ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി കടുത്ത പ്രതിസന്ധിയിലാണ്.

കൃഷി ചെയ്ത് ജീവിക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതു പോലെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദന ചെലവിന്റെ 50 ശതമാനം കൂടി ചേര്‍ത്ത് കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത ബി ജെ പി സര്‍ക്കാര്‍ അതിനെക്കുറിച്ചൊക്കെ ഇപ്പോള്‍ മൗനം പാലിക്കുകയാണ്. കര്‍ഷകന്റെ താങ്ങുവിലയെ രാമഭക്തി ഇളക്കിവിട്ടുകൊണ്ടുള്ള വര്‍ഗീയതയില്‍ മുക്കിക്കളയാനാണ് മോദി സര്‍ക്കാര്‍ നോക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റുകളില്‍ പോലും കര്‍ഷക ആത്മഹത്യ തടയാനാവശ്യമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല. കടങ്ങള്‍ എഴുതിത്തള്ളാനോ താങ്ങുവില ഏര്‍പ്പെടുത്താനോ മോദി സര്‍ക്കാര്‍ തയ്യാറില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രധാനമന്ത്രി സമ്മാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 6,000 രൂപ വരെ ബേങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ ബജറ്റില്‍ ഇതിനായി പണം വകയിരുത്തിയില്ല. ഈ പദ്ധതിക്ക് പ്രതിവര്‍ഷം 75,000 കോടി രൂപ വകയിരുത്തേണ്ട സ്ഥാനത്ത് നാമമാത്രമായ നീക്കിയിരിപ്പ് മാത്രമാണ് നടത്തിയത്. കാര്‍ഷിക തകര്‍ച്ചയും പരമ്പരാഗത തൊഴില്‍ മേഖലകളുടെ തകര്‍ച്ചയും മൂലം ജീവിതം വഴിമുട്ടിയവര്‍ക്കായിട്ടാണ് ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു പി എ സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ ആ പദ്ധതിയെ തന്നെ തകര്‍ക്കുകയാണ്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച 2023-24 ബജറ്റില്‍ അതിനു മുമ്പത്തെ ബജറ്റ് വിഹിതത്തേക്കാള്‍ 20,000 കോടി തൊഴിലുറപ്പ് പദ്ധതിക്ക് കുറക്കുകയാണുണ്ടായത്.

മോദി സര്‍ക്കാറിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരായി അസംഖ്യം സമരങ്ങള്‍ രാജ്യമെമ്പാടും നടന്നിട്ടുണ്ട്. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പുലൈന്‍ വഴി കോര്‍പറേറ്റുകളുടെ കൈകളിലെത്തിച്ചുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച പൊതുമേഖലാ വില്‍പ്പന അതിന്റെ പരമകാംഷ്ഠയില്‍ എത്തിച്ചിരിക്കുന്നു. തുറമുഖങ്ങളും റെയില്‍വേയും എയര്‍പോര്‍ട്ടും ഖനന പദ്ധതികളുമെല്ലാം എന്‍ എം പിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു.

എല്ലാ തലങ്ങളിലും ജനങ്ങളില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒറ്റപ്പെട്ടുപോയ അവസരത്തിലാണ് രാജ്യത്ത് 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ജനകീയ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്ത മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തെ വഴിതെറ്റിക്കാനും സങ്കുചിത ദേശീയ വികാരങ്ങള്‍ ഉണര്‍ത്തിവിടാനുമാണ് ബി ജെ പിയുടെ പ്രചാരകന്മാര്‍ ശ്രദ്ധിച്ചത്. പുല്‍വാമ ഭീകരാക്രമണത്തെയും അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടന്ന ബാലാകോട്ട് ഓപറേഷനെയും ഉപയോഗിച്ച് കടുത്ത ദേശീയവികാരം ഉയര്‍ത്തിയാണ് 17ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മോദി സര്‍ക്കാര്‍ നേരിട്ടത്. മതനിരപേക്ഷ കക്ഷികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശൈഥില്യവും കോര്‍പറേറ്റ് പണം ഉപയോഗിച്ചുകൊണ്ടുള്ള ബി ജെ പിയുടെ ഇടപെടലുമാണ് മോദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചത്. അന്നത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ആസൂത്രണത്തിലും അറിവിലും നടന്ന ഭീകരാക്രമണമായിരുന്നു പുല്‍വാമ എന്ന് കരുതേണ്ടിയിരിക്കുന്നു. നോട്ട് നിരോധനത്തിനെതിരെയും ജി എസ് ടിക്കെതിരെയും കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെയും ഉയര്‍ന്ന ജനരോഷത്തെ മറികടക്കാനാണ് പുല്‍വാമ സൃഷ്ടിച്ചതെന്നാണ് സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

അതായത് സങ്കുചിത ദേശീയ വികാരങ്ങളെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഉത്തേജിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങളിലൂടെയാണ് മോദി രണ്ടാം തവണയും അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയ ഉടനെ തന്നെ നവലിബറല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചത്. ഭരണഘടനക്കും മതനിരപേക്ഷതക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഭരണ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും അസഹിഷ്ണുതയും അക്രമോത്സുകതയും പടരുകയാണ്. കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുകയാണ്. ന്യൂനപക്ഷ വേട്ടകള്‍ പതിവായിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളും ബലാത്സംഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെയും കുടുംബത്തിന്റെയും അനുഭവങ്ങള്‍ രാജ്യ മനസ്സാക്ഷിയെ തന്നെ പിടിച്ചുലച്ചിരിന്നു. ഏറ്റവുമൊടുവില്‍ ബില്‍കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ വെറുതെവിട്ട ബി ജെ പി സര്‍ക്കാറിന്റെ നടപടി റദ്ദുചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ബി ജെ പിക്ക് ശക്തമായൊരു പ്രഹരമായിരുന്നു.

പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് കൊണ്ട് പൗരത്വ നിയമത്തിലും എന്‍ ഐ എ, യു എ പി എ നിയമത്തിലും വരുത്തിയിരിക്കുന്ന ഭേദഗതികള്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ ഒരവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും നിലനില്‍പ്പും സുരക്ഷയും ഉറപ്പുവരുത്താനാകൂ. ഭരണഘടനയുടെ തുല്യനീതിയുടെ തത്ത്വങ്ങളെയും മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങളെയും ലക്ഷ്യംവെച്ചാണ് കേന്ദ്ര സര്‍ക്കാറും ആര്‍ എസ് എസും നീങ്ങുന്നത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള യോജിച്ച പോരാട്ടങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തേണ്ടതുണ്ട്.

 

Latest