Connect with us

Kerala

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

കണ്ണൂര്‍ ജയിലില്‍ തുടര്‍ന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടാകുമെന്ന് പോലീസ്

Published

|

Last Updated

കണ്ണൂര്‍ | ജയില്‍ ചാടിയ ശേഷം പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റാന്‍ തീരുമാനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലേക്കായിരിക്കും മാറ്റം. റിമാന്‍ഡ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയാല്‍ ഇക്കാര്യം പോലീസ് ആവശ്യപ്പെടും. അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കില്‍ നിന്ന് ഇയാള്‍ മതില്‍ ചാടിയ സാഹചര്യത്തില്‍ ഇതേ ജയിലില്‍ വീണ്ടും അടക്കുന്നത് സുരക്ഷാ വീഴ്ച തുടരാന്‍ കാരണമാകുമെന്ന് പോലീസ് കോടതിയെ ബോധ്യപ്പെടുത്തും.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കണ്ണൂര്‍ ജയിലില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ പോലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.