Connect with us

GENDER NEUTRAL UNIFORM

ജെൻഡർ ന്യൂട്രൽ യൂനിഫോം: പൊതു തീരുമാനമെടുക്കില്ല, പ്രോത്സാഹിപ്പിക്കും: ശിവൻകുട്ടി

ലിംഗ സമത്വവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും പ്രോത്സാഹിപ്പിക്കും. അസമത്വം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ലക്ഷ്യം

Published

|

Last Updated

കണ്ണൂർ | ലിംഗ നീതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാറിനെന്നും ബാലുശ്ശേരി മോഡൽ സ്‌കൂളിന്റെ നടപടി സ്വാഗതാർഹമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗ സമത്വവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും പ്രോത്സാഹിപ്പിക്കും. അസമത്വം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ബാലുശ്ശേരി മാതൃക കേരളത്തിലെ എല്ലാ സ്‌കൂളിലും നടപ്പാക്കണമെന്ന പൊതു തീരുമാനം സർക്കാറിനില്ല. അതാത് സ്‌കൂൾ പി ടി എക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇത്തരമൊരു തീരുമാനമെടുക്കാവുന്നതാണ്. പുതിയ കാര്യങ്ങളോട് എതിർപ്പുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.

അതൊക്കെ ചർച്ച ചെയ്ത് പരിഹരിക്കും. ഏത് വസ്ത്രം ധരിക്കുക എന്നത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണ്. മാന്യവും സംസ്‌കാരത്തിന് യോജിച്ചതുമായ വസ്ത്രം ആകണമെന്നേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

നോക്കുകൂലിക്കെതിരെ എല്ലാ ജില്ലയിലും ബോധവത്്കരണം നടത്തും. നോക്കുകൂലി അംഗീകരിക്കില്ല.

മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡുമായി ആലോചിച്ച് സംസ്ഥാനത്ത് യൂബർ, ഓല മാതൃകയിൽ ഓൺലൈൻ ടാക്‌സി പദ്ധതി ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. അർഹത നേടിയ മുഴുവൻ പേർക്കും പ്ലസ് വണിന് സീറ്റ് നൽകുമെന്ന സർക്കാറിന്റെ ഉറപ്പ് പാലിക്കുന്നതിനായി 79 ബാച്ചുകൾ പുതുതായി അനുവദിച്ചു.

ഇതിൽ 30 ബാച്ചുകൾ സയൻസ് വിഭാഗത്തിലാണ്. പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ മലബാറിൽ 79 അധിക ബാച്ചുകൾ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.