Connect with us

Kerala

വര്‍ഗ വഞ്ചകന്‍ വിളി: എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ഥത്തില്‍ വര്‍ഗവഞ്ചകന്‍. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍.

Published

|

Last Updated

ആലപ്പുഴ | തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍ എന്ന് ജി സുധാകരന്‍ എം എല്‍ എ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ഥത്തില്‍ വര്‍ഗവഞ്ചകന്‍. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍.

മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയാമോ? അദ്ദേഹം പറയുന്നത് എന്തെങ്കിലും തിരിയുമോ. ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. കോടാനുകോടി വരുന്ന വിദ്യാസമ്പന്നരും പ്രബുദ്ധരും ഉള്ള ഈ നാട്ടില്‍ ജനങ്ങളോട് സംസാരിക്കാന്‍ ഈ സെക്രട്ടറി കൊള്ളാമോ?സി എച്ച് കണാരന്റെയും എ കെ ജിയുടെയും ഇ എം എസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് താന്‍. അന്ന് ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ ഇന്നുവരെ ഗോവിന്ദനെതിരെ സംസാരിച്ചിട്ടില്ല. അവസാനം കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുകയാണ്. ഒരു കാര്യവും ഇല്ല എന്നെ കുറിച്ച് പറയാന്‍. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അയാളാണ് വര്‍ഗവഞ്ചകന്‍. ഞാന്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല. ഞാന്‍ കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. ഞാന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്- ജി സുധാകരന്‍ പറഞ്ഞു.
ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. കോണ്‍ഗ്രസ് എന്ന ചെളിക്കുണ്ടില്‍ വീണു എന്ന് വേറൊരു പൊളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. ഞാന്‍ ഒരു ചെളിക്കുണ്ടിലും വീണിട്ടില്ല. കോണ്‍ഗ്രസ് ചെളിക്കുണ്ട് ആണെങ്കില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ലീഗും ഡി എം കെയും അടങ്ങുന്ന മുന്നണിയില്‍ അല്ലേ സി പി എമ്മും സി പി ഐയും. രണ്ടും രണ്ടും നാല് പാര്‍ലമെന്റ് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. രാജസ്ഥാനില്‍ ഒരു സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. കേരളത്തില്‍ സ്വന്തം ശക്തിയില്‍ ഒരു സീറ്റാണ് കിട്ടിയത്. അങ്ങനെ ഒറ്റ സീറ്റിലേക്ക് പാര്‍ട്ടിയെ എത്തിച്ച ഗോവിന്ദന് നാണമില്ലേ സംസാരിക്കാന്‍. ആ സ്ഥാനം രാജിവെയ്ക്കണം.

പാര്‍ട്ടിയില്‍ എടുക്കണമെന്ന് ഞാന്‍ അപേക്ഷയൊന്നും കൊടുത്തില്ല. ഞാന്‍ എല്‍ഡി എഫിലും ഇല്ല യു ഡി എഫിലും ഇല്ല. ഞാന്‍ സ്വതന്ത്രനാണ്. മുഖ്യമന്ത്രി സതീശന്റെ നല്ല കാര്യങ്ങളില്‍ ഞാന്‍ നിയമസഭയില്‍ വോട്ട് ചെയ്യും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെ നിയമസഭയില്‍ കെ എന്‍ ബാലഗോപാലന്‍ ശകാരിച്ചു. 66 വര്‍ഷത്തെ പാര്‍ട്ടി പാരമ്പര്യമുള്ള പിണറായി വിജയനെ മൈക്കില്‍ കൂടി നിങ്ങള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൂടെ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ ബാലഗോപാലിനെതിരെ നടപടി എടുക്കേണ്ടേ എന്നും ജി സുധാകരന്‍ ചോദിച്ചു.

 

Content Highlights:
Former minister G Sudhakaran severely criticized CPM state secretary MV Govindan calling him the real class traitor. Sudhakaran slammed Govindan management of the party and demanded his immediate resignation following electoral setbacks. He also pointed out growing internal friction between Chief Minister Pinarayi Vijayan and KN Balagopal.

 

Latest