Ongoing News
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി
കുടുംബാംഗങ്ങളെ നേരിൽ കണ്ട കിരീടാവകാശി അഗാധമായ അനുശോചനം അറിയിച്ചു.
ഫുജൈറ| വാഹനാപകടത്തിൽ മൂന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പ്രവാസി മലയാളി സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ കുടുംബത്തെ സന്ദർശിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും കൊച്ചുമകനുമാണ് അപകടത്തിൽ മരിച്ചത്. കുടുംബാംഗങ്ങളെ നേരിൽ കണ്ട കിരീടാവകാശി അഗാധമായ അനുശോചനം അറിയിച്ചു.
വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേരാണ് മരിച്ചത്. അടുത്തകാലത്ത് യുഎഇയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണിത്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായതായി യുഎഇ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച സ്ഥിരീകരിച്ചു. മരിച്ചവരിൽ 10 പേർ യു എ ഇ സ്വദേശികളും നാലുപേർ ഇന്ത്യക്കാരുമാണ്.
ആദ്യ അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പിന്നാലെയെത്തിയ വാഹനങ്ങൾ ഇടിച്ചുകയറിയാണ് രണ്ടാമത്തെ അപകടമുണ്ടായത്. ആദ്യ അപകടത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.
യുഎഇ സന്ദർശനത്തിനെത്തിയ ഗുജറാത്ത് കുടുംബം മടക്കയാത്രയ്ക്കായി ഫുജൈറ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരനും അപകടത്തിൽ മരിച്ചു.
Content Highlights: Fujairah Crown Prince Sheikh Mohammed bin Hamad Al Sharqi visited bereaved Kerala expat Siddique’s family to offer condolences. Siddique lost his twins and grandson in Thursday’s massive Sheikh Khalifa bin Zayed Road crash that killed 14 people. Four Indians, including three from Malappuram, died.





