Connect with us

Editorial

ഇന്ധനവില: ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലിടരുത്

ഇന്ധന വിലവര്‍ധന പണപ്പെരുപ്പം കുത്തനെ കൂട്ടും. വിലക്കയറ്റം ജനങ്ങളുടെ ക്രയശേഷിയുടെ നല്ല പങ്കും അപഹരിക്കും. ഉപഭോഗ നിലവാരം കുത്തനെ ഇടിയുന്നത് ഉത്പാദന മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കും. ആഗോളതലത്തില്‍ മാന്ദ്യത്തിന്റെ കാലൊച്ച കേള്‍ക്കുന്ന ഘട്ടത്തില്‍ വിപണി ചാഞ്ചാട്ടത്തിന് രാജ്യത്തെ വിട്ടുകൊടുക്കുന്നത് സാമ്പത്തിക വിഡ്ഢിത്തമായിരിക്കും.

Published

|

Last Updated

ജനങ്ങളുടെ മേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വരുത്തിവെച്ച തൊഴില്‍ പ്രതിസന്ധികളുടെയും വരുമാന നഷ്ടങ്ങളുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും നടുവിലേക്കാണ് ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡീസലിനും ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിനുമെല്ലാം വിലവര്‍ധിപ്പിക്കാന്‍ പോകുന്നത്. ഇത്തരമൊരു നീക്കം പരിണഗനയിലില്ലെന്ന് വിവിധ മന്ത്രാലയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും എണ്ണക്കമ്പനികളുടെ അതിശക്തമായ സമ്മര്‍ദത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുമെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ച വിലയിരുത്തലുകളെല്ലാം തുടങ്ങുന്നത് തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിറകേ ഇന്ധനവില വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്നാണ്. എത്ര മോശം പ്രവണതയാണിത്. വോട്ട് വാങ്ങി മെഷീനിലാക്കും വരെ ഈ തീരുമാനം വൈകിപ്പിച്ച് പൗരന്മാരെ കബളിപ്പിക്കുന്ന പരിപാടിയല്ലേ ഇത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്ക ഘട്ടത്തില്‍ എക്സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ നിഷ്‌കര്‍ഷിച്ചില്ല. പകരം എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനുള്ള പദ്ധതിയായി അത് മാറ്റുകയായിരുന്നു.

നിരവധി രാജ്യങ്ങള്‍ ഇന്ധനവില വര്‍ധിപ്പിച്ചുവെന്നതോ ആഗോള വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചുവെന്നതോ സാധാരണ മനുഷ്യരെ ശിക്ഷിക്കാനുള്ള കാരണമായി കാണാനാകില്ല. ക്രൂഡ് വില കുറയുേമ്പോള്‍ ലാഭം കുന്നുകൂട്ടുന്ന കമ്പനികള്‍ എപ്പോഴെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനുള്ള അവസരമായി മാറ്റിയിട്ടുണ്ടോ? ഇപ്പോള്‍ വില വര്‍ധിപ്പിക്കാന്‍ ശഠിക്കുന്ന കമ്പനികള്‍ ആഗോള രംഗത്ത് പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ ഉടനടി വര്‍ധിപ്പിച്ച തുക പിന്‍വലിക്കുമോ? വില കുറഞ്ഞ റഷ്യന്‍ ക്രൂഡ് വന്‍തോതില്‍ സംഭരിച്ച് കയറ്റിയയച്ച് ലാഭം കൊയ്തവരാണ് ഇന്ത്യയിലെ റിഫൈനറികള്‍. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത് വില പിടിച്ചുനിര്‍ത്താനുള്ള വഴി ആരായുക തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷത്തില്‍ ക്രിയാത്മകമായി ഇടപെട്ട് പ്രതിസന്ധി നീക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. യു എസിന്റെ ആജ്ഞകള്‍ക്ക് വഴങ്ങാതെ റഷ്യയുമായും ഇറാനുമായും രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസകരമായ എണ്ണയിടപാടുകള്‍ക്ക് ആര്‍ജവം കാണിക്കുകയും വേണം.

ബംഗാളിലെ വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസം വാണിജ്യ എല്‍ പി ജി സിലിന്‍ഡറിന് 1,000 രൂപക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നു. മറ്റ് മേഖലയില്‍ കൂടി വിലവര്‍ധിപ്പിക്കാതെ വഴിയില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ ചെലവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകാത്തതാണെന്ന ന്യായീകരണമാണ് കേന്ദ്ര ധനമന്ത്രാലയം മുന്നോട്ടുവെക്കുന്നത്. വിതരണ തടസ്സങ്ങള്‍ നേരിടുന്ന സമയത്ത്, ഉപഭോഗം പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന വാദവും ധനമന്ത്രാലയത്തിനുണ്ട്.

വാണിജ്യ എല്‍ പി ജി സിലിന്‍ഡറുകളുടെ വില കുത്തനെ കൂട്ടിയത് റെസ്റ്റോറന്റുകള്‍, റോഡരികിലെ ഭക്ഷണശാലകള്‍, കാറ്റിറിംഗ് ഏജന്‍സികള്‍, ബേക്കറികള്‍, ക്ലൗഡ് കിച്ചണുകള്‍ എന്നിവയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പെട്രോള്‍ വില്‍പ്പനയില്‍ ലിറ്ററിന് 20 രൂപയും ഡീസല്‍ വില്‍പ്പനയില്‍ 100 രൂപയും കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം ജോയിന്റ്്‌സെക്രട്ടറി സുജാത ശര്‍മ കഴിഞ്ഞയാഴ്ച പറഞ്ഞത്. ഏപ്രില്‍ ഒന്നിന് ലഭിച്ച വിവരപ്രകാരം 14.2 കിലോ സിലിന്‍ഡറിന് ഏകദേശം 380 രൂപയുടെ നഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടാകുന്നതത്രേ. പെട്രോള്‍, ഡീസല്‍ വില മാര്‍ക്കറ്റിനെ അടിസ്ഥാനമാക്കി കമ്പനികളാണ് നിശ്ചയിക്കുന്നതെങ്കിലും വിപണിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന പൊതുമേഖലാ കമ്പനികള്‍ സര്‍ക്കാറുമായി ആലോചിച്ചാണ് വില നിശ്ചയിക്കുന്നത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറിന് 40- 50 രൂപ കൂട്ടാനാണ് നീക്കം. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല്- അഞ്ച് രൂപ വരെയും കൂട്ടിയേക്കും. നിലവില്‍ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് ലിറ്ററിന് വില (തിരുവനന്തപുരം). 2022 ഏപ്രില്‍ മുതല്‍ വില മാറ്റമില്ലാതെ നില്‍ക്കുകയാണ്. ക്രൂഡ് ബാരലിന് ശരാശരി 70 ഡോളറുണ്ടായിരുന്നപ്പോഴുള്ള വിലയാണിത്. 114 ഡോളറാണ് കഴിഞ്ഞ ഒരു മാസത്തിനിടയിലെ ശരാശരി വില. ഇന്ധന വിലവര്‍ധന പണപ്പെരുപ്പം കുത്തനെ കൂട്ടും. വിലക്കയറ്റം ജനങ്ങളുടെ ക്രയശേഷിയുടെ നല്ല പങ്കും അപഹരിക്കും. ഉപഭോഗ നിലവാരം കുത്തനെ ഇടിയുന്നത് ഉത്പാദന മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കും. ആഗോളതലത്തില്‍ മാന്ദ്യത്തിന്റെ കാലൊച്ച കേള്‍ക്കുന്ന ഘട്ടത്തില്‍ വിപണി ചാഞ്ചാട്ടത്തിന് രാജ്യത്തെ വിട്ടുകൊടുക്കുന്നത് സാമ്പത്തിക വിഡ്ഢിത്തമായിരിക്കും. ഇന്ധനത്തിന് മേല്‍ ചുമത്തുന്ന നികുതി കുറച്ചും അന്താരാഷ്ട്ര വിലവര്‍ധനയുടെ ആഘാതം പങ്കുവെക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചും ഭാരിച്ച വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യയില്‍ ഇന്ധനവിലയില്‍ കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാന വാറ്റ് നികുതിയുമാണ് പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 19.90 രൂപയും 15.80 രൂപയുമാണ് കേന്ദ്രം ചുമത്തുന്ന തീരുവ. കൂടാതെ, സംസ്ഥാന സര്‍ക്കാറുകള്‍ അവരവരുടെ വാറ്റ് നികുതിയും റോഡ് സെസ്സും ചേര്‍ത്ത് ആകെ ഇന്ധനവിലയുടെ വലിയൊരു ഭാഗം നികുതിയായി ഈടാക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചെവലുകള്‍ക്കാണ് ഈ നികുതിയത്രയും ചെലവഴിക്കുന്നതെന്നത് വാദത്തിനു വേണ്ടി കണക്കിലെടുത്താല്‍പ്പോലും ഇന്ധന വില വര്‍ധനവുണ്ടാക്കുന്ന കെടുതികള്‍ വെച്ചുനോക്കുമ്പോള്‍ നികുതി ആശ്വാസം തന്നെയാണ് ശരിയായ സാമ്പത്തിക തീരുമാനം.

 

---- facebook comment plugin here -----

Latest