Ongoing News
സാമൂഹിക മാധ്യമത്തില്‍ വ്യാജ ഹജ്ജ് സേവന പരസ്യങ്ങള്‍; ആറ് വിദേശികള്‍ അറസ്റ്റില്‍
ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് മക്കയിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വ്യാജ പെര്‍മിറ്റുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി.
ജിദ്ദ | സാമൂഹിക മാധ്യമത്തില്‍ വ്യാജ ഹജ്ജ് സേവന പരസ്യങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആറ് ഇന്തോനേഷ്യന്‍ പൗരന്മാരെ മക്കയിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വ്യാജ പെര്‍മിറ്റുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി.
ഹജ്ജ് അനുമതിപത്രമില്ലാതെ വ്യക്തികള്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള പരിശോധനകള്‍ സുരക്ഷാ സേന തുടരുകയാണ്. നിയമലംഘകരും സൗകര്യമൊരുക്കുന്നവരും അറസ്റ്റും നിയമപരമായ ശിക്ഷകളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
മറ്റൊരു സംഭവത്തില്‍ ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പതിനേഴ് പാകിസ്ഥാന്‍ പൗരന്മാരെ താഴ്വരകളിലൂടെ കടത്തിക്കൊണ്ടുപോയി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രണ്ട് സ്വദേശികളെയും ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി
ഹജ്ജ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും, നിയമലംഘകരെ കുറിച്ച് മക്ക, റിയാദ്, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലോ, രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളില്‍ നിന്ന് 999 എന്ന നമ്പറിലോ വിളിച്ച് റിപോര്‍ട്ട് ചെയ്യണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അഭ്യര്‍ഥിച്ചു.

