Kerala
പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന്
വൈകിട്ട് മൂന്നിന് മീനച്ചില്‍ പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
കോട്ടയം | പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിന് മീനച്ചില്‍ പാലാക്കാട് ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി പാലാക്കാടുള്ള വീട്ടില്‍ എത്തിച്ചു. നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും നാട്ടുകാരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കാറപകടത്തില്‍ പരുക്കേറ്റ് മാസങ്ങളോളമായി ചികിത്സയിലായിരുന്ന ഡിജോ കാപ്പന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതിയോടെ നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കലക്ടര്‍, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയായ ഡിജോ കാപ്പന്‍ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന സ്ഥാപനവും പ്രാവര്‍ത്തികമാക്കി. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹത്തിന് അപകടത്തില്‍ പരുക്കേറ്റത്.


