Connect with us

Qatar

നവംബര്‍ ഒന്നുമുതല്‍ ഖത്വറില്‍ സന്ദര്‍ശക വിസയില്‍ പ്രവേശനം ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം

ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് ഉള്ളവര്‍ക്കാണ് ഹയ്യ കാര്‍ഡ് ലഭ്യമാകുക.

Published

|

Last Updated

ദോഹ  | സ്വദേശികള്‍ക്കും താമസ രേഖകളുള്ളവര്‍ക്കും നിര്‍ബാധം യാത്ര ചെയ്യാമെങ്കിലും ഖത്വറില്‍ പ്രവേശിക്കാന്‍ എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് അല്‍ഖാസ് ടി വിയുമായുള്ള അഭിമുഖത്തില്‍ ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരി അറിയിച്ചു.

ഹയ്യ കാര്‍ഡ് ലഭിച്ചവര്‍ക്ക് 2023 ജനുവരി 23 വരെ ഖത്വറില്‍ താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുക. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് ഉള്ളവര്‍ക്കാണ് ഹയ്യ കാര്‍ഡ് ലഭ്യമാകുക. ഹയ്യ കാര്‍ഡ് ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനയും ലോകകപ്പ് ടിക്കറ്റുണ്ടായിരിക്കുകയെന്നതാണ്. ഫിഫ ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ കളി കാണാനെത്തുന്നവര്‍ക്ക് പുറമേ മറ്റു സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ലോകകപ്പ് ടിക്കറ്റ് വാങ്ങുകയും താമസം ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം ഹയ്യാ കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. താത്പര്യമുള്ള കളി മാത്രം കാണാനെത്തുന്ന അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മത്സരശേഷം അന്നുതന്നെ തിരിച്ചു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു