From the print
സൗജന്യ യാത്ര സ്ത്രീകളോടുള്ള ആദരവ്; പുരുഷന്മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി
ഒരു വര്‍ഷം ഏകദേശം 800 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം | പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി കോംപ്ലക്സില്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദര്‍ശിനി പദ്ധതി സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതി നടപ്പാകുന്നതോടെ പ്രതിമാസ യാത്രാചെലവില്‍ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വര്‍ഷം ഏകദേശം 800 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്കെതിരായ മെന്‍സ് അസ്സോസിയേഷന്റെ പ്രതിഷേധം രസകരമായി തോന്നിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാനൊരു പുരുഷ വിരോധിയൊന്നുമല്ല. പക്ഷേ സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ നേരെ വീട്ടിലെത്തും. എന്നാല്‍ പുരുഷന്മാരാണെങ്കില്‍ കുറച്ചുപേര്‍ മാത്രമേ ഈ പൈസ വീട്ടില്‍ കൊടുക്കൂ. ബാക്കി തുക എവിടെപ്പോകും? അത് പലവഴിക്ക് തിരിഞ്ഞ് ഒടുവില്‍ സര്‍ക്കാറിന് തന്നെ നികുതിയായി തിരികെ കിട്ടുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. അതേസമയം, സ്വകാര്യ സര്‍വീസുകള്‍ ഇനി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണെന്നും അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് മുന്നോട്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുനല്‍കും. ഇതിനായി സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ചുള്ള സംവിധാനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എതിരെ ഹൈക്കോടതിയില്‍ ഹരജി
കൊച്ചി | കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി ഭരണഘടനാ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി തമ്മനം സ്വദേശി ഫിര്‍ദൗസ്, പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ആവശ്യമായ സാമ്പത്തിക പ്രത്യാഘാത പഠനങ്ങളോ വിലയിരുത്തലുകളോ നടത്താതെ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതിയുടെ തുടര്‍നടപടികള്‍ കേസ് തീര്‍പ്പാകുന്നത് വരെ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
സിറ്റി ഫാസ്റ്റ് സര്‍വീസുകളില്‍ സൗജന്യമില്ല
തിരുവനന്തപുരം | പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി ഓര്‍ഡിനറി വിഭാഗം ബസുകള്‍ക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകളില്‍ ഈ ആനുകൂല്യമില്ലെന്നും കെ എസ് ആര്‍ ടി സി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓര്‍ഡിനറി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്.
പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെട്ട ഓര്‍ഡിനറി ബസുകളുടെയും ഉള്‍പ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുന്‍വശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. തിരുവനന്തപുരം നഗരത്തിലാണ് സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ വ്യാപകമായി സര്‍വീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് താരതമ്യേന സ്റ്റോപ്പുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. 2022 ഏപ്രില്‍ 30ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് 12 രൂപയാണ് കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയും ഈടാക്കും.
എന്നാല്‍, സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്. സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പ്രത്യേക നിരക്കും ക്ലാസ്സുമുള്ളതിനാല്‍ ഓര്‍ഡിനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.







