Connect with us

job scam

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിന്‍ഷക്ക് റെയില്‍വേ ജീവനക്കാരുടെ സഹായവും

ബിന്‍ഷയെ കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ഇവര്‍ കോട്ടയം സ്വദേശിയാണെന്ന് സൂചന ലഭിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയ സംഭവത്തില്‍ പിടിയിലായ ബിന്‍ഷക്ക് റെയില്‍വേ ജീവനക്കാരുടെ സഹായം ലഭിച്ചതായി സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ഇരിട്ടി ചരള്‍ സ്വദേശി ബിന്‍ഷ ഐസക്കി(28)നെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം പുറത്ത് വന്നത്. തട്ടിപ്പ് നടത്താന്‍ ബിന്‍ഷയുമായി അടുത്ത ബന്ധമുള്ള റെയില്‍വേ ജീവനക്കാര്‍ സഹായിച്ചതായി പോലീസ് ചോദ്യം ചെയ്യലില്‍ ബിന്‍ഷ പറഞ്ഞതായാണ് സൂചന. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളവര്‍ തട്ടിപ്പിന് ഇരയായതായും സൂചനയുണ്ട്.

ബിന്‍ഷ പിടിയിലായതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാസ്‌ക്കറ്റ്‌ബോള്‍ താരമായ ബിന്‍ഷക്ക് റെയില്‍വേയില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍, കുറച്ച് ദിവസം മുമ്പ് ഈ ജോലി നഷ്ടപെട്ടു. റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച ബിന്‍ഷ ജോലി നഷ്ടപെട്ട വിവരം ഭര്‍ത്താവിനോട് പോലും അറിയിച്ചിരുന്നില്ല. പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയത്. അപേക്ഷ നല്‍കുന്നതിന് 15,000, പരീക്ഷാ ഫീസായി പതിനായിരം, യൂണിഫോമിന് 5,000, ജോലിയില്‍ ചേര്‍ന്നാല്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15,000 എന്നിങ്ങനെ ഇനം പറഞ്ഞ് പണം വാങ്ങുകയായിരുന്നു.

ബിന്‍ഷക്ക് പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരും ഇരിട്ടി സ്വദേശിനിയാണെന്നായിരുന്നു പോലീസ് വിചാരിച്ചിരുന്നത്. എന്നാല്‍, ബിന്‍ഷയെ കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ഇവര്‍ കോട്ടയം സ്വദേശിയാണെന്ന് സൂചന ലഭിച്ചത്. ഇവരെ തേടി പോലീസ് കോട്ടയത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുവെന്ന് പോലീസ് പറഞ്ഞു

---- facebook comment plugin here -----

Latest