National
കള്ളപ്പണം വെളുപ്പിക്കല്‍; ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ കുറ്റവിമുക്തൻ
ഇതേ വിഷയത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ പശ്ചാതലത്തിലാണ് പ്രത്യേക കോടതി ജഡ്ജി രാജീവ് ഗോയല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കേസ് അവസാനിപ്പിച്ച് ഉത്തരവിട്ടത്
ന്യൂഡല്‍ഹി | ഹരിയാനയിലെ പഞ്ച്കുലയിലെ പ്ലോട്ട് പുനര്‍നിർമിച്ചതുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെയും (എ ജെ എല്‍) പഞ്ച്കുലയിലെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഇതേ വിഷയത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ പശ്ചാതലത്തിലാണ് പ്രത്യേക കോടതി ജഡ്ജി രാജീവ് ഗോയല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കേസ് അവസാനിപ്പിച്ച് ഉത്തരവിട്ടത്.
കേസില്‍ ഹൂഡക്കും മറ്റുള്ളവര്‍ക്കുമെതിരെ കുറ്റം ചുമത്തിയ പ്രത്യേക സി ബി ഐ കോടതിയുടെ 2021 ലെ ഉത്തരവ് പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ ഫെബ്രുവരി 25ന് റദ്ദാക്കിയിരുന്നു. 1982ല്‍ പഞ്ച്കുലയില്‍ എ ജെ എല്ലിന് കുറഞ്ഞ വിലക്ക് ഒരു പ്ലോട്ട് നല്‍കിയിരുന്നു. നിർമാണം പൂര്‍ത്തിയാകാത്തതിനാല്‍ 1992ല്‍ അലോട്ട്മെന്റ്റദ്ദാക്കി. പിന്നീട് 2005ല്‍ ഹൂഡയുടെ ഭരണകാലത്ത്, പ്ലോട്ട് യഥാർഥ വിലയും പലിശയും ചേര്‍ത്ത് എ ജെ എല്ലിന് തിരികെ നല്‍കുകയായിരുന്നു. 2016ല്‍, ഇത് സര്‍ക്കാറിന് നഷ്ടം വരുത്തിയെന്ന് ആരോപിച്ച് അന്വേഷണം ആരംഭിച്ചു. സി ബി ഐ കേസ് ഫയല്‍ ചെയ്തു. പിന്നീട് ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരംഭിക്കുകയായിരുന്നു.





