Kerala
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പണപ്പിരിവ്; കോണ്‍ഗ്രസ്സ് പുറത്തുവിട്ടത് കള്ളക്കണക്കെന്ന് എം സ്വരാജ്
പ്രത്യേക ആപ്പുള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തി പിരിച്ചത് വെറും അഞ്ചുകോടി രൂപയാണെന്നാണ് കോണ്‍ഗ്രസ്സ് അവകാശപ്പെടുന്നത്. ഇനിയും പണം പിരിക്കുമെന്നും പറയുന്നുണ്ട്. പത്തുദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് പറഞ്ഞ വീടുപണിക്ക് ഏതു പണമാണ് ചെലവഴിക്കുക?'
കൊച്ചി | മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പണപ്പിരിവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പുറത്തുവിട്ടത് കള്ളക്കണക്കാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രത്യേക ആപ്പുള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തി പിരിച്ചത് വെറും അഞ്ചുകോടി രൂപയാണെന്നാണ് കോണ്‍ഗ്രസ്സ് അവകാശപ്പെടുന്നത്. ഇനിയും പണം പിരിക്കുമെന്നും പറയുന്നുണ്ട്. പത്തുദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് പറഞ്ഞ വീടുപണിക്ക് ഏതു പണമാണ് ചെലവഴിക്കുകയെന്ന് സ്വരാജ് ചോദിച്ചു.
വലിയ രാഷ്ട്രീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഡി വൈ എഫ് ഐ എന്ന യുവജന സംഘടനയുടെ പ്രവര്‍ത്തനശേഷി പോലുമില്ല. വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പര നടത്താനും പണം കൊള്ളയടിക്കാനുമാണ് കോണ്‍ഗ്രസ്സിന്റെ നീക്കമെന്നും സ്വരാജ് ആരോപിച്ചു.
ദുരന്തബാധിതര്‍ക്കായി പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ച് എതിര്‍ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരുന്നു. അപ്പോഴൊന്നും കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കണക്കുമായി കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ആകെ 5,38,21,632 രൂപയാണ് ലഭിച്ചതെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്.



