Connect with us

International

ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം; യു കെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ നടപടി

യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍ ഡോ. ചിരാഗ് പട്ടേലിനെയാണ് മെഡിക്കല്‍ പ്രാക്ടീസില്‍ നിന്ന് എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്

Published

|

Last Updated

വെയില്‍സ് | ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ചട്ടവിരുദ്ധമായി വേദനസംഹാരികള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ പ്രശസ്ത ന്യൂറോ സര്‍ജനെതിരെ യു കെ യില്‍ നിയമ നടപടി. യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍ ഡോ. ചിരാഗ് പട്ടേലിനെയാണ് മെഡിക്കല്‍ പ്രാക്ടീസില്‍ നിന്ന് എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഡോക്ടര്‍ കുറ്റം ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്തതിനാല്‍ ഡോക്ടറുടെ ലൈസന്‍സ് പൂര്‍ണ്ണമായി റദ്ദാക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചില്ല.

യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു ഡോ. ചിരാഗ് പട്ടേല്‍. 2019 ഫെബ്രുവരിയില്‍ നട്ടെല്ലിലെ ഡിസ്‌കിന് തകരാര്‍ സംഭവിച്ച യുവതിയെ ഡോ. ചിരാഗ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് 2019 ഓഗസ്റ്റിലും 2021 ഡിസംബറിലും ഇവര്‍ക്ക് മറ്റ് ശസ്ത്രക്രിയകളും നടത്തി. ആദ്യ ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെയാണ് ഡോക്ടറും യുവതിയും തമ്മില്‍ ശാരീരിക ബന്ധം ആരംഭിക്കുന്നത്. രോഗിക്ക് വേദന സംഹാരിയായ മയക്കു മരുന്നുകളോട് അഡിക്ഷനുള്ളതായി മനസിലാക്കിയ ഡോക്ടര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇവര്‍ക്ക് മോര്‍ഫിന്‍ സള്‍ഫേറ്റ് അടക്കമുള്ള ശക്തമായ ഒപ്പിയോയിഡ് വേദനസംഹാരികള്‍ നല്‍കിയെന്നു കണ്ടെത്തി.

ഏകദേശം 2023 ജനുവരി വരെ ഈ ബന്ധവും മയക്കുമരുന്ന് നല്‍കലും തുടര്‍ന്നു. ഈ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും രോഗിയുടെ ഔദ്യോഗിക മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2023 ഫെബ്രുവരിയോടെ ഇവര്‍ തമ്മിലുള്ള ബന്ധം വഷളാകുകയും സ്ത്രീ ഈ വിവരങ്ങള്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ആരോഗ്യ ബോര്‍ഡിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിചാരണക്കിടെ ഡോ. ചിരാഗ് പട്ടേല്‍ താന്‍ ചെയ്ത തെറ്റുകള്‍ സമ്മതിച്ചു. രോഗിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും സമ്മതിച്ചു. തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സമയത്താണ് ഈ ബന്ധം തുടങ്ങിയതെന്നും പിന്നീട് ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കരിയറും കുടുംബവും തകര്‍ക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായും ഡോക്ടര്‍ വാദിച്ചു.

ബ്ലാക്ക്‌മെയിലിംഗിന് ഇരയായതിനാലാണ് ബന്ധം തുടര്‍ന്നതെന്നും ഭയം കാരണമാണ് മയക്കുമരുന്നുകള്‍ നല്‍കിയതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഡോക്ടറുടെ ലൈസന്‍സ് പൂര്‍ണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ പ്രവൃത്തി പ്രൊഫഷണല്‍ പദവിയുടെ ദുരുപയോഗമാണെന്നും രോഗിയുടെ സുരക്ഷയോട് കാണിച്ച ഗുരുതരമായ അനാസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഡോക്ടര്‍ തന്റെ തെറ്റുകള്‍ തുറന്നുസമ്മതിച്ചതും ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചതും കണക്കിലെടുത്ത ട്രിബ്യൂണല്‍, ലൈസന്‍സ് റദ്ദാക്കുന്നതിന് പകരം എട്ട് മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest